നാലുദിവസം വീടിന് പുറത്തിറങ്ങാനായില്ല, ഇന്റിമേറ്റ് സീൻ ലീക്കായപ്പോൾ അനുഭവിച്ചത് വലിയ മാനസികാഘാതം; രാധിക ആപ്‌തെ

പ്രശ്‌നം എന്തെന്നാൽ, ഇത്തരം കാര്യങ്ങളുടെ ആഘാതം വളരെ വേഗത്തിൽ നമ്മുടെ വ്യക്തിജീവിതത്തെയും വീടിനെയും ബാധിച്ചേക്കാം. ആർക്കെങ്കിലും അതുകണ്ട് അനിഷ്ടം തോന്നിയാൽ അവർ നിങ്ങളുടെ വീടിനു മുന്നിലെത്തി ഡോർബെൽ അടിക്കാൻ സാധ്യതയുണ്ട്.

നാലുദിവസം വീടിന് പുറത്തിറങ്ങാനായില്ല, ഇന്റിമേറ്റ് സീൻ ലീക്കായപ്പോൾ അനുഭവിച്ചത് വലിയ മാനസികാഘാതം; രാധിക ആപ്‌തെ
dot image

സിനിമാ ചിത്രീകരണത്തിനിടെയുള്ള സ്വകാര്യ രംഗങ്ങൾ ചോർന്നതിനെത്തുടർന്ന് താൻ നേരിട്ട കടുത്ത മാനസികസമ്മർദ്ദത്തെയും ഭയത്തെയും കുറിച്ച് വെളിപ്പെടുത്തി പ്രമുഖ നടി രാധിക ആപ്തെ. സംഭവം നടന്ന് നാല് ദിവസത്തോളം വീടിന് പുറത്തിറങ്ങാൻ പോലും കഴിയാത്ത അവസ്ഥയിലായിരുന്നു താനെന്ന് രാധിക ആപ്തെ പറയുന്നു. ഇന്ത്യാ ടുഡേയ്ക്ക് നൽകിയ അഭിമുഖത്തിലായിരുന്നു പ്രതികരണം.

ഇന്റിമേറ്റ് രംഗങ്ങളിൽ അഭിനയിക്കുമ്പോൾ അഭിനേതാക്കൾ അഭിമുഖീകരിക്കുന്ന വെല്ലുവിളികളെക്കുറിച്ച് സംസാരിക്കവേയാണ് താരം തന്റെ= അനുഭവം പങ്കുവെച്ചത്. 'അത്തരം രംഗങ്ങൾ ചെയ്യുന്നതിനെക്കുറിച്ച് ഞങ്ങൾ സംസാരിക്കുകയായിരുന്നു. എന്നാൽ ഞാൻ ചെയ്ത ഒരു ഇന്റിമേറ്റ് സീൻ ലീക്കായപ്പോൾ, നാലുദിവസത്തോളം എനിക്ക് വീടിന് പുറത്തിറങ്ങാൻ പോലും കഴിയാത്ത അവസ്ഥയുണ്ടായി. പ്രശ്‌നം എന്തെന്നാൽ, ഇത്തരം കാര്യങ്ങളുടെ ആഘാതം വളരെ വേഗത്തിൽ നമ്മുടെ വ്യക്തിജീവിതത്തെയും വീടിനെയും ബാധിച്ചേക്കാം.

ആർക്കെങ്കിലും അതുകണ്ട് അനിഷ്ടം തോന്നിയാൽ അവർ നിങ്ങളുടെ വീടിനു മുന്നിലെത്തി ഡോർബെൽ അടിക്കാൻ സാധ്യതയുണ്ട്. അതുകൊണ്ട്, ഇതത്ര എളുപ്പമുള്ള കാര്യമല്ല; കാര്യങ്ങൾ അതിലേറെ സങ്കീർണ്ണമാണ്. എന്റെ സ്‌റ്റൈലിസ്റ്റിന്റെ ഡ്രൈവർ ആ വീഡിയോ ക്ലിപ്പ് വീണ്ടും വീണ്ടും കാണുകയും, 'നിങ്ങൾ അവളുടെ വീട്ടിലേക്കാണോ പോകുന്നത്?' എന്ന് അവരോട് ചോദിച്ചുകൊണ്ടിരിക്കുകയും ചെയ്ത കാര്യം എനിക്കോർമ്മയുണ്ട്. എന്റെ വീടിന്റെ വാച്ച്മാനും അത് കണ്ടിരുന്നു. ഇത്തരം കാര്യങ്ങൾ സംഭവിക്കാൻ തുടങ്ങിയപ്പോൾ, അതൊക്കെ കൈകാര്യം ചെയ്യുക വളരെ ബുദ്ധിമുട്ടായിത്തീർന്നു', രാധിക പറയുന്നു.

തുടർന്ന് അപ്പാർട്ട്‌മെന്റിൽ ഒറ്റയ്ക്ക് താമസിച്ചിരുന്ന താരം തന്റെ ജീവനക്കാരുമായി വിഷയം തുറന്നുസംസാരിക്കുകയായിരുന്നു. വീഡിയോ കണ്ടതിനുശേഷവും ഒപ്പം നിൽക്കാൻ തയ്യാറാണെങ്കിൽ മാത്രം ജോലിയിൽ തുടർന്നാൽ മതിയെന്നും, അല്ലാത്തപക്ഷം പിരിഞ്ഞുപോകാമെന്നും ഡ്രൈവറോടും സെറ്റിലെ സഹായിയോടും പറഞ്ഞു. എന്നാൽ തനിക്കൊപ്പം ഉറച്ചുനിൽക്കുമെന്നും പൂർണ്ണ സംരക്ഷണം നൽകുമെന്നും അവർ ഉറപ്പുനൽകിയതായി രാധിക ഓർത്തെടുത്തു.

2005-ൽ സിനിമാരംഗത്തെത്തിയ രാധിക ആപ്തെ ബംഗാളി, ഹിന്ദി, മറാത്തി, തെലുഗു, തമിഴ്, മലയാളം, ഇംഗ്ലീഷ് ഭാഷകളിൽ ശ്രദ്ധേയമായ വേഷങ്ങൾ ചെയ്തിട്ടുണ്ട്. ഫഹദ് ഫാസിൽ നായകനായ 'ഹരം' എന്ന ചിത്രത്തിലൂടെയാണ് താരം മലയാളത്തിലേക്ക് എത്തിയത്.

Content Highlights: Actress Radhika Apte has spoken about the challenges she faced after an intimate scene from her work was leaked online. She shared her experience of dealing with the incident and its impact during that phase of her career.

dot image
To advertise here,contact us
dot image