

തിരുവനന്തപുരം: വിവാദങ്ങള്‍ക്കിടെ മന്ത്രിമാരുടെ വിദേശയാത്ര തുടരും. നാല് മന്ത്രിമാരും ചീഫ് വിപ്പും വിദേശയാത്രക്കൊരുങ്ങുകയാണ്. ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി എം ജോണ്‍, ജലവകുപ്പ് മന്ത്രി മോന്‍സ് ജോസഫ്, ചീഫ് അപു ജോസഫ് എന്നിവര്‍ യൂറോപ്പിലേക്കും വൈദ്യുത മന്ത്രി സണ്ണി ജോസഫ്, റവന്യൂ വകുപ്പ് മന്ത്രി എ പി അനില്‍ കുമാര്‍ എന്നിവര്‍ ഗള്‍ഫ് രാജ്യങ്ങളിലേക്കുമാണ് പോകുന്നത്.
ഇറ്റലിയിലേക്കും സ്‌പെയിനിലേക്കുമാണ് റോജി എം ജോണിന്റെ ആറ് ദിവസത്തെ യാത്ര. ഒക്ടോബര്‍ 16 മുതല്‍ 23 വരെ മന്ത്രി വിദേശയാത്രയിലായിരിക്കും. 16-ാം തീയതി മുതല്‍ 19-ാം തീയതി വരെ സ്‌പെയിനിലെ മാഡ്രിഡും ബാര്‍സലോണയും സന്ദര്‍ശിക്കും. 20 മുതല്‍ 22 വരെ ഇറ്റലിയിലെ റോമില്‍ കാത്തലിക്ക് കോണ്‍ഗ്രസ് ഗ്ലോബല്‍ മീറ്റിലും പങ്കെടുക്കും. യാത്രാ ചെലവ് മന്ത്രി സ്വയം വഹിക്കുമെന്നാണ് അപേക്ഷയിലുള്ളത്.
ഒക്ടോബര്‍ 17 മുതല്‍ 25 വരെയാണ് മന്ത്രി മോന്‍സ് ജോസഫിന്റെ ഇറ്റലിയിലേക്കുള്ള യാത്ര. കാത്തലിക്ക് കോണ്‍ഗ്രസ് ഗ്ലോബല്‍ മീറ്റില്‍ പങ്കെടുക്കും. സമാന പരിപാടിയില്‍ പങ്കെടുക്കാനാണ് മോന്‍സ് ജോസഫും ഇറ്റലിയിലേക്ക് പറക്കുന്നത്. ഇന്‍കാസിന്റെ ഓണാഘോഷത്തില്‍ പങ്കെടുക്കാനാണ് സണ്ണി ജോസഫും എ പി അനില്‍ കുമാറും ഗള്‍ഫിലേക്ക് പോകുന്നത്. നേരത്തെ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല, തദ്ദേശ വകുപ്പ് മന്ത്രി കെ എം ഷാജി, കായിക മന്ത്രി ഒ ജെ ജനീഷ്, റവന്യൂ മന്ത്രി പി സി വിഷ്ണുനാഥ് എന്നിവര്‍ നടത്തിയ വിദേശ യാത്ര വിവാദമായിരുന്നു.
അതേസമയം മന്ത്രിമാര്‍ ഗള്‍ഫില്‍ പോയതില്‍ എന്താണ് വാര്‍ത്ത എന്നായിരുന്നു മുഖ്യമന്ത്രി ഇക്കാര്യത്തില്‍ തീര്‍ത്ത പ്രതിരോധം. 'ഞാനാണ് പറഞ്ഞത് നിങ്ങള്‍ പോയി വാ എന്ന്. പല സ്ഥലത്തും പോയി പരിപാടികളിലൊക്കെ പങ്കെടുത്ത് ലോകരാജ്യങ്ങളില്‍ നടക്കുന്നതൊക്കെ കണ്ടുവരട്ടെയെന്നെ. നമുക്ക് ഒരുപാട് കാര്യങ്ങള്‍ ഇവിടെ ചെയ്യാനുണ്ട്. യാത്ര സംബന്ധിച്ച് മുഖ്യമന്ത്രിയുടെ അടുത്ത് അപേക്ഷ വരുമ്പോള്‍ ചെലവ് ഉണ്ടോയെന്നാണ് ഞാന്‍ നോക്കുന്നത്. ചെലവില്ല. ചില സ്ഥാനങ്ങളില്‍ ഇരിക്കുമ്പോള്‍ നമ്മള്‍ കൊടുക്കുന്ന ചില സന്ദേശങ്ങള്‍ ഉണ്ട്. ഏതെങ്കിലും മന്ത്രിമാരെ അവരുടെ സുഹൃത്തുക്കളോ സംഘടനകളോ പരിപാടിക്ക് ക്ഷണിക്കുമ്പോള്‍ ടിക്കറ്റ് എടുത്തൂവെന്ന് വെച്ച് ആകാശം ഇടിഞ്ഞ് വീഴില്ല. സര്‍ക്കാരിന്റെ കയ്യില്‍ നിന്നും ഔദാര്യം കൈപ്പറ്റാന്‍ എന്നും വി ഡി സതീശന്‍ പരിഹസിച്ചു. നേരത്തേയും മറ്റു മന്ത്രിമാര്‍ ഔദ്യോഗിക ചെലവില്‍ അല്ലാതെ പോയിട്ടുണ്ട്. പേര് പറയുന്നില്ല', എന്നായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം.
Content Highlights: Four Kerala ministers and the Chief Whip are preparing for foreign trips as ministers continue overseas travel amid ongoing controversies