

2026-27 വർഷത്തെ സീസണൽ ഇൻഫ്ലുവൻസ് (ഫ്ലു) പ്രതിരോധ കുത്തിവെയ്പ് ക്യാമ്പയിനിൽ യുഎഇ ആരോഗ്യ അധികൃതർ പുതിയ മുൻഗണനാ വിഭാഗങ്ങളെ ഉൾപ്പെടുത്തി. സ്കൂൾ വിദ്യാർത്ഥികളെയും ഹജ്ജ്, ഉംറ തീർഥാടകരെയുമാണ് ഇത്തവണ മുൻഗണനാ പട്ടികയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
ഗർഭിണികൾ, ആറുമാസം പ്രായമായ കുഞ്ഞുങ്ങൾ, സ്കൂൾ വിദ്യാർത്ഥികൾ, പ്രായമായ ആളുകൾ, വിട്ടുമാറാത്ത ആരോഗ്യപ്രശ്നമുള്ളവർ, ആരോഗ്യപ്രവർത്തകർ, ഹജ്ജ്, ഉംറ തീർത്ഥാടകർ എന്നിവരാണ് മുൻഗണനാ വിഭാഗത്തിൽ ഉൾപ്പെടുന്നത്. ‘ഇൻഫ്ലുവൻസയും സീസണൽ ശ്വാസകോശ രോഗങ്ങളും (Influenza and Seasonal Respiratory Diseases)‘ എന്ന ബോധവൽകരണ ക്യാമ്പയിൻ ഉദ്ഘാടനം ചെയ്ത ചടങ്ങിലാണ് പുതിയ പ്രഖ്യാപനം നടന്നത്. രാജ്യത്തെ ആരോഗ്യ കേന്ദ്രങ്ങളിലേക്ക് വാക്സിനുകൾ ഇതിനകം വിതരണം ചെയ്തതായി അധികൃതർ പറഞ്ഞു. സ്കൂളുകളിലും വാക്സിൻ സേവനങ്ങളും ബോധവൽക്കരണ പരിപാടികളും നടന്നു വരികയുമാണ്. കൂടാതെ രാജ്യത്തെ 102 ആരോഗ്യ കേന്ദ്രങ്ങളിലുമുള്ള എല്ലാ ഇഎച്ച്എസ് സ്ഥാപനങ്ങളിലും ഫ്ലൂ വാക്സിൻ ലഭ്യമാണെന്നും എമിറേറ്റ്സ് ഹെൽത്ത് സർവീസസ് (ഇഎച്ച്എസ്) അറിയിച്ചു.
ഈ വർഷത്തെ ക്യാമ്പയിനിൽ ഇൻഫ്ലുവൻസയ്ക്ക് പുറമെ ശൈത്യകാലത്ത് വ്യാപകമാകുന്ന മറ്റ് ശ്വാസകോശ രോഗങ്ങളായ റെസ്പിറേറ്ററി സിൻസിറ്റിയൽ വെെറസ് (ആർഎസ് വി)(Respiratory Syncytial Virus (RSV), ന്യൂമോണിയ എന്നിവയെയും കേന്ദ്രീകരിച്ചാണെന്നും അധികൃതർ വ്യക്തമാക്കി. ഉയർന്ന അപകടസാധ്യതയുള്ള വിഭാഗങ്ങളിൽപ്പെടുന്ന യുഎഇ പൗരന്മാർക്കും താമസക്കാർക്കും ഫ്ലൂ വാക്സിൻ സൗജന്യമായി ലഭിക്കുമെന്ന് ആരോഗ്യ പ്രതിരോധ മന്ത്രാലയത്തിലെ പൊതുജനാരോഗ്യ, പ്രതിരോധ വിഭാഗം ഡയറക്ടർ ഡോ നദ അൽ മർസൂഖി പറഞ്ഞു. മുൻഗണനാ വിഭാഗത്തിൽപ്പെടാത്തവർക്ക് കുറഞ്ഞ നിരക്കിൽ വാക്സിൻ ലഭ്യമാക്കുമെന്നും അവർ വ്യക്തമാക്കി. നിരക്ക് ആരോഗ്യസ്ഥാപനങ്ങളെ ആശ്രയിച്ച് വ്യത്യാസപ്പെടുമെന്നും കൂട്ടിച്ചേർത്തു.
സെപ്റ്റംബർ മുതൽ മാർച്ച് വരെയുള്ള കാലയളവിലാണ് സീസണൽ ശ്വാസകോശ രോഗങ്ങൾ കൂടുതലായി പടരാറുള്ളത്. അതിനാൽ ഈ സമയത്ത് വിവിധ വൈറസുകൾ ഒരേസമയം വ്യാപിക്കാനിടയുണ്ടെന്ന് ആരോഗ്യവിദഗ്ധർ മുന്നറിയിപ്പ് നൽകി. ചുമ, പനി, തുമ്മൽ, മൂക്കൊലിപ്പ്, ശരീരവേദന തുടങ്ങിയ ലക്ഷണങ്ങൾ അനുഭവപ്പെടുന്നവർ മറ്റുള്ളവരിലേക്ക് രോഗം പകരാതിരിക്കാൻ മുൻകരുതൽ സ്വീകരിക്കണമെന്ന് അധികൃതർ നിർദേശിച്ചു. കൈകൾ പതിവായി കഴുകുക, ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും വായയും മൂക്കും മൂടുക, അസുഖമുള്ളപ്പോൾ വീട്ടിൽ തന്നെ തുടരുക, ഇടയ്ക്കിടെ സ്പർശിക്കുന്ന സ്ഥലങ്ങൾ വൃത്തിയാക്കുക,ആവശ്യമായാൽ വാക്സിൻ സ്വീകരിക്കുക എന്നിവയാണ് പാലിക്കേണ്ട മുൻകരുതലുകൾ.
Content Highlight: UAE has launched its 2026–27 seasonal flu vaccination campaign, giving priority to school-age children, Hajj and Umrah pilgrims, healthcare workers, senior citizens and people with chronic illnesses.