

യുഎഇ ദേശീയ റെയിൽ ശൃംഖലയായ ഇത്തിഹാദ് റെയിലുമായി ബന്ധിപ്പിച്ച് ദുബായിൽ നാല് റെയിൽവേ സ്റ്റേഷനുകൾ വരുന്നു. അബുദാബിയെയും ദുബായിയെയും തമ്മിൽ ബന്ധിപ്പിക്കുന്ന അതിവേഗ റെയിൽ പാതയ്ക്കായി ഇതിൽ രണ്ട് സ്റ്റേഷനുകൾ നീക്കിവെക്കും. ദുബായ് റോഡ്‌സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി (RTA) ഡയറക്ടർ ജനറലും ബോർഡ് ഓഫ് എക്സിക്യൂട്ടീവ് ഡയറക്ടേഴ്‌സ് ചെയർമാനുമായ മത്താർ അൽ തായറാണ് വാർത്താസമ്മേളനത്തിൽ ഇക്കാര്യം വ്യക്തമാക്കിയത്.
ദുബായിയെ രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളുമായി ബന്ധിപ്പിക്കുന്ന ഇത്തിഹാദ് റെയിൽ ശൃംഖലയിൽ രണ്ട് പ്രധാന സ്റ്റേഷനുകളുണ്ടാകും. അൽ യലായീസിലെ പ്രധാന പാസഞ്ചർ സ്റ്റേഷനാണ് ഇതിലൊന്ന്. ഇതിനുപുറമേ രണ്ടാമതൊരു സ്റ്റേഷൻ കൂടി ദുബായിൽ ഉണ്ടാകുമെന്ന് വ്യക്തമാക്കിയെങ്കിലും പേര് വെളിപ്പെടുത്തിയിട്ടില്ല. എന്നാൽ ആർടിഎയുടെ 2032-ലെ റെയിൽ ശൃംഖലാ മാപ്പ് പ്രകാരം ഇത് മെയ്ദാനിലായിരിക്കാനാണ് സാധ്യത.
ഇതിനുപുറമേയാണ് അബുദാബിക്കും ദുബായിക്കുമിടയിൽ യാത്രാസമയം വൻതോതിൽ കുറയ്ക്കുന്ന അതിവേഗ റെയിൽ (High-speed rail) പദ്ധതി ഇത്തിഹാദ് റെയിൽ വികസിപ്പിക്കുന്നത്. ഈ പദ്ധതിയുടെ ഭാഗമായി ദുബായിൽ രണ്ട് പുതിയ സ്റ്റേഷനുകൾ കൂടി നിർമ്മിക്കും. അൽ മക്തൂം അന്താരാഷ്ട്ര വിമാനത്താവളത്തിലും അൽ ജദ്ദാഫിലുമാണ് ഈ സ്റ്റേഷനുകൾ വരുന്നത്. പ്രധാനമായും അൽ ഖൈൽ റോഡിന് സമാന്തരമായി റെഡ് ലൈനിന് അരികിലൂടെയായിരിക്കും ഈ അതിവേഗ റെയിൽ പാത കടന്നുപോകുന്നത്.
യുഎഇയിലെ യാത്രാരംഗത്ത് വലിയ വിപ്ലവത്തിനാണ് ഈ അതിവേഗ റെയിൽ വഴിയൊരുക്കുന്നത്. യുഎഇയിലെ ഏറ്റവും വലിയ രണ്ട് സാമ്പത്തിക കേന്ദ്രങ്ങളായ അബുദാബിയെയും ദുബായിയെയും വെറും 30 മിനിറ്റിനുള്ളിൽ ബന്ധിപ്പിക്കാൻ ഇതിലൂടെ സാധിക്കും. പൂർണ്ണമായും വൈദ്യുതീകരിച്ച പ്രത്യേക നെറ്റ്‌വർക്കിലാണ് ഈ ട്രെയിൻ സർവീസ് നടത്തുക. ഇത് ഇരു നഗരങ്ങൾക്കുമിടയിലുള്ള ഗതാഗത സൗകര്യവും ബിസിനസ്സ് ബന്ധങ്ങളും കൂടുതൽ വേഗത്തിലാക്കും.
ഈ ദേശീയ റെയിൽ പദ്ധതികൾ ദുബായിയുടെ നിലവിലുള്ള മെട്രോ ശൃംഖലയുമായി പൂർണ്ണമായും സംയോജിപ്പിക്കും. മെട്രോയുടെ റെഡ്, ഗ്രീൻ, ബ്ലൂ ലൈനുകളുമായും ഭാവിയിൽ വരാനിരിക്കുന്ന ഗോൾഡ് ലൈനുമായും ഇത് ബന്ധിപ്പിക്കും. ദുബായിലെയും യുഎഇയിലെ മറ്റു നഗരങ്ങളിലെയും ഗതാഗത സംവിധാനങ്ങളെ കോർത്തിണക്കി ഏകീകൃത ഗതാഗത ശൃംഖല സൃഷ്ടിക്കുകയാണ് ആർടിഎയും ഇത്തിഹാദ് റെയിലും ഇതിലൂടെ ലക്ഷ്യമിടുന്നത്.
Content Highlights: Etihad Rail is developing a passenger rail network to connect major UAE cities. The Dubai–Abu Dhabi route is expected to significantly reduce travel time, with a journey of around 30 minutes cited for future high speed services.