

പുതിയ അധ്യയന വർഷം ആരംഭിച്ചതോടെ വിദ്യാർത്ഥികളുടെ വേഷം, ഹെയർസ്റ്റെെൽ, ഭക്ഷണശീലം തുടങ്ങിയവയിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിച്ച് യുഎഇയിലെ സ്കൂളുകൾ. ചില സ്കൂളുകളിൽ അതിരുകടന്ന ഹെയർസ്റ്റൈലുകൾക്കും സ്കൂൾ സമയത്തെ ഹുഡി ഉപയോഗത്തിനും എനർജി ഡ്രിങ്കുകൾക്കും നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. കുട്ടികളുടെ പഠനത്തിന് അനുയോജ്യമായ അന്തരീക്ഷം സൃഷ്ടിക്കുന്നതിനും വിദ്യാർത്ഥികളുടെ ആരോഗ്യവും ക്ഷേമവും ഉറപ്പാക്കുന്നതിനുമാണ് ഇത്തരം നിബന്ധനകളെന്ന് സ്കൂൾ അധികൃതർ വ്യക്തമാക്കി.
തലയുടെ ചില ഭാഗങ്ങൾ റേസർ അല്ലെങ്കിൽ ബ്ലേഡ് ഉപയോഗിച്ച് പൂർണമായും ഷേവ് ചെയ്ത് മറ്റ് ഭാഗങ്ങളിൽ മുടി നീളത്തിൽ നിലനിർത്തുന്ന തരത്തിലുള്ള ഹെയർസ്റ്റൈലുകൾക്ക് ചില സ്കൂളുകൾ നിയന്ത്രണം ഏർപ്പെടുത്തി. നീട്ടി വളർത്തിയ ആൺകുട്ടികളുടെ മുടിക്കും ചില സ്ഥാപനങ്ങളിൽ നിയന്ത്രണമുണ്ട്. സ്കൂൾ യൂണിഫോമിന്റെ ഏകീകൃത രൂപം നിലനിർത്തുന്നതിനായി സ്കൂൾ പരിസരത്ത് ഹുഡി ധരിക്കുന്നതിനും നിയന്ത്രണമുണ്ട്. കൂടാതെ ചില സ്കൂളുകളിൽ കൊണ്ടുവരുന്ന ഭക്ഷണ-പാനീയങ്ങളിലും നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്.
ക്രെഡൻസ് ഹെെസ്കൂളിൽ എക്സ്ട്രീം അല്ലെങ്കിൽ ഷേവ് ചെയ്ത ഹെയർസ്റ്റെെലുകൾ അനുവദിക്കില്ലെന്ന് സിഇഒ പ്രിൻസിപ്പൽ ദീപിക താപ്പർ സിങ് പറഞ്ഞു. സ്കൂൾ ജേഴ്സിയിൽ ഹൂഡി ഉണ്ടെങ്കിലും ക്ലാസ് സമയത്തോ സ്കൂൾ സമയത്തോ അത് തലയിൽ ധരിക്കാനും അനുവാദമില്ല. കൂടാതെ സ്കൂൾ ക്യാമ്പസുകളിൽ എനർജി ഡ്രിങ്കുകൾ വിൽക്കുകയോ പ്രോത്സാഹിപ്പിക്കുകയോ ചെയ്യുന്നില്ലെന്നും അവർ വ്യക്തമാക്കി. യൂണിഫോം മാനദണ്ഡങ്ങൾ വിദ്യാർത്ഥികളെ കൂട്ടായി തിരിച്ചറിയാനും അവരിൽ സമത്വ ബോധം വളർത്താനും സഹായിക്കും ഒപ്പം പഠനാന്തരീക്ഷം മെച്ചപ്പെടുത്തുന്നതിനും ഇത് സഹായകമാകുമെന്ന് GEMS ഫൗണ്ടേർസ് സ്കൂളിലെ എക്സിക്യൂട്ടീവ് പ്രിൻസിപ്പൽ / സിഇഒ മാത്യൂ ബർഫീൽഡ് പറഞ്ഞു.
നിയമങ്ങൾ പാലിക്കാത്ത പക്ഷം ആദ്യം വിദ്യാർത്ഥികൾക്ക് മാർഗനിർദേശങ്ങൾ നൽകുകയും ആവശ്യമെങ്കിൽ മാതാപിതാക്കളുമായി ബന്ധപ്പെടുകയും ചെയ്യുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. വിദ്യാർത്ഥികളുടെ സ്വാതന്ത്യവും ഉത്തരവാദിത്തവും തമ്മിൽ സന്തുലിതാവസ്ഥ നിലനിർത്തുകയാണ് ഇത് വഴി ലക്ഷ്യമിടുന്നതെന്ന് വൂഡ്ലെം എഡുക്കേഷൻ ( Woodlem Education) അധികൃതരും വ്യക്തമാക്കി. കൂടാതെ യൂണീഫോം, വ്യക്തിഗത രൂപഭാവം എന്നിവ സംബന്ധിച്ച നിബന്ധനകൾ കുട്ടികളുടെ കുടുംബങ്ങളെ അറിയിച്ചിട്ടുണ്ടെന്നും അധികൃതർ അറിയിച്ചു.
ഷേവ് ചെയ്ത ഹെയർസ്റ്റൈലുകൾക്ക് പ്രത്യേക വിലക്കില്ലെങ്കിലും അബുദാബി വിദ്യാഭ്യാസ-വിജ്ഞാന വകുപ്പ് (ADEK) പുറത്തിറക്കിയ വേഷവിധാന-പെരുമാറ്റ നിയമങ്ങൾ പാലിക്കുന്നുണ്ടെന്ന് ദിയാഫ ഇൻർനാഷണൽ സ്കൂൾ (Diyafah Internationatl School) പറഞ്ഞു.
കൂടാതെ ഷൈനിങ് സ്റ്റാർ ഇൻർനാഷണൽ സ്കൂളിലും (Shining Star International School) ഇത്തരത്തിലുള്ള ഹെയർസ്റ്റെെലുകളിലും ഹൂഡി ധരിക്കുന്നതിലും നിയന്ത്രണങ്ങൾ വരുത്തിയിട്ടുണ്ട്. എനർജി ഡ്രിങ്കുകൾ, ഉയർന്ന കലോറിയുള്ള പാനീയങ്ങൾ, ചില ഭക്ഷണങ്ങൾ എന്നിവയും സ്കൂൾ കാന്റീനിൽ അനുവദിക്കില്ലെന്നും അധികൃതർ വ്യക്തമാക്കി. നിയമലംഘനം ഉണ്ടായാൽ ആദ്യം വിദ്യാർത്ഥികൾക്ക് ബോധവൽക്കരണവും മാർഗനിർദേശവും നൽകും. ആവർത്തിച്ചുള്ള ലംഘനങ്ങളിൽ മാതാപിതാക്കളെ അറിയിക്കുകയും ആവശ്യമായാൽ ഔദ്യോഗിക അച്ചടക്ക നടപടികൾ സ്വീകരിക്കുകയും ചെയ്യുമെന്ന് സ്കൂൾ അധികൃതർ അറിയിച്ചു.
Content Highlights: Several UAE schools have introduced stricter rules on hairstyles, hoodies and certain food and drinks for students during the 2026–27 academic year