

ദുബായിലെ രണ്ട് വിമാനത്താവളങ്ങളെ ബന്ധിപ്പിക്കുന്ന മെട്രോ പദ്ധതിയുമായി ദുബായ് റോഡ് ട്രാൻസ്പോർട്ട് അതോറിറ്റി (ആർടിഎ). ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തെയും (DXB) അൽ മക്തൂം അന്താരാഷ്ട്ര വിമാനത്താവളത്തെയും (DWC) ബന്ധിപ്പിക്കുന്ന പുതിയ മെട്രോ ലിങ്കിന്റെ പഠനം ആരംഭിച്ചതായി (ആർടിഎ) അറിയിച്ചു.
ആർടിഎ ഡയറക്ടർ ജനറലും ബോർഡ് ഓഫ് എക്സിക്യൂട്ടീവ് ഡയറക്ടേഴ്‌സ് ചെയർമാനുമായ മത്തർ അൽ തായർ ആണ് ഇക്കാര്യം അറിയിച്ചത്. വിമാനത്താവള അധികൃതരുമായി ചേർന്നാണ് ചർച്ചകളും പഠനങ്ങളും പുരോഗമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. അന്തർദേശീയ കൺസൾട്ടന്റുമാരും പദ്ധതിയുടെ പഠനത്തിൽ പങ്കാളികളാണ്. പഠനം പൂർത്തിയാക്കി അന്തിമ റിപ്പോർട്ട് തയ്യാറാക്കാൻ ഏകദേശം ഒരു വർഷമെടുക്കുമെന്ന് കരുതുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
രണ്ട് പ്രധാന വിമാനത്താവളങ്ങളെയും മെട്രോ വഴി നേരിട്ട് ബന്ധിപ്പിക്കുന്ന പദ്ധതി യാഥാർഥ്യമായാൽ ദുബായിലെ യാത്രാസൗകര്യത്തിലും വിമാനത്താവള കണക്റ്റിവിറ്റിയിലും വലിയ മാറ്റമുണ്ടാകുമെന്നും അധികൃതർ പറഞ്ഞു.
ആർടിഎ നിലവിൽ ദുബായ് മെട്രോ ബ്ലൂ ലൈൻ നിർമ്മാണ പ്രവർത്തനങ്ങളിലാണ്. കൂടാതെ ഈ വർഷം അവസാനത്തോടെ ഗോൾഡ് ലൈനിനായുള്ള ടെൻഡർ നൽകാനും അതോറിറ്റി പദ്ധതിയിടുന്നു. ഈ രണ്ട് പദ്ധതികളുടെയും ആകെ ചെലവ് ഏകദേശം 55 ബില്യൺ ദിർഹം വരുമെന്നാണ് കണക്കാക്കുന്നത്.
ബ്ലൂ ലെെൻ പദ്ധതി 2029 ലും ഗോൾഡ് ലെെൻ 2032 ലും പൂർത്തിയാകുമെന്നും അധികൃതർ പറഞ്ഞു. ഈ രണ്ട് പദ്ധതികളും പൂർത്തിയാകുന്നതോടെ നിലവിൽ 90 കിലോമീറ്റർ ഉള്ളതിൽ നിന്നും 2032 ഓടെ 162 കിലോമീറ്ററിലേക്ക് ഉയരും. ഇത് ഏകദേശം 80 ശതമാനത്തിന്റെ വർധനവുണ്ടാക്കുമെന്നും അധികൃതർ പറഞ്ഞു.
Content Highlight: Dubai’s RTA is studying a proposed metro link between Dubai International Airport and Al Maktoum International Airport, with the study expected to take about a year.