ഹോർമുസ് കടലിടുക്കിലെ സുരക്ഷയിലുള്ള ചർച്ച; ഒമാനിൽ നടക്കേണ്ടിയിരുന്ന ജിസിസി-ഇറാൻ യോഗം മാറ്റിവെച്ചു

ക്രിയാത്മകമായ ചർച്ചകൾക്ക് അനുയോജ്യമായ അന്തരീക്ഷം ഒരുക്കുന്നതിനാണ് തീരുമാനമെന്ന് ഒമാൻ വിദേശകാര്യ മന്ത്രി സയ്യിദ് ബദർ അൽ ബുസൈദി അറിയിച്ചു

ഹോർമുസ് കടലിടുക്കിലെ സുരക്ഷയിലുള്ള ചർച്ച; ഒമാനിൽ നടക്കേണ്ടിയിരുന്ന ജിസിസി-ഇറാൻ യോഗം മാറ്റിവെച്ചു
dot image

ഹോർമുസ് കടലിടുക്കിലെ കപ്പൽ ഗതാഗതവും സുരക്ഷയും മുൻനിർത്തി ഒമാനിൽ നടക്കേണ്ടിയിരുന്ന സുപ്രധാന പ്രാദേശിക യോഗം മാറ്റിവെച്ചു. ജിസിസി രാജ്യങ്ങളും ഇറാനും പങ്കാളികളാകേണ്ടിയിരുന്ന യോഗമാണ് സമഗ്രമായ ധാരണകൾക്ക് കൂടുതൽ സമയം വേണമെന്ന കാരണത്താൽ നീട്ടിവെച്ചത്. പുതിയ ഒമാൻ-ഇറാൻ കരാറുകൾ കടലിടുക്ക് ഉടൻ തുറക്കാനുള്ള സൂചനയല്ലെന്ന് ഇറാൻ വ്യക്തമാക്കിയതോടെ മേഖലയിലെ അനിശ്ചിതത്വം തുടരുകയാണ്.

ഒമാനിൽ നടക്കാനിരുന്ന ജിസിസി - ഇറാൻ യോഗമാണ് അവസാന നിമിഷം മാറ്റിവെച്ചത്. ക്രിയാത്മകമായ ചർച്ചകൾക്ക് അനുയോജ്യമായ അന്തരീക്ഷം ഒരുക്കുന്നതിനാണ് തീരുമാനമെന്ന് ഒമാൻ വിദേശകാര്യ മന്ത്രി സയ്യിദ് ബദർ അൽ ബുസൈദി അറിയിച്ചു. ഇറാനും ഒമാനും സംയുക്തമായാണ് യോഗം മാറ്റിവെക്കാൻ തീരുമാനിച്ചതെന്ന് ഇറാൻ വിദേശകാര്യ മന്ത്രാലയവും സ്ഥിരീകരിച്ചിട്ടുണ്ട്. തന്ത്രപ്രധാനമായ ഈ ജലപാതയുടെ സുരക്ഷ ഉറപ്പാക്കുന്നതിൽ ഒമാൻ്റെ നേതൃത്വത്തിൽ വലിയ നയതന്ത്ര ശ്രമങ്ങളാണ് നടക്കുന്നത്.

അതേസമയം, ഒമാനുമായി ചേർന്നുള്ള കരാറുകൾ വഴി പുതിയ ഗതാഗത വഴികളും ഭൂപടവും കൈമാറുമെങ്കിലും ഇത് ഹോർമുസ് കടലിടുക്ക് തുറക്കുന്നതിൻ്റെ സൂചനയല്ലെന്ന് ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി വ്യക്തമാക്കി. ജൂൺ മാസത്തിൽ ഇസ്ലാമാബാദിൽ ഒപ്പുവെച്ച ധാരണാപത്രത്തിലെ വാഗ്ദാനങ്ങൾ അമേരിക്ക പാലിക്കണമെന്നും മേഖലയുടെ സുരക്ഷ ഉറപ്പാക്കേണ്ടത് പ്രാദേശിക രാജ്യങ്ങളുടെ മാത്രം ഉത്തരവാദിത്തമാണെന്നും ഇറാൻ ആവർത്തിച്ചു.

ലോകത്തെ വലിയൊരു ശതമാനം എണ്ണ-വാതക വിതരണം നടക്കുന്ന ഹോർമുസ് കടലിടുക്ക് അടഞ്ഞുകിടക്കുന്നത് ആഗോള ഊർജ്ജ മേഖലയെയും ഗൾഫ് സമ്പദ്‌വ്യവസ്ഥയെയും ഒരുപോലെ ബാധിക്കുന്നുണ്ട്. നയതന്ത്ര ചർച്ചകളുടെ അടുത്ത തീയതി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും മേഖലയിൽ സമാധാനവും സ്ഥിരതയും കൊണ്ടുവരാനുള്ള തീവ്ര ശ്രമങ്ങളിലാണ് ഒമാനും മറ്റ് ഗൾഫ് രാജ്യങ്ങളും.

Content Highlights: The GCC-Iran meeting that was scheduled to take place in Oman has been postponed. The development comes amid discussions concerning security in the strategically important Strait of Hormuz.

dot image
To advertise here,contact us
dot image