മുഖ്യമന്ത്രിയുടെ എഐ വീഡിയോ മെറ്റ നീക്കിയത് പൊലീസിന്റെ ആവശ്യപ്രകാരം; പരാതി ഉയര്‍ന്നെന്ന് വിശദീകരണം

നാല്‍പ്പതിലധികം വീഡിയോകൾ നീക്കം ചെയ്യാനാണ് പൊലീസ് ആവശ്യപ്പെട്ടത്

മുഖ്യമന്ത്രിയുടെ എഐ വീഡിയോ മെറ്റ നീക്കിയത് പൊലീസിന്റെ ആവശ്യപ്രകാരം; പരാതി ഉയര്‍ന്നെന്ന് വിശദീകരണം
dot image

തിരുവനന്തപുരം: മുഖ്യമന്ത്രി വി ഡി സതീശന്റെ എഐ വീഡിയോ മെറ്റ നീക്കിയത് പൊലീസിന്റെ ആവശ്യപ്രകാരം. നാല്‍പ്പതിലധികം വീഡിയോകൾ നീക്കം ചെയ്യാനാണ് പൊലീസ് ആവശ്യപ്പെട്ടത്. മുഖ്യമന്ത്രിയുടെ എഐ വീഡിയോയ്‌ക്കെതിരെ വ്യാപക പരാതികള്‍ ഉയര്‍ന്നുവെന്നും ഇതിന്റെ അടിസ്ഥാനത്തിലാണ് നീക്കം ചെയ്യാന്‍ ആവശ്യപ്പെട്ടതെന്നുമാണ് പൊലീസിന്റെ വിശദീകരണം.

വൈദ്യുതി പ്രതിസന്ധിയില്‍ മുഖ്യമന്ത്രി വി ഡി സതീശന്‍ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ വ്യാപക വിമര്‍ശനം ഉയര്‍ന്നിരുന്നു. ഇതിനിടെയായിരുന്നു മുഖ്യമന്ത്രി വീഡിയോ സതീശന്‍ ഡാന്‍സ് കളിക്കുന്ന ഒരു എഐ വീഡിയോ പുറത്തുവരുന്നത്. ഇത് വ്യാപകമായി പ്രചരിക്കപ്പെട്ടിരുന്നു. വീഡിയോ പുറത്തിറങ്ങി ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ മെറ്റ അത് നീക്കം ചെയ്യുകയായിരുന്നു. ഇന്ത്യയില്‍ കാണാന്‍ കഴിയാത്ത നിലയിലാണ് വീഡിയോ നീക്കം ചെയ്തത്. വീഡിയോ ഇന്ത്യയില്‍ നിലവിലുള്ള ഐടി നിയമങ്ങള്‍ക്ക് വിരുദ്ധമെന്ന് കാട്ടിയായിരുന്നു മെറ്റയുടെ നടപടി.

ഇന്ത്യയിലുള്ള നിയമപ്രശ്നമാണ് വീഡിയോ നീക്കം ചെയ്യാന്‍ കാരണം എന്നാണ് അറിയിപ്പ് ലഭിച്ചതെന്നാണ് മുഖ്യമന്ത്രിയുടെ എ ഐ വീഡിയോ തയ്യാറാക്കിയ അഭിജിത്ത് പറഞ്ഞത്. ഇന്ത്യക്ക് പുറത്തുള്ളവര്‍ക്ക് വീഡിയോ കാണാമെന്നും വീഡിയോ ഇന്ത്യയില്‍ ലഭ്യമാകാന്‍ ക്ലെയിം ചെയ്തിട്ടുണ്ടെന്നും അഭിജിത്ത് പറഞ്ഞിരുന്നു. മുഖ്യമന്ത്രിയെ വിമർശിക്കാൻ ചെയ്ത വീഡിയോ ആയിരുന്നില്ല അത്. എൻ്റർടെയ്ൻമെൻ്റ് എന്ന നിലയിലാണ് വീഡിയോ ചെയ്തത്. അത് വൈറലാകുമെന്ന് കരുതിയില്ലെന്നും അഭിജിത്ത് പറഞ്ഞിരുന്നു.

എഐ വീഡിയോയില്‍ പ്രതികരിച്ച് മുഖ്യമന്ത്രി വി ഡി സതീശനും രംഗത്തെത്തിയിരുന്നു. എഐ ഡാന്‍സ് വീഡിയോ വ്യക്തിപരമായി സന്തോഷമുണ്ടാക്കിയെന്നും എന്നാല്‍ അതില്‍ ചില നിയമ പ്രശ്നങ്ങളുണ്ടെന്നുമായിരുന്നു മുഖ്യമന്ത്രി പറഞ്ഞത്. അഞ്ച് വയസുള്ള കുട്ടി തന്നോട് ഡാന്‍സ് ഗംഭീരം ആയിരുന്നു എന്ന് പറഞ്ഞുവെന്നും വി ഡി സതീശന്‍ പറഞ്ഞിരുന്നു.

Content Highlights- Meta removed an AI generated video featuring Kerala Chief Minister Pinarayi Vijayan following a request from the police

dot image
To advertise here,contact us
dot image