കഥ കേട്ടപ്പോൾ മനസിൽ വന്ന പേര്; 'പ്രഥമദൃഷ്ട്യാ കുറ്റക്കാർ' ടൈറ്റിലിനെക്കുറിച്ച് അനൂപ് പന്തളം

ഇന്ന് എല്ലാവരും സിനിമയെക്കുറിച്ചും ഈ ടൈറ്റിലിനെക്കുറിച്ചും സംസാരിക്കുമ്പോൾ, അതിന്റെ ഒരു ചെറിയ ഭാഗമായതിലും സന്തോഷം.

കഥ കേട്ടപ്പോൾ മനസിൽ വന്ന പേര്; 'പ്രഥമദൃഷ്ട്യാ കുറ്റക്കാർ' ടൈറ്റിലിനെക്കുറിച്ച് അനൂപ് പന്തളം
dot image

ത്രില്ലര്‍ സിനിമകള്‍ക്ക് എക്കാലത്തും ആരാധകർ ഏറെയാണ്. ഒരുപാട് മികച്ച ത്രില്ലർ ചിത്രങ്ങളുള്ള ഇൻഡസ്ട്രിയാണ് മലയാളം. മലയാളത്തിലെ ആ നിരയിലേക്ക് പുതിയ ഒരു ത്രില്ലർ ചിത്രം കൂടി വന്ന് ചേർന്നിരിക്കുകയാണ്, പ്രഥമ ദൃഷ്ട്യാ കുറ്റക്കാർ. റിലീസിന് പിന്നാലെ ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ഇപ്പോഴിതാ സിനിമയ്ക്ക് പ്രഥമ ദൃഷ്ട്യാ കുറ്റക്കാർ എന്ന പേര് വന്നതിന് പിന്നിലെ കഥയുമായി എത്തുകയാണ് 'ഷഫീഖിന്റെ സന്തോഷം' സിനിമയുടെ സംവിധായകൻ അനൂപ് പന്തളം. പ്രഥമ ദൃഷ്ട്യാ കുറ്റക്കാർ സിനിമയുടെ സംവിധായകൻ ഷഹദ് പറഞ്ഞത് കൊണ്ട് മാത്രമാണ് ഈ കുറിപ്പ് എഴുതന്നതെന്നും അനൂപ് സോഷ്യൽ മീഡിയ പോസ്റ്റിൽ പറയുന്നു.

Also Read:

'എന്റെ പ്രിയ സുഹൃത്തും അനുജനുമായ ഷഹദ് സംവിധാനം ചെയ്ത "പ്രഥമദൃഷ്ട്യാ കുറ്റക്കാർ" തിയേറ്ററുകളിൽ വൻ വിജയമായി മുന്നേറുന്ന ഈ അവസരത്തിൽ, അതിന്റെ സന്തോഷം പങ്കുവെക്കുകയാണ്. ഈ വലിയ വിജയത്തിന്റെ ഒരു ചെറിയ ഭാഗമാകാൻ എനിക്കും കഴിഞ്ഞു എന്നതാണ് ആ സന്തോഷത്തിന് കാരണം. ഒരു ദിവസം ഷഹദ് വിളിച്ചിട്ട് പറഞ്ഞു, "ചേട്ടാ, പ്രീ-പ്രൊഡക്ഷൻ നടക്കുന്ന ഫ്ലാറ്റിലേക്ക് ഒന്ന് വരണം." ഞാനും എന്റെ കൂട്ടുകാരൻ സിബിയും അവിടെ ചെന്നപ്പോൾ അവർ സിനിമയുടെ ടൈറ്റിലിനെ കുറിച്ചുള്ള ചർച്ചയിലായിരുന്നു. അന്ന് അവരുടെ മനസ്സിൽ വേറൊരു ടൈറ്റിൽ ഉണ്ടായിരുന്നെങ്കിലും, അത് അത്ര അനുയോജ്യമാണെന്ന് ഷഹദിന് തോന്നിയിരുന്നില്ല.

അപ്പോഴാണ് ഷഹദ് എന്നോട് കഥ പറഞ്ഞത്. കഥ കേട്ടപ്പോൾ തന്നെ എന്റെ മനസ്സിലേക്ക് ആദ്യം വന്ന പേരാണ് "പ്രഥമദൃഷ്ട്യാ കുറ്റക്കാർ". ഞാൻ അത് ഷഹദിനോട് പറഞ്ഞു, അപ്പോൾ തന്നെ ഷഹദിന്‌ ആ ടൈറ്റിൽ വർക്ക് ആയി. അന്ന് അനൗൺസ് ചെയ്ത ടൈറ്റിൽ മുതൽ, ഇന്ന് സിനിമ ഇത്രയും വലിയ വിജയത്തിലെത്തി നിൽക്കുന്നത് കാണുമ്പോൾ പറഞ്ഞറിയിക്കാൻ പറ്റാത്ത സന്തോഷം. ഇന്ന് എല്ലാവരും സിനിമയെക്കുറിച്ചും ഈ ടൈറ്റിലിനെക്കുറിച്ചും സംസാരിക്കുമ്പോൾ, അതിന്റെ ഒരു ചെറിയ ഭാഗമായതിലും സന്തോഷം. ഈ സിനിമയിൽ ടൈറ്റിൽ പ്ലേസ് ചെയ്തിരിക്കുന്ന രീതി തന്നെ ഏറ്റവും വലിയ പ്രത്യേകതയാണ്. (ഷഹദ് പറഞ്ഞതുകൊണ്ട് മാത്രം എഴുതിയതാണ്)

ഈ സിനിമ എഴുത്തുകൊണ്ടും, സംവിധാനം കൊണ്ടും, ടെക്നിക്കലി ഒരുപാട് മേന്മ പുലർത്തുന്നുണ്ടെങ്കിലും, അഭിനേതാക്കളുടെ പ്രകടനം എടുത്തു പറയാതിരിക്കാൻ കഴിയില്ല. അതിൽ പെർഫോമൻസ് കൊണ്ട് ശരിക്കും ഞെട്ടിച്ചു കളഞ്ഞ ഒരാളുണ്ട്. അസീസ് നെടുമങ്ങാട്. അളിയാ, നീ തകർത്തു! എന്റെ പ്രിയ ഷഹദിനും, "പ്രഥമദൃഷ്ട്യാ കുറ്റക്കാർ" ടീമിനും ഹൃദയം നിറഞ്ഞ വിജയാശംസകൾ! തിയേറ്ററിൽ തന്നെ പോയി കാണേണ്ട സിനിമ തന്നെയാണിത്. എല്ലാവരും കാണണം,' അനൂപ് പന്തളം കുറിച്ചു.

അതേസമയം, പൊലീസ് സേനയ്ക്കുള്ളിൽ നിലനിൽക്കുന്ന വിവിധ പ്രശ്‌നങ്ങൾക്കൊപ്പം ഓരോ കഥാപാത്രത്തിനും പല ലെയറുകൾ നൽകിയാണ് സിനിമയൊരുക്കിയിരിക്കുന്നത്. പ്രകാശൻ പറക്കട്ടെ, അനുരാഗം എന്നീ ചിത്രങ്ങൾക്ക് ശേഷമുള്ള ഷഹദിന്റെ സംവിധാന സംരംഭമാണിത്. മലയാള സിനിമാ നിർമാണ രംഗത്തേക്ക് എത്തുന്ന പുതിയ ബാനറിന്റെ ഒരു ബിഗ് ബഡ്ജറ്റ് സിനിമ കൂടിയാണ് 'പ്രഥമ ദൃഷ്ട്യാ കുറ്റക്കാർ'. മുജീബ് മജീദ് സംഗീത സംവിധാനം നിർവഹിച്ച ചിത്രത്തിന്റെ എഡിറ്റിങ് ചമൻ ചാക്കോയാണ്. പി എസ് സുബ്രമണ്യനും വിജേഷ് തോട്ടിങ്ങലുമാണ് തിരക്കഥയൊരുക്കിയിരിക്കുന്നത്.

Content Highlights: Director Anoop Panthalam has revealed the story behind the title of the hit Malayalam film ‘Prathamadrishtya Kuttakkar’. He shared details about how the title was chosen while discussing the film and its making.

dot image
To advertise here,contact us
dot image