വ്യാജന്മാർക്ക് പിടി വീഴും; UAEയിൽ വ്യാജ വിദ്യാഭ്യാസ സർട്ടിഫിക്കറ്റ് നിർമിക്കുന്നവർക്ക് 3 വർഷം വരെ തടവ് ശിക്ഷ

വിദ്യാഭ്യാസ സർട്ടിഫിക്കറ്റ് തട്ടിപ്പ് കേസുകളിൽ മൂന്ന് വർഷം വരെ തടവും 30,000 ദിർഹം വരെ പിഴയും ലഭിക്കും

വ്യാജന്മാർക്ക് പിടി  വീഴും; UAEയിൽ വ്യാജ വിദ്യാഭ്യാസ സർട്ടിഫിക്കറ്റ് നിർമിക്കുന്നവർക്ക് 3 വർഷം വരെ തടവ് ശിക്ഷ
dot image

വ്യാജ വിദ്യാഭ്യാസ സർട്ടിഫിറ്റുകൾ നിർമ്മിക്കുകയോ ഉപയോ​ഗിക്കുകയോ ചെയ്യുന്നതിൽ മുന്നറിയിപ്പുമായി യുഎഇ. വ്യാജ വിദ്യാഭ്യാസ സർട്ടിഫിക്കറ്റുകൾ നിർമ്മിക്കുകയോ ഉപയോഗിക്കുകയോ ചെയ്യുന്നവർക്ക് യുഎഇയിൽ മൂന്ന് വർഷം വരെ തടവും 30,000 ദിർഹം വരെ പിഴയും ലഭിക്കാമെന്ന് ഉന്നത വിദ്യാഭ്യാസ-ശാസ്ത്ര ഗവേഷണ മന്ത്രാലയം (MoHESR) മുന്നറിയിപ്പ് നൽകി.

യുഎഇയിലെയും വിദേശ രാജ്യങ്ങളിലെയും വിദ്യാഭ്യാസ യോഗ്യതാ സർട്ടിഫിക്കറ്റുകളുടെ ആധികാരികത പരിശോധിക്കുന്ന സംവിധാനങ്ങൾ കൂടുതൽ ശക്തമാക്കിയതായി മന്ത്രാലയം അറിയിച്ചു. സർട്ടിഫിക്കറ്റ് പരിശോധനയ്ക്കുള്ള അപേക്ഷകൾ വർധിച്ചതോടെയാണ് നടപടികൾ ശക്തമാക്കിയതെന്നും മന്ത്രാലയം കൂട്ടിച്ചേർത്തു. 2025-ൽ 1,78,600 വിദ്യാഭ്യാസ യോഗ്യതാ പരിശോധനാ അപേക്ഷകളാണ് മന്ത്രാലയത്തിന് ലഭിച്ചത്. എന്നാൽ ഈ വർഷം ജനുവരി മുതൽ സെപ്റ്റംബർ ആദ്യവാരം വരെ ഇത് 2,53,000 ആയി ഉയർന്നിട്ടുണ്ട്.

സർട്ടിഫിക്കറ്റുകളിലെ വിവരങ്ങൾ വ്യാജമായി സൃഷ്ടിക്കൽ, യഥാർത്ഥ സർട്ടിഫിക്കറ്റിലെ വിവരങ്ങൾ തിരുത്തൽ, വിവരങ്ങൾ കൂട്ടിച്ചേർക്കൽ അല്ലെങ്കിൽ ഒഴിവാക്കൽ, വ്യാജ സർട്ടിഫിക്കറ്റ് അറിഞ്ഞുകൊണ്ട് ഉപയോഗിക്കൽ എന്നിവയെല്ലാം വിദ്യാഭ്യാസ സർട്ടിഫിക്കറ്റ് തട്ടിപ്പായി കണക്കാക്കപ്പെടും എന്ന് അധികൃതർ പറഞ്ഞു. ഇത്തരം കേസുകൾ സാധാരണ അഡ്മിനിസ്ട്രേറ്റീവ് പിഴവുകളായി കാണാതെ നിയമപരമായ നടപടികൾ സ്വീകരിക്കുമെന്നും മന്ത്രാലയം വ്യക്തമാക്കി. ക്രിമിനൽ കുറ്റകൃത്യമെന്ന് സംശയിക്കുന്ന കേസുകൾ ബന്ധപ്പെട്ട അന്വേഷണ ഉദ്യോ​ഗസ്ഥർക്ക് കൈമാറുമെന്നും മന്ത്രാലയം കൂട്ടിച്ചേർത്തു.

വ്യാജ സർട്ടിഫിക്കറ്റുകൾ ഉപയോഗിക്കുന്ന വ്യക്തികളെ മാത്രമല്ല, ഈ സർട്ടിഫിക്കറ്റുകളുടെ അടിസ്ഥാനത്തിൽ നിയമനം നടത്തുന്ന സർക്കാർ-സ്വകാര്യ സ്ഥാപനങ്ങളുടെ പ്രവർത്തനങ്ങളിലും പിഴവുണ്ടാകുമെന്നും അധികൃതർ ചൂണ്ടിക്കാട്ടി. 2021-ലെ ഫെഡറൽ കുറ്റകൃത്യ-ശിക്ഷ നിയമപ്രകാരം (Federal Decree-Law No. 31 of 2021) ഔദ്യോഗിക രേഖകൾ വ്യാജമായി നിർമിച്ചാൽ 10 വർഷം വരെ തടവുശിക്ഷ ലഭിക്കാം. വിദ്യാഭ്യാസ സർട്ടിഫിക്കറ്റ് തട്ടിപ്പ് കേസുകളിൽ മൂന്ന് വർഷം വരെ തടവും 30,000 ദിർഹം വരെ പിഴയും ചുമത്തുമെന്ന് മന്ത്രാലയം വ്യക്തമാക്കി. സർട്ടിഫിക്കറ്റുകളുടെ വിശ്വാസ്യത ഉറപ്പാക്കാൻ സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾ അംഗീകൃത പരിശോധനാ സംവിധാനങ്ങൾ ഉപയോഗിക്കണമെന്നും മന്ത്രാലയം നിർദേശിച്ചു. ഡിജിറ്റൽ പരിശോധനാ സംവിധാനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കുന്നതിനും ബന്ധപ്പെട്ട വകുപ്പുകളുമായുള്ള ഏകോപനം ശക്തമാക്കുന്നതിനുമുള്ള നടപടികൾ തുടരുമെന്നും അധികൃതർ അറിയിച്ചു.

Content Highlight: UAE has strengthened efforts to verify academic qualifications and warned against the use of fake or unlicensed educational certificates, with strict penalties for violations.

dot image
To advertise here,contact us
dot image