

ഗൾഫ് മേഖലയിൽ വിനോദസഞ്ചാര രംഗത്ത് അഭൂതപൂർവ്വമായ വളർച്ച രേഖപ്പെടുത്തി ജിസിസി രാജ്യങ്ങൾ. കഴിഞ്ഞ വർഷം 7.5 കോടി വിനോദസഞ്ചാരികളെ സ്വീകരിച്ച ഗൾഫ് മേഖലയിലെ ആകെ ടൂറിസം വരുമാനം 254 ബില്ല്യൺ ഡോളറിലിലെത്തി. പ്രതിസന്ധികൾക്കിടയിൽ ജിസിസി രാജ്യങ്ങൾ തമ്മിലുള്ള ഉയർന്ന സഹകരണവും ഏകോപനവുമാണ് ടൂറിസം മേഖലയെ മുന്നോട്ട് നയിച്ചത്.
ഗൾഫ് രാജ്യങ്ങളുടെ ആകെ ജിഡിപി 11.4 ശതമാനവും നിലവിൽ ടൂറിസം മേഖലയുടെ സംഭാവനയാണ്. ആഗോള ശരാശരിയായ 10.3 ശതമാനത്തേക്കാൾ ഉയർന്ന നിരക്കാണിത്. കേവലം വിനോദസഞ്ചാര പദ്ധതികളിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കാതെ വ്യോമയാനം, അടിസ്ഥാന സൗകര്യങ്ങൾ, ഹോസ്പിറ്റാലിറ്റി, സാങ്കേതികവിദ്യ എന്നിവയെ ഏകോപിപ്പിച്ച് സമഗ്രമായ ഒരു ടൂറിസം നിക്ഷേപ മേഖല കെട്ടിപ്പടുക്കാനാണ് ജിസിസി ലക്ഷ്യമിടുന്നത്.
മേഖലയിൽ വ്യോമഗതാഗത തടസ്സങ്ങൾ നേരിട്ടപ്പോൾ എയർ ട്രാഫിക് മാനേജ്‌മെന്റ് എമർജൻസി ടീം 65-ലധികം യോഗങ്ങൾ ചേർന്ന് വിവരങ്ങൾ പരസ്പരം പങ്കുവെച്ചു. ജിസിസി രാജ്യങ്ങൾ കാണിച്ച ഈ ഉയർന്ന സഹകരണവും ഏകോപനവുമാണ് ടൂറിസം മേഖലയെ തകർച്ചയില്ലാതെ മുന്നോട്ട് നയിച്ചത്. ഏതൊരു പ്രതിസന്ധി ഘട്ടത്തിലും കൃത്യമായ സുരക്ഷയും തുടർച്ചയും ഉറപ്പാക്കാൻ ജിസിസി ഭരണകൂടങ്ങൾക്ക് സാധിക്കുമെന്നതിന്റെ വലിയ തെളിവാണിതെന്ന് സെക്രട്ടറി ജനറൽ ജാസിം അൽ ബുദൈവി വ്യക്തമാക്കി.
കഴിഞ്ഞ വർഷം 75 ദശലക്ഷം വിനോദസഞ്ചാരികളെയാണ് ഗൾഫ് രാജ്യങ്ങൾ കൂട്ടായി സ്വീകരിച്ചത്. മുൻവർഷത്തെക്കാൾ 4.3 ശതമാനത്തിന്റെ വളർച്ചയാണിത്. കൂടാതെ ഗൾഫ് രാജ്യങ്ങൾക്കിടയിലുള്ള ആഭ്യന്തര വിനോദസഞ്ചാരികളുടെ എണ്ണം 20 ദശലക്ഷത്തിലെത്തി.
പുതിയ വിനോദസഞ്ചാര സീസൺ ആരംഭിക്കുന്നതോടെ രാജ്യത്തെ വിപണിയിലേക്കും ഹോട്ടൽ-ഗതാഗത മേഖലകളിലേക്കും കൂടുതൽ സഞ്ചാരികൾ എത്തുന്നതോടെ വൻ സാമ്പത്തിക മുന്നേറ്റമാണ് യുഎഇ പ്രതീക്ഷിക്കുന്നത്.
Content Highlights: GCC countries have achieved a historic milestone in tourism, highlighting the growth of the Gulf’s travel and tourism sector. Despite regional challenges, the tourism industry across the Gulf countries continues to expand and strengthen its contribution to the region’s economy.