

ദുബായിൽ ഗ്ലോബൽ വില്ലേജിന് ഒപ്പം സഫാരി പാർക്കും തുറക്കുന്നു. ഒക്ടോബർ 12-ന് പാർക്ക് ഔദ്യോഗികമായി പൊതുജനങ്ങൾക്കായി വീണ്ടും തുറന്നുനൽകും. തൊട്ടുപിന്നാലെ ഒക്ടോബർ 14നാണ് ഗ്ലോബൽ വില്ലേജിന്റെ പുതിയ സീസണിന് ആരംഭമാകുക.
പാർക്കിന്റെ വന്യജീവി സംരക്ഷണ ദൗത്യങ്ങൾക്ക് കൂടുതൽ ഊന്നൽ നൽകിക്കൊണ്ട് 'ലൈവ് മോർ വൈൽഡ് ലൈഫ്' (Live More Wild Life) എന്ന പുതിയ ബ്രാൻഡ് പ്ലാറ്റ്‌ഫോമും ഇതോടൊപ്പം അവതരിപ്പിക്കും. സന്ദർശകരെ വന്യജീവികൾ, പരിസ്ഥിതി സംരക്ഷണം, പ്രകൃതി എന്നിവയുമായി കൂടുതൽ അടുപ്പിക്കുകയാണ് ലക്ഷ്യം. ഏഴാം സീസൺ വിജയകരമായി പൂർത്തിയാക്കിയതിന് പിന്നാലെയാണ് പാർക്ക് പുതിയ മാറ്റങ്ങളോടെ വീണ്ടും എത്തുന്നത്.
ദുബായ് വേൾഡ് ട്രേഡ് സെന്ററിൽ സംഘടിപ്പിച്ച നാല് ദിവസം നീണ്ടുനിന്ന ആഗോള ടൂറിസം മേളയായ അറേബ്യൻ ട്രാവൽ മാർക്കറ്റിലാണ് പ്രഖ്യാപനങ്ങൾ നടന്നത്. ഇതിന് പുറമെ, 'റോയൽ സഫാരി എക്സ്പീരിയൻസ്' എന്ന പേരിൽ പുതിയൊരു സ്വകാര്യ ഗൈഡഡ് ടൂറും സഫാരി പാർക്ക് പരിചയപ്പെടുത്തുന്നുണ്ട്. 10 പേർ വരെയുള്ള ഗ്രൂപ്പുകൾക്കായി രൂപകൽപ്പന ചെയ്തിട്ടുള്ള ഈ നാല് മണിക്കൂർ പാക്കേജിൽ വിഐപി പരിഗണന, റിസർവ് ചെയ്ത സീറ്റുകൾ, പാർക്കിനുള്ളിലെ പ്രത്യേക ഗൈഡഡ് ടൂർ എന്നിവ ഉൾപ്പെടുന്നു.
ഏതാനും മണിക്കൂറുകൾക്ക് മുമ്പാണ് ദുബായ് ഗ്ലോബൽ വില്ലേജിന്റെ 31-ാം സീസൺ ആരംഭിക്കുന്നതിനുള്ള ഔദ്യോഗിക തിയതി പ്രഖ്യാപിച്ചത്. ഒക്ടോബർ 14-ന് 'എ മോർ വണ്ടർഫുൾ വേൾഡ്' എന്ന പുതിയ പ്രമേയത്തിലാണ് ഗ്ലോബൽ വില്ലേജ് ഇത്തവണ സന്ദർശകരെ സ്വീകരിക്കുന്നത്. 2027 മേയ് വരെ നീളുന്ന പുതിയ സീസണിലെ പ്രധാന ആകർഷണങ്ങൾ വരും ആഴ്ചകളിൽ പ്രഖ്യാപിക്കും. ഗ്ലോബൽ വില്ലേജും സഫാരി പാർക്കുമെല്ലാം വേനൽക്കാല ഇടവേളയ്ക്ക് ശേഷം തുറക്കാനൊരുങ്ങുന്നതോടെ ദുബായിൽ ആഘോഷ രാവുകളാണ് ഇനി വരാനിരിക്കുന്നത്.
Content Highlights: Dubai is gearing up for its upcoming festive season, with Global Village and Dubai Safari Park scheduled to open in October. The reopening of the two major attractions is expected to bring renewed activity to Dubai’s entertainment and tourism calendar.