

ബഹ്റൈനിൽ തൊഴിലിട സേവനങ്ങളുടെ നിലവാരം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി ലേബർ മാർക്കറ്റ് റെഗുലേറ്ററി അതോറിറ്റി (എൽഎംആർഎ) ‘ഓതറൈസ്ഡ് പേഴ്സൺ പവേഴ്സ് അപ്ഡേറ്റ് സർവീസ്’ എന്ന പുതിയ ഡിജിറ്റൽ സേവനത്തിന് തുടക്കം കുറിച്ചു. ഇനി മുതൽ തൊഴിലുടമകൾക്ക് സ്ഥാപനങ്ങളിലെ ഡാറ്റ എൻട്രി, അപേക്ഷ സമർപ്പിക്കൽ, ഇൻവോയ്സ് പേയ്‌മെന്റുകൾ നടത്തൽ, വർക്ക് പെർമിറ്റ് പ്രിന്റിംഗ് തുടങ്ങിയ വിവിധ ചുമതലകൾക്കായി അധികാരപ്പെടുത്തിയ വ്യക്തികളുടെ വിവരങ്ങളും അനുമതികളും ഓൺലൈൻ വഴി വളരെ എളുപ്പത്തിൽ പുതുക്കാനാകും.
ഈ സേവനം പൂർണമായും ഡിജിറ്റൽ പ്ലാറ്റ്‌ഫോമിലേക്ക് മാറ്റിയതോടെ, അപേക്ഷയ്ക്കായി നേരത്തെ സമർപ്പിക്കേണ്ടിയിരുന്ന രേഖകളിൽ 50 ശതമാനത്തോളം കുറവാണ് വരുത്തിയിരിക്കുന്നത്. ഇലക്ട്രോണിക് ഫോമുകൾ ഉൾപ്പെടുത്തി നടപടിക്രമങ്ങൾ ലളിതമാക്കിയതിനാൽ സമർപ്പിക്കുന്ന അപേക്ഷകളിൽ വെറും ഒരു പ്രവൃത്തി ദിവസത്തിനുള്ളിൽ തന്നെ തീരുമാനമുണ്ടാകുമെന്ന് അധികൃതർ വ്യക്തമാക്കി.
പുതിയ മാറ്റം സ്ഥാപനങ്ങളുടെ സമയവും അധ്വാനവും ഗണ്യമായി കുറയ്ക്കാൻ സഹായിക്കുമെന്ന് എൽഎംആർഎ ഡെപ്യൂട്ടി സിഇഒ അഹമ്മദ് ഇബ്രാഹിം അൽ അറബി പറഞ്ഞു. നടപടിക്രമങ്ങൾ കൂടുതൽ എളുപ്പവും സുതാര്യവുമാക്കുന്നതിനൊപ്പം ഉപഭോക്താക്കൾക്ക് മികച്ച ഡിജിറ്റൽ അനുഭവം നൽകാൻ ഈ സേവനത്തിലൂടെ സാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Content Highlights: Authorities in Bahrain are taking steps to make the application process available online for employers. The move is aimed at simplifying procedures and making employer-related services more accessible through digital platforms.