

യുഎഇയിൽ പ്രാദേശിക സ്പോൺസറുടെയോ ഹോസ്റ്റിന്റെയോ സഹായമില്ലാതെ എത്തിച്ചേർന്നതിന് ശേഷം ജോലി അന്വേഷിക്കാൻ വിദേശികൾക്ക് അവസരം. 'വിസിറ്റ് വിസ ടു എക്സ്പ്ലോർ ജോബ് ഓപ്പർച്യൂണിറ്റീസ്' എന്ന പ്രത്യേക സേവനത്തിലൂടെയാണ് ഈ സൗകര്യം ലഭിക്കുന്നത്. ഇതുസംബന്ധിച്ച വിശദാംശങ്ങൾ ദുബായ് ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സ് (GDRFA) തങ്ങളുടെ സോഷ്യൽ മീഡിയ പേജുകളിലൂടെ ഔദ്യോഗികമായി പങ്കുവെച്ചു.
ജോലി അന്വേഷിക്കുന്നവരുടെ ആവശ്യാനുസരണം 60, 90, 120 ദിവസത്തെ കാലാവധിയുള്ള വിസകൾക്ക് അപേക്ഷിക്കാവുന്നതാണ്. എന്നാൽ നിർദിഷ്ട യോഗ്യതകൾ കൃത്യമായി പാലിക്കുന്നവർക്ക് മാത്രമേ വിസ അനുവദിക്കൂ. അപേക്ഷകർക്ക് കുറഞ്ഞത് ബാച്ചിലേഴ്സ് ബിരുദമോ അതിന് തത്തുല്യമായ വിദ്യാഭ്യാസ യോഗ്യതയോ ഉണ്ടായിരിക്കണം. കൂടാതെ കുറഞ്ഞത് ആറ് മാസം കാലാവധിയുള്ള പാസ്‌പോർട്ടിന്റെ പകർപ്പ്, വെള്ള പശ്ചാത്തലത്തിലുള്ള പുതിയ കളർ ഫോട്ടോ, ഔദ്യോഗികമായി അറ്റസ്റ്റ് ചെയ്ത വിദ്യാഭ്യാസ യോഗ്യതാ സർട്ടിഫിക്കറ്റുകൾ എന്നിവയാണ് അപേക്ഷിക്കാൻ ആവശ്യമായ പ്രധാന രേഖകൾ. വിസ നടപടികളുടെ ഭാഗമായി നിശ്ചിത സെക്യൂരിറ്റി ഡെപ്പോസിറ്റും നൽകേണ്ടതുണ്ട്.
ജിഡിആർഎഫ്എ ദുബായിയുടെ ഔദ്യോഗിക വെബ്‌സൈറ്റ് വഴിയോ സ്മാർട്ട് ആപ്ലിക്കേഷൻ വഴിയോ ഉദ്യോഗാർത്ഥികൾക്ക് ഈ വിസയ്ക്ക് അപേക്ഷിക്കാം. യുഎഇ പാസ് അല്ലെങ്കിൽ യൂസർനെയിം ഉപയോഗിച്ച് ലോഗിൻ ചെയ്ത ശേഷം അപേക്ഷാ വിവരങ്ങൾ പൂരിപ്പിച്ച് ആവശ്യമായ രേഖകൾ അപ്‌ലോഡ് ചെയ്യണം. തുടർന്ന് നിശ്ചിത ഫീസും സാമ്പത്തിക ഗ്യാരണ്ടിയും അടച്ച് അപേക്ഷാ നടപടികൾ പൂർത്തിയാക്കാം.
ഓൺലൈൻ വഴിയല്ലാതെ നേരിട്ട് അപേക്ഷിക്കാൻ ആഗ്രഹിക്കുന്നവർക്ക് അമർ (Amer) സെന്ററുകൾ, ജിഡിആർഎഫ്എയുടെ കസ്റ്റമർ ഹാപ്പിനസ് സെന്ററുകൾ എന്നിവ സന്ദർശിച്ചും നടപടികൾ പൂർത്തിയാക്കാവുന്നതാണ്. ഈ വിസ സേവനത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ജിഡിആർഎഫ്എയുടെ ഔദ്യോഗിക വെബ്‌സൈറ്റിൽ ലഭ്യമാണ്.
Content Highlights: Eligible job seekers in the UAE can apply for a visa without a sponsor under applicable visa provisions. The facility provides an option for individuals seeking employment in the country without requiring a traditional sponsor for the visa application.