

പ്രിയപ്പെട്ട ടിം ക്ലാർക് സർ, ലണ്ടനിലെ ബസ്സുകളിൽ ഞാൻ എമിറേറ്റ്സ് ഫ്ലെെ ബെറ്റർ എന്ന് കണ്ടു…. എന്ന് തുടങ്ങുന്ന ഏഴുവയസുകാരന്റെ കത്തിന് മറുപടിയും സമ്മാനവും നൽകിയിരിക്കുകയാണ് എമിറേറ്റ് എയർവേഴ്സ്.
ലണ്ടനിലെ ബസുകളിൽ കണ്ട ‘Emirates Fly Better’എന്ന പരസ്യത്തിലൂടെ വിമാനങ്ങളോട് ഏറെ താൽപര്യം തോന്നിയ ഏഴുവയസുകാരൻ ലണ്ടനിലെ വീടിന് മുകളിലൂടെ പതിവായി പറക്കുന്ന എമിറേറ്റ്സ് വിമാനങ്ങളെ ശ്രദ്ധിക്കാറുണ്ടായിരുന്നു. മാലിദ്വീപിലക്കുള്ള യാത്രയിൽ എമിറേറ്റ്സിൽ യാത്രചെയ്തതിന് ശേഷം ആ സന്തോഷം പങ്കുവെച്ചുകൊണ്ട് എമിറേറ്റ്സിൻ്റെ പ്രസിഡൻ്റിന് കുട്ടി ഒരു കത്തെഴുതി.
മാലിദ്വീപിലേക്കുള്ള യാത്രയിൽ വിമാനത്തിലെ യാത്രാനുഭവം ഏറെ മികച്ചതായിരുന്നുവെന്നും ഇക്കണോമി ക്ലാസിലായിരുന്നു യാത്രയെങ്കിലും ബിസിനസ് ക്ലാസിന്റെ നിലവാരത്തിലാണ് സേവനങ്ങൾ ലഭിച്ചതെന്നും കുട്ടിയുടെ പിതാവ് മാർക്ക് ആഡംസ് പറഞ്ഞു. ദുബായിൽ സ്റ്റോപ്പ്ഓവർ നടത്തിയ കുടുംബം വിമാനത്താവളവും ഏറെ ആസ്വദിച്ചു. വീട്ടിൽ തിരിച്ചെത്തിയ ശേഷം എമിറേറ്റ്സിലെ യാത്രയെക്കുറിച്ച് കമ്പനിയെ അറിയിക്കണമെന്ന ആഗ്രഹം കുട്ടി പ്രകടിപ്പിച്ചതിനെ തുടർന്നാണ് എമിറേറ്റ്സ് പ്രസിഡന്റിന് കത്തെഴുതിയതെന്ന് പിതാവ് പറഞ്ഞു.
സ്വന്തം കയ്യക്ഷരത്തിൽ എഴുതി ഒപ്പിട്ട കത്തിൽ അനേകം അക്ഷരത്തെറ്റുകൾ ഉണ്ടായിരുന്നെങ്കിലും അതൊന്നും തിരുത്താതെയായിരുന്നു കത്ത് സ്കാൻ ചെയ്ത് അയച്ചത്. വിമാനയാത്രയ്ക്കിടെ കുടുംബം എടുത്ത ഒരു പോളറോയ്സ് ചിത്രവും കത്തിനൊപ്പം അയച്ചിരുന്നു എന്നും കുട്ടിയുടെ പിതാവ് കൂട്ടിച്ചേർത്തു.
ആഴ്ചകൾക്ക് ശേഷം മാർക്ക് ആഡംസിന് അപ്രതീക്ഷിതമായി ഫെഡ്എക്‌സിൽ നിന്നും ഒരു സന്ദേശം ലഭിച്ചു. എമിറേറ്റ്സിൽ നിന്നും ഒരു പാഴ്സൽ വരുമെന്നായിരുന്നു കത്തിന്റെ ഉള്ളടക്കം. പിറ്റേ ദിവസം രാവിലെ എത്തിയ പാഴ്സൽ തുറന്നപ്പോൾ എമിറേറ്റ്സ് പ്രസിഡന്റ് സർ ടിം ക്ലാർക്കിന്റെ കത്തും ഒപ്പം A380 വിമാനത്തിന്റെ രണ്ട് മോഡലുകളും ഉണ്ടായിരുന്നു. സമ്മാനം ലഭിച്ചതിന് ശേഷം പെെലറ്റാവാനുള്ള ആഗ്രഹത്തിലാണ് കുട്ടി ഇപ്പോൾ. എമിറേറ്റ്സുമായുള്ള ഈ അനുഭവം ആഡംസിനും ഭാര്യയ്ക്കും രണ്ടുമക്കളുടങ്ങുന്ന കുടുംബത്തിന് ഇപ്പോൾ യുഎഇ സന്ദർളിക്കാനുള്ള ആഗ്രഹം ജനിപ്പിച്ചിരിക്കുകയാണ്. ബുർജ് ഖലീഫയും അബുദാബിയിലെ തീം പാർക്കുകളും മറ്റും സന്ദർശിക്കാനുള്ള ആഗ്രഹത്തിലാണ് ഇപ്പോൾ കുടുംബം.
ഉപഭോക്താക്കളോട് സംവദിക്കാൻ ചാറ്റ്ബോട്ടുകളും ഓട്ടോമേറ്റഡ് മറുപടികളുമൊക്കെയുള്ള ഈ കാലത്ത് ഒരു ചെറിയ കുട്ടിയുടെ അക്ഷരത്തെറ്റുകൾ നിറഞ്ഞ കത്തിന് തിരക്കുകൾക്കിടയിൽ നിന്നും എമിറേറ്റ്സ് പ്രസിഡന്റ് മറുപടി നൽകിയതിന്റെ സന്തോഷത്തിലാണ് കുടുംബം.
Content Highlight: Emirates responds to a seven-year-old boy’s letter to Sir Tim Clark after he shared his experience seeing buses in London, and sends him a special gift.