

ബഹ്റൈനിൽ ഇ-ബൈക്കുകളും ഇ-സ്കൂട്ടറുകളും ഉപയോഗിക്കുന്നവർക്ക് കർശന സുരക്ഷാ മുന്നറിയിപ്പുമായി ജനറൽ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക്. റോഡപകടങ്ങൾ വർദ്ധിക്കുന്നത് തടയുന്നതിനും യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതിനുമായി വേഗപരിധിയും പ്രായപരിധിയും ഉൾപ്പെടെയുള്ള സുരക്ഷാ മാനദണ്ഡങ്ങൾ നിർബന്ധമായും പാലിക്കണമെന്ന് അധികൃതർ വ്യക്തമാക്കി. നിയമങ്ങൾ ലംഘിക്കുന്നവർക്കെതിരെ കർശന നിയമനടപടികൾ സ്വീകരിക്കുമെന്നാണ് ട്രാഫിക് ഡയറക്ടറേറ്റിന്റെ മുന്നറിയിപ്പ്.
ഇലക്ട്രിക് ബൈക്കുകൾ ഓടിക്കുന്നതിന് 16 വയസ്സ് പൂർത്തിയായിരിക്കണം. എന്നാൽ ഏഴ് വയസ്സിൽ താഴെയുള്ള കുട്ടികൾ ഇ-സ്കൂട്ടറുകൾ ഉപയോഗിക്കുമ്പോൾ മാതാപിതാക്കളുടെയോ രക്ഷിതാക്കളുടെയോ നേരിട്ടുള്ള മേൽനോട്ടം നിർബന്ധമാണ്. യാത്രക്കാർ ആവശ്യമായ സുരക്ഷാ ഉപകരണങ്ങൾ ധരിച്ചിരിക്കണം. ഇ-ബൈക്ക് യാത്രക്കാർ ഹെൽമെറ്റ് നിർബന്ധമായും ധരിക്കണം. ഇ-സ്കൂട്ടർ ഉപയോഗിക്കുന്നവർ ഹെൽമെറ്റിന് പുറമെ കൈകൾ, കാലുകൾ, തോളുകൾ എന്നിവയുടെ സുരക്ഷയ്ക്കായുള്ള കവചങ്ങളും (Safety Pads) ഉപയോഗിക്കേണ്ടതുണ്ട്.
ഇത്തരം വാഹനങ്ങളുടെ പരമാവധി വേഗപരിധി മണിക്കൂറിൽ 25 കിലോമീറ്ററായി നിശ്ചയിച്ചിട്ടുണ്ട്. മണിക്കൂറിൽ 50 കിലോമീറ്ററിൽ കൂടുതൽ വേഗപരിധിയുള്ള പ്രധാന റോഡുകൾ, ഔട്ടർ റോഡുകൾ, സാധാരണ വാഹനങ്ങൾക്കായുള്ള ട്രാക്കുകൾ, എമർജൻസി ലെയ്നുകൾ എന്നിവിടങ്ങളിൽ ഇ-ബൈക്കുകളും ഇ-സ്കൂട്ടറുകളും ഓടിക്കുന്നത് പൂർണമായും നിരോധിച്ചിട്ടുണ്ട്.
ഒരാളിൽ കൂടുതൽ ആളുകൾ യാത്ര ചെയ്യുന്നതും ഗതാഗത ദിശയ്ക്ക് എതിരായി (Wrong Side) വാഹനം ഓടിക്കുന്നതും ഗുരുതരമായ നിയമലംഘനമാണ്. റോഡ് സുരക്ഷ ഉറപ്പാക്കുന്നതിനായി വരും ദിവസങ്ങളിൽ ബോധവത്ക്കരണ പരിപാടികളും പരിശോധനകളും കൂടുതൽ ശക്തമാക്കുമെന്ന് ട്രാഫിക് ഡയറക്ടറേറ്റ് അറിയിച്ചു.
Content Highlights: Bahrain has issued a warning to e-scooter and e-bike riders, stating that strict action will be taken against those who violate the applicable rules. The advisory highlights the need for riders to follow regulations while using these vehicles.