യുഎഇയിൽ ചൂട് കടുക്കുന്നു: താപനില 47 ഡിഗ്രി വരെ ഉയർന്നേക്കും, മൂടൽമഞ്ഞിനും സാധ്യത

രാജ്യത്തിന്റെ ഉള്ളിലുള്ള ആന്തരിക പ്രദേശങ്ങളിലാണ് ഏറ്റവും കൂടുതൽ ചൂട് രേഖപ്പെടുത്തുക

യുഎഇയിൽ ചൂട് കടുക്കുന്നു: താപനില 47 ഡിഗ്രി വരെ ഉയർന്നേക്കും, മൂടൽമഞ്ഞിനും സാധ്യത
dot image

യുഎഇയിൽ ഇന്നും വരും ദിവസങ്ങളിലും ചൂട് കടുക്കുമെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. രാജ്യത്ത് ചിലയിടങ്ങളിൽ താപനില 47 ഡിഗ്രി സെൽഷ്യസ് വരെ ഉയർന്നേക്കും. പകൽ സമയങ്ങളിൽ അന്തരീക്ഷം ഭാഗികമായി മേഘാവൃതമായിരിക്കുമെങ്കിലും രാത്രിയിലും പുലർച്ചെയും ഈർപ്പത്തിന്റെ അളവ് കൂടാൻ സാധ്യതയുണ്ട്. ഇതിന്റെ ഫലമായി തീരദേശ മേഖലകളിൽ പുകമഞ്ഞിനും മൂടൽമഞ്ഞിനും സാധ്യതയേറെയാണ്.

രാജ്യത്തിന്റെ ഉള്ളിലുള്ള ആന്തരിക പ്രദേശങ്ങളിലാണ് ഏറ്റവും കൂടുതൽ ചൂട് രേഖപ്പെടുത്തുക. ഈ ഭാഗങ്ങളിൽ 43 മുതൽ 47 ഡിഗ്രി സെൽഷ്യസ് വരെ ചൂട് ഉയർന്നേക്കാം. എന്നാൽ തീരപ്രദേശങ്ങളിലും ദ്വീപുകളിലും 39 മുതൽ 44 ഡിഗ്രി സെൽഷ്യസ് വരെയും മലയോര മേഖലകളിൽ 30 മുതൽ 36 ഡിഗ്രി സെൽഷ്യസ് വരെയുമായിരിക്കും താപനില അനുഭവപ്പെടുക.

വരും ദിവസങ്ങളിലും സമാനമായ കാലാവസ്ഥ തന്നെയാണ് പ്രതീക്ഷിക്കുന്നത്. മണിക്കൂറിൽ 35 കിലോമീറ്റർ വരെ വേഗതയിൽ കാറ്റ് വീശാൻ സാധ്യതയുണ്ടെന്നും ശനിയാഴ്ചയോടെ കിഴക്കൻ മേഖലകളിൽ മഴമേഘങ്ങൾ രൂപപ്പെടാൻ ഇടയുണ്ടെന്നും അധികൃതർ അറിയിച്ചു. മേഘവികസനമുണ്ടാകുന്നതോടെ കാറ്റിന്റെ വേഗത മണിക്കൂറിൽ 40 കിലോമീറ്റർ വരെയായി ഉയരാം.

അടുത്ത ആഴ്ചയുടെ തുടക്കം വരെ കിഴക്കൻ പ്രദേശങ്ങളിൽ മേഘാവൃതമായ അന്തരീക്ഷം തുടരും. അറേബ്യൻ ഗൾഫിൽ കടൽ നേരിയ തോതിലോ ഇടയ്ക്കിടെ മിതമായ തോതിലോ പ്രക്ഷുബ്ധമാകാൻ സാധ്യതയുണ്ടെങ്കിലും ഒമാൻ കടൽ പൊതുവേ ശാന്തമായിരിക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കി.

Content Highlights: Heat is intensifying across the UAE, with temperatures expected to reach up to 47°C. Fog is also possible in some areas, according to the weather forecast. Residents are advised to remain alert to changing weather conditions and rising temperatures.

dot image
To advertise here,contact us
dot image