ഇന്ത്യന്‍ അത്ലറ്റിക്‌സ് സീരീസില്‍ സ്വര്‍ണം നേടി ആന്‍സി സോജന്‍; ഇനി ലക്ഷ്യം ഏഷ്യന്‍ ഗെയിംസിലെ നേട്ടം

ദേശീയ ഇന്റര്‍-സ്റ്റേറ്റ് അത്ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പില്‍ 6.88 മീറ്റര്‍ ദൂരം ചാടി ആന്‍സി സോജന്‍ ദേശീയ റെക്കോര്‍ഡ് കുറിച്ചിരുന്നു

ഇന്ത്യന്‍ അത്ലറ്റിക്‌സ് സീരീസില്‍ സ്വര്‍ണം നേടി ആന്‍സി സോജന്‍; ഇനി ലക്ഷ്യം ഏഷ്യന്‍ ഗെയിംസിലെ നേട്ടം
dot image

ദില്ലിയിലെ ജവാഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തില്‍ നടന്ന ഇന്ത്യന്‍ അത്ലറ്റിക്‌സ് സീരീസ് ഫൈനലില്‍ 6.76 മീറ്റര്‍ ദൂരം ചാടി കേരളത്തിന്റെ ആന്‍സി സോജന്‍ വനിതകളുടെ ലോങ് ജമ്പ് സ്വര്‍ണം സ്വന്തമാക്കി. സ്വന്തം ദേശീയ റെക്കോര്‍ഡിന് അല്പം പിന്നിലായെങ്കിലും ഈ ഇനത്തില്‍ തന്റെ ആധിപത്യം വീണ്ടും ഉറപ്പിക്കാന്‍ ആന്‍സിക്ക് സാധിച്ചു. ഉത്തരപ്രദേശിന്റെ ഷൈലി സിങ് 6.65 മീറ്റര്‍ ചാടി രണ്ടാം സ്ഥാനത്തെത്തി. 2026 ജൂണിലാണ് 6.88 മീറ്റര്‍ ചാടി ആന്‍സി ദേശീയ റെക്കോര്‍ഡ് കുറിച്ചത്. മത്സരത്തില്‍ ഷൈലി സിങ് തന്റെ മികച്ച പ്രകടനത്തിനടുത്തുള്ള ശ്രമങ്ങള്‍ നടത്തി. ഭവാനി യാദവ്, മുബസ്സിന മുഹമ്മദ്, പരിക്ഷ, അഭിനയശ്രീ എന്നിവരും മത്സരത്തില്‍ പങ്കെടുത്തു.

ഏഷ്യന്‍ ഗെയിംസിന് മുന്നോടിയായി ഈ വിജയം തന്റെ ആത്മവിശ്വാസം വര്‍ധിപ്പിച്ചതായി ആന്‍സി പറഞ്ഞു. ജപ്പാനില്‍ കൂടുതല്‍ മികച്ച ഫോമിലെത്തി ഇന്ത്യക്കായി സ്വര്‍ണം നേടുക, പോഡിയത്തില്‍ ദേശീയ ഗാനം മുഴങ്ങുന്നത് കേള്‍ക്കുക എന്നീ സ്വപ്നങ്ങളാണ് തനിക്കുള്ളതെന്ന് ആന്‍സി വ്യക്തമാക്കി. 'എനിക്ക് നല്ല ആത്മവിശ്വാസമുണ്ട്. ജപ്പാനിലേക്ക് പോകുന്നതിന് മുന്നോടിയായുള്ള എന്റെ അവസാന തയ്യാറെടുപ്പായിരുന്നു ഇത്. അവിടെ ഇതിലും മികച്ച പ്രകടനം പുറത്തെടുക്കാന്‍ സാധിക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്. സ്വര്‍ണമാണ് എന്റെ ലക്ഷ്യം. ദേശീയ ഗാനം മുഴങ്ങുന്നതും, കണ്ണുകളില്‍ ആനന്ദക്കണ്ണീരുമായി ആ അഭിമാന നിമിഷം അനുഭവിക്കുന്നതും എനിക്ക് കാണണം. ഇന്ത്യക്കായി സ്വര്‍ണം നേടുക എന്നത് തന്നെയാണ് എന്റെ ലക്ഷ്യം, -ആന്‍സി പറഞ്ഞു.

അഞ്ജു ബോബി ജോര്‍ജിന്റെ 22 വര്‍ഷം പഴക്കമുള്ള ദേശീയ റെക്കോര്‍ഡ് തകര്‍ത്തതിന്റെ പ്രാധാന്യത്തെക്കുറിച്ചും ആന്‍സി സംസാരിച്ചു. തന്റെ പിതാവിനാണ് ഈ നേട്ടം സമര്‍പ്പിച്ചത്. കുട്ടിക്കാലം മുതല്‍ ഏഴ് മീറ്റര്‍ ദൂരം മറികടക്കുക എന്നത് തന്റെ വലിയ സ്വപ്നമായിരുന്നുവെന്ന് അവര്‍ ഓര്‍ത്തെടുത്തു. വര്‍ഷങ്ങളുടെ കഠിനാധ്വാനത്തിന്റെയും സമര്‍പ്പണത്തിന്റെയും ഫലമാണ് ഈ നേട്ടമെന്നും, ഇനിയും മുന്നേറാന്‍ കഴിയുമെന്ന വിശ്വാസം ഇത് നല്‍കിയെന്നും ആന്‍സി പറഞ്ഞു. 'ഒന്നുമില്ലായ്മയില്‍ നിന്ന് വന്ന പെണ്‍കുട്ടിയാണ് ഞാന്‍. എന്റെ അച്ഛന്‍ ഒരു ഓട്ടോറിക്ഷാ ഡ്രൈവറാണ്. ഞാന്‍ ഒന്നും നേടില്ലെന്ന് പലരും എന്നോട് പറഞ്ഞിരുന്നു. എന്നാല്‍ 'നമ്മുടെ പേരില്‍ റെക്കോര്‍ഡുകളൊന്നുമില്ല' എന്ന് അച്ഛന്‍ എപ്പോഴും പറയുമായിരുന്നു. അതുകൊണ്ട് ഈ ദേശീയ റെക്കോര്‍ഡ് അച്ഛന് ഒരു സമ്മാനമായി നല്‍കാന്‍ ഞാന്‍ ആഗ്രഹിച്ചു. കുട്ടിക്കാലം മുതല്‍ എത്രയും വേഗം ഏഴ് മീറ്റര്‍ ദൂരം മറികടക്കുമെന്ന് ഞാന്‍ സ്വയം പ്രതിജ്ഞ ചെയ്തിരുന്നു. അത് എപ്പോഴും എന്റെ വലിയ ലക്ഷ്യങ്ങളിലൊന്നായിരുന്നു. ദേശീയ റെക്കോര്‍ഡില്‍ ഇപ്പോള്‍ എന്റെ പേരുണ്ടെന്നതില്‍ എനിക്ക് വലിയ സന്തോഷമുണ്ട്. കഠിനാധ്വാനവും സമര്‍പ്പണവും നിറഞ്ഞ നീണ്ടൊരു യാത്രയായിരുന്നു ഇത്. അതിന്റെ ഫലമാണ് ഇപ്പോള്‍ കാണുന്നത്. മാനസികമായും ശാരീരികമായും എനിക്ക് ഇനിയും മുന്നോട്ട് പോകാന്‍ കഴിയുമെന്ന് ഈ നേട്ടം എന്നെ ബോധ്യപ്പെടുത്തി. ഇത് സ്വയം പരിശ്രമിക്കാന്‍ എന്നെ പ്രേരിപ്പിക്കുന്നു, അതോടൊപ്പം മറ്റുള്ളവര്‍ക്ക് ഇതൊരു പ്രചോദനമാകുമെന്ന് ഞാന്‍ കരുതുന്നു' -ആന്‍സി കൂട്ടിച്ചേര്‍ത്തു.

ദേശീയ ഇന്റര്‍-സ്റ്റേറ്റ് അത്ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പില്‍ 6.88 മീറ്റര്‍ ദൂരം ചാടിയാണ് ആന്‍സി സോജന്‍ ദേശീയ റെക്കോര്‍ഡ് സ്വന്തമാക്കിയത്. 2004-ലെ ആതന്‍സ് ഒളിമ്പിക്‌സില്‍ അഞ്ചു ബോബി ജോര്‍ജ് കുറിച്ച 6.83 മീറ്റര്‍ എന്ന ദീര്‍ഘകാല റെക്കോര്‍ഡാണ് ആന്‍സി അന്ന് മറികടന്നത്.

content highlights: Ancy Sojan Wins Gold in Indian Athletics Series; Eyes Asian Games Glory

dot image
To advertise here,contact us
dot image