വിദ്യാർത്ഥികൾക്ക് എളുപ്പത്തിൽ ബിരുദം നൽകുന്നത് തടയും; സർവ്വകലാശാലകൾക്ക് നിയമങ്ങളുമായി യുഎഇ

വിദ്യാർത്ഥികളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനും തട്ടിപ്പുകൾ തടയുന്നതിനുമാണ് മന്ത്രാലയം ഈ നിയമനിർമ്മാണം നടത്തിയിരിക്കുന്നത്

വിദ്യാർത്ഥികൾക്ക് എളുപ്പത്തിൽ ബിരുദം നൽകുന്നത് തടയും; സർവ്വകലാശാലകൾക്ക് നിയമങ്ങളുമായി യുഎഇ
dot image

യുഎഇയിൽ വിദ്യാർത്ഥികൾക്ക് പരീക്ഷകളും മറ്റ് വിദ്യാഭ്യാസ മൂല്യനിർണ്ണയങ്ങളും എളുപ്പത്തിൽ വിജയിക്കാൻ കഴിയുന്ന രീതിയിൽ പഠനരീതികൾ ക്രമീകരിക്കുന്ന സർവ്വകലാശാലകൾക്ക് എതിരെ കടുത്ത നടപടി വരുന്നു. രാജ്യത്തെ അക്കാദമിക് അക്രഡിറ്റേഷൻ കമ്മീഷൻ (CAA) ആണ് ഇത്തരം തന്ത്രങ്ങൾ ഇനി മുതൽ ഗുരുതര നിയമലംഘനമായി കണക്കാക്കുമെന്ന് അറിയിച്ചത്. യുഎഇയിലെ അക്കാദമിക് നിലവാരവും വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരവും ഉറപ്പാക്കുന്നതിനായി അവതരിപ്പിച്ച പുതിയ നിയമാവലിയുടെ ഭാഗമായാണ് ഈ കർശന നിർദ്ദേശം.

യുഎഇയിൽ അക്കാദമിക് തിരിമറികൾ, പരീക്ഷാ സുരക്ഷയിലെ വീഴ്ചകൾ, വ്യാജ വിവരങ്ങൾ നൽകൽ തുടങ്ങിയ നിയമലംഘനങ്ങൾ നടത്തുന്ന ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും വൊക്കേഷണൽ പരിശീലന കേന്ദ്രങ്ങൾക്കും എതിരെ കടുത്ത പിഴയും ശിക്ഷാനടപടികളും നേരിടേണ്ടി വരും. കുറ്റത്തിന്റെ ഗൗരവം അനുസരിച്ച് 5,00,000 (അഞ്ച് ലക്ഷം) ദിർഹം വരെ പിഴ ചുമത്താനും പുതിയ വിദ്യാർത്ഥികളുടെ അഡ്മിഷൻ തടയാനും ചില കേസുകളിൽ സർവ്വകലാശാലയുടെ ലൈസൻസ് തന്നെ റദ്ദാക്കാനും നിയമത്തിൽ വ്യവസ്ഥയുണ്ട്.

നിർമ്മിത ബുദ്ധി വിദ്യാഭ്യാസ രംഗത്ത് വ്യാപകമാകുന്ന സാഹചര്യത്തിൽ പരീക്ഷകൾ കൂടുതൽ സുതാര്യവും ഫലപ്രദവുമാക്കാൻ സർവ്വകലാശാലകൾ തയ്യാറാകണമെന്ന് അധികൃതർ അഭിപ്രായപ്പെട്ടു. എഐ സാങ്കേതികവിദ്യകളെ തടയുന്നതിന് പകരം അവയെ ഉൾക്കൊണ്ടുകൊണ്ട് വിദ്യാർത്ഥികളുടെ യഥാർത്ഥ പഠന നിലവാരം അളക്കുന്ന രീതിയിലുള്ള മൂല്യനിർണ്ണയ രീതികളിലേക്ക് സ്ഥാപനങ്ങൾ മാറേണ്ടതുണ്ട്. പരമ്പരാഗത രീതിയിലുള്ള അസൈൻമെന്റുകൾക്ക് പകരം വിദ്യാർത്ഥികളുമായി നേരിട്ട് ആശയവിനിമയം നടത്തുന്ന ഘട്ടം ഘട്ടമായുള്ള പ്രൊജക്ട് വിലയിരുത്തലുകൾ നടപ്പിലാക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

വിദ്യാർത്ഥികളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനും തട്ടിപ്പുകൾ തടയുന്നതിനുമാണ് മന്ത്രാലയം ഈ നിയമനിർമ്മാണം നടത്തിയിരിക്കുന്നത്. ഏതെങ്കിലും സ്ഥാപനങ്ങൾക്ക് എതിരെ നടപടിയെടുത്താൽ അത് നിലവിലെ വിദ്യാർത്ഥികളുടെ പഠനത്തെയോ സാമ്പത്തിക ഭദ്രതയെയോ ബാധിക്കാത്ത രീതിയിൽ സംരക്ഷണം നൽകുമെന്നും മന്ത്രാലയം ഉറപ്പുനൽകുന്നു. നിയമലംഘനങ്ങൾ തിരുത്താൻ സ്ഥാപനങ്ങൾക്ക് അവസരം ഉണ്ടാകും. എങ്കിലും തെറ്റുകൾ ആവർത്തിച്ചാൽ വിട്ടുവീഴ്ചയില്ലാത്ത നടപടികളിലേക്ക് രാജ്യം കടക്കുമെന്ന് അധികൃതർ വ്യക്തമാക്കി.

Content Highlights: The UAE has introduced new regulations for universities to strengthen academic standards and prevent degrees from being awarded without meeting required criteria. The rules are aimed at ensuring greater consistency and quality in higher education institutions across the country

dot image
To advertise here,contact us
dot image