യാത്രക്കാരുടെ സുഹൃത്ത്, തൊഴിൽ അന്വേഷകർക്ക് ആശ്വാസം; ദുബായ് മെട്രോയ്ക്ക് ഇന്ന് 17 വയസ്

പ്രതിദിനം ലക്ഷക്കണക്കിന് യാത്രക്കാർ സഞ്ചരിക്കുന്ന ഈ മെട്രോ നെറ്റ്‌വർക്ക് പലരുടെയും ജീവിതത്തിലെ സുപ്രധാന മാറ്റങ്ങൾക്കാണ് സാക്ഷ്യം വഹിച്ചിട്ടുള്ളത്.

യാത്രക്കാരുടെ സുഹൃത്ത്, തൊഴിൽ അന്വേഷകർക്ക് ആശ്വാസം; ദുബായ് മെട്രോയ്ക്ക് ഇന്ന് 17 വയസ്
dot image

വേഗതയേറിയ നഗരജീവിതത്തിനിടയിൽ ദുബായിലെ പ്രവാസികൾക്ക് കേവലം ഒരു ഗതാഗത മാർഗ്ഗം എന്നതിലുപരി വൈകാരികമായൊരു ആശ്രയകേന്ദ്രമായി മാറി കൊണ്ടിരിക്കുകയാണ് ദുബായ് മെട്രോ. 2009 സെപ്റ്റംബർ 9-ന് റെഡ് ലൈനും തുടർന്ന് 2011-ൽ ഗ്രീൻ ലൈനും പ്രവർത്തനം ആരംഭിച്ച മെട്രോ ശൃംഖല, ഇപ്പോൾ 17-ാം വാർഷിക നിറവിലാണ്. പ്രതിദിനം ലക്ഷക്കണക്കിന് യാത്രക്കാർ സഞ്ചരിക്കുന്ന ഈ മെട്രോ നെറ്റ്‌വർക്ക് പലരുടെയും ജീവിതത്തിലെ സുപ്രധാന മാറ്റങ്ങൾക്കാണ് സാക്ഷ്യം വഹിച്ചിട്ടുള്ളത്.

പഠനാവശ്യങ്ങൾക്കും ജോലിക്കായുള്ള ഓട്ടപ്പാച്ചിലുകൾക്കും മെട്രോയെ ആശ്രയിക്കുന്ന നിരവധിപേരുടെ അനുഭവങ്ങളാണ് വാർഷിക വേളയിൽ പങ്കുവെക്കപ്പെടുന്നത്. കുട്ടിക്കാലം മുതൽ മെട്രോയെ കണ്ടുവളർന്ന വിദ്യാർത്ഥികളും, തൊഴിൽ അന്വേഷണങ്ങൾക്കിടയിൽ പ്രതീക്ഷയുടെ വെളിച്ചം കണ്ടവരും മെട്രോയിലെ യാത്രാനുഭവങ്ങൾ സ്നേഹത്തോടെ സ്മരിക്കുന്നു. വഴി അറിയാതെ വലഞ്ഞപ്പോഴുണ്ടായ സഹായങ്ങൾ, ജോലി അഭിമുഖങ്ങൾക്ക് പോകുമ്പോൾ മനസ്സിൽ നിറഞ്ഞ പ്രാർത്ഥനകൾ, ബുർജ് ഖലീഫയുടെ ഭംഗി കണ്ടുള്ള അത്ഭുതം എന്നിവയെല്ലാം പ്രവാസികളുടെ ആദ്യകാല മെട്രോ ഓർമ്മകളുടെ ഭാഗമാണ്.

അതിരുകളില്ലാത്ത സൗഹൃദങ്ങളുടെ ഒരു വലിയ വേദികൂടിയാണ് ഈ ട്രെയിനുകൾ. തിരക്കേറിയ സമയങ്ങളിൽ പോലും യാത്രക്കാർ പരസ്പരം കാണിക്കുന്ന കരുതലും സ്നേഹവും ദുബായ് മെട്രോയുടെ പ്രത്യേകതയാണ്. അന്യരായി കണ്ടുമുട്ടി ആത്മബന്ധമുള്ള കൂട്ടുകാരായി മാറിയ അനുഭവങ്ങളും, സങ്കടങ്ങളിൽ ആശ്വാസവാക്കുകൾ നൽകിയ അപരിചിതരുടെ സാന്നിധ്യവുമെല്ലാം പലർക്കും പങ്കുവെക്കാനുണ്ട്. കൂടാതെ, ഭാഷയോ നാടോ അറിയാതെ വലയുന്ന യാത്രക്കാരെ ക്ഷമയോടെ സഹായിക്കുന്ന മെട്രോ ജീവനക്കാരുടെ പെരുമാറ്റവും യാത്രക്കാരുടെ പ്രശംസ പിടിച്ചുപറ്റുന്നു.

ഭാവിയിലേക്ക് കൂടുതൽ പാതകൾ വികസിപ്പിക്കാനൊരുങ്ങുന്ന ദുബായ് മെട്രോ, ഒരു നഗരത്തിന്റെ യാത്രാമാർഗ്ഗം എന്നതിനപ്പുറം ജനങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്ന സുപ്രധാന കണ്ണിയായി ഇന്നും തുടരുന്നു. വരും വർഷങ്ങളിൽ ബ്ലൂ ലൈൻ, ഗോൾഡൻ ലൈൻ എന്നിവ കൂടി നിലവിൽ വരുന്നതോടെ ഈ സർവീസ് ദുബായിലെ കൂടുതൽ പ്രവാസികളുടെ ജീവിതത്തിന് കരുത്താകും.

Content Highlights: Dubai Metro has completed 17 years of service, becoming an important part of daily life in Dubai. The metro has helped travellers and job seekers by offering convenient, reliable and relatively affordable public transportation across key areas of the city

dot image
To advertise here,contact us
dot image