

'അനുരാഗ കരിക്കിൻ വെള്ളം' എന്ന ചിത്രത്തിലൂടെ മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ച നടിയാണ് രജിഷ വിജയൻ. ആദ്യ സിനിമയിലൂടെ തന്നെ മികച്ച നടിക്കുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരവും രജിഷയെ തേടിയെത്തി. മമ്മൂട്ടിയുമായി പത്ത് വർഷത്തെ ബന്ധമുണ്ടെന്നും, അദ്ദേഹത്തോട് പലതവണ അവസരം ചോദിച്ചിട്ടുണ്ടെന്നും പറയുകയാണ് രജിഷ വിജയൻ. ജിതിൻ.കെ.ജോസ് സംവിധാനത്തിൽ എത്തിയ കളങ്കാവലിൽ മമ്മൂട്ടിയാണ് തന്നെ സജസ്റ്റ് ചെയ്‌തതെന്നും രജിഷ വിജയൻ പറഞ്ഞു. സിനി ഉലകം എന്ന യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് പ്രതികരണം.
‘മമ്മൂക്കയുമായി പത്ത് വർഷത്തെ ബോണ്ടുണ്ട് എനിക്ക്. ഒരുപാട് തവണ മമ്മൂക്കയോട് ചോദിച്ചിട്ടുണ്ട്, എന്തെങ്കിലും ഒരു ചാൻസ് ഉണ്ടെങ്കിൽ പറയണമെന്ന്. ബാക്ക്ഗ്രൗണ്ടിൽ നടന്നുപോകുന്ന സീൻ ആണെങ്കിലും കുഴപ്പമില്ല, മമ്മൂക്കയ്‌ക്കൊപ്പം ഒരു ഷോട്ട് എങ്കിലും വേണമെന്ന് ഞാൻ പറയാറുണ്ടായിരുന്നു. ഒരു സീനിയർ ക്രിക്കറ്റ് പ്ലെയറിനൊപ്പം ഒരു ജൂനിയർ കളിക്കാരൻ കളിക്കാൻ ആഗ്രഹിക്കില്ലേ, അതുപോലെയാണ്.
ലെജൻഡ് ആയിട്ടുള്ള നടൻമാർ എങ്ങനെയാണ് അഭിനയിക്കുന്നത് എന്ന് കാണാനുള്ള ഒരു കൗതുകവും ആഗ്രഹവും നമുക്കുണ്ടാകില്ലേ. എനിക്ക് മമ്മൂക്ക എങ്ങനെയാണ് അഭിനയിക്കുന്നത് എന്ന് ഒരു വട്ടം നേരിട്ട് കാണണം എന്ന ആഗ്രഹം മാത്രമേ ഉണ്ടായിരുന്നുള്ളൂ. അങ്ങനെ ഒരിക്കൽ മമ്മൂക്ക എന്നോട് ഒരു കഥയുണ്ട് അത് കേട്ട് നോക്കാൻ വേണ്ടി പറയുകയായിരുന്നു. മമ്മൂക്കയോട് കളങ്കാവലിന്റെ കഥ പറഞ്ഞ ശേഷം ജിതിൻ പിന്നെ എന്നോട് കഥ പറയുകയായിരുന്നു.
മമ്മൂക്കയ്ക്ക് ശേഷം കാളങ്കാവലിന്റെ കഥ കേൾക്കുന്ന ആൾ ഞാനാണ്. സിനിമയിലെ ഏത് ഫീമെയിൽ കഥാപാത്രത്തെ എടുക്കണം എന്നുള്ള ചോയ്സ് എനിക്കുണ്ടായിരുന്നു. ഏത് കഥാപാത്രമാണ് വേണ്ടത് എന്ന് എന്നോട് ചൂസ് ചെയ്യാൻ വേണ്ടി പറഞ്ഞിട്ടുണ്ടായിരുന്നു. അതിൽ ദിവ്യ എന്ന കഥാപാത്രമാണ് എനിക്ക് ഇഷ്ടപ്പെട്ടത്. സിനിമയിൽ നമുക്കായി എന്തെങ്കിലും ചെയ്യാൻ പറ്റും, മമ്മൂക്കയ്‌ക്കൊപ്പം ഷോട്ടും കിട്ടും. പിന്നെ അത് നല്ല സിനിമയാണ്, നല്ല ഡയറക്ടറുമാണ്. അപ്പോൾ അത് ചെയ്യാൻ പറ്റിയതിൽ ഭയങ്കര സന്തോഷം ഉണ്ടായി’, രജിഷ പറഞ്ഞു.
Content Highlights: Rajisha Vijayan has revealed that Mammootty suggested her for a role in ‘Kalankavala’. The actress shared the detail while discussing her association with the film and Mammootty’s involvement in recommending her for the project.