

യുഎഇയിൽ തൊഴിൽ നിയമലംഘനങ്ങളിൽ 15 ശതമാനം കുറവുണ്ടായതായി മാനവ വിഭവശേഷി സ്വദേശിവത്ക്കരണ മന്ത്രാലയം. പെർമിറ്റില്ലാതെ ജോലിക്കെടുക്കലും ഡബ്ല്യുപിഎസ് വഴിയല്ലാതെ ശമ്പളം നൽകുന്നതുമാണ് പ്രധാന നിയമലംഘനങ്ങൾ. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഗുരുതരമായ കേസുകൾ പബ്ലിക് പ്രൊസിക്യൂഷന് കൈമാറുന്നത് 49 ശതമാനം കുറഞ്ഞു.
2026-ന്റെ ആദ്യ പകുതിയിൽ യുഎഇയിലെ തൊഴിൽ നിയമലംഘനങ്ങളിൽ 15 ശതമാനം കുറവാണ് രേഖപ്പെടുത്തിയത്. മാനവ വിഭവശേഷി സ്വദേശിവത്ക്കരണ മന്ത്രാലയം നടപ്പിലാക്കിയ പരിശോധനകളിലാണ് ഈ കണ്ടെത്തൽ. കൃത്യമായ പെർമിറ്റില്ലാതെ ജീവനക്കാരെ നിയമിക്കുന്നതാണ് പ്രധാന നിയമലംഘനങ്ങളിലൊന്ന്. വേതന സംരക്ഷണ സംവിധാനം അഥവാ ഡബ്ല്യൂ പി എസ് (WPS) വഴി ശമ്പളം നൽകുന്നതിൽ വീഴ്ച വരുത്തുന്നതും കണ്ടെത്തിയിട്ടുണ്ട്.
വ്യാജ രേഖകളും തെറ്റായ വിവരങ്ങളും സമർപ്പിക്കുന്നതും വ്യാപകമായ നിയമലംഘനങ്ങളുടെ പട്ടികയിലുണ്ട്. ഗുരുതര നിയമലംഘനങ്ങളെ തുടർന്ന് പബ്ലിക് പ്രൊസിക്യൂഷന് കൈമാറിയ കേസുകളിൽ 49 ശതമാനത്തിന്റെ വലിയ കുറവുണ്ടായി. കഴിഞ്ഞ വർഷം 962 കേസുകൾ പ്രൊസിക്യൂഷന് കൈമാറിയപ്പോൾ ഈ വർഷം ഇത് 490 ആയി കുറഞ്ഞു.
ആദ്യ ആറുമാസത്തിനിടെ സ്മാർട്ട് മോണിറ്ററിംഗ് സംവിധാനം വഴി രണ്ടേകാൽ ലക്ഷത്തോളം തത്സമയ പരിശോധനകൾ നടത്തി. നിയമലംഘനങ്ങൾ നടത്തുന്ന ഉയർന്ന സാധ്യതയുള്ള സ്ഥാപനങ്ങളെ കേന്ദ്രീകരിച്ചായിരുന്നു പരിശോധനകൾ. തൊഴിൽ അന്തരീക്ഷം സുരക്ഷിതവും മത്സരക്ഷമവുമാക്കാൻ കർശന പരിശോധന തുടരുമെന്ന് അധികൃതർ വ്യക്തമാക്കി.
Content Highlights: The UAE labour sector is showing improved safety as labour law violations have reportedly declined by 15 percent. The reduction reflects increased compliance with employment regulations and efforts to strengthen workplace safety across the country.