

തിരുവനന്തപുരം: സിഎംആര്‍എല്‍-എക്‌സാലോജിക് സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്താല്‍ കോടതിയെ സമീപിക്കാന്‍ പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍. ഇത് സംബന്ധിച്ച് മുതിര്‍ന്ന അഭിഭാഷകരുടെ നിയമോപദേശം പാര്‍ട്ടിക്ക് ലഭിച്ചിട്ടുണ്ട്. വിജിലന്‍സ് കോടതി മുതല്‍ സുപ്രീംകോടതി വരെ തള്ളിയ കാര്യമാണിതെന്നും ചൂണ്ടിക്കാട്ടും. കേസ് റദ്ദാക്കണമെന്നും ആവശ്യപ്പെടും.
അതേസമയം ഡിജിപിക്ക് നല്‍കിയ കത്തിന്മേൽ സര്‍ക്കാര്‍ ഉടന്‍ കേസെടുക്കുമെന്ന വിലയിരുത്തലിലാണ് ഇ ഡി. എഫ്‌ഐആര്‍ ഇടാന്‍ മതിയായ തെളിവുകള്‍ കൈമാറിയെന്നും ഇ ഡി പറയുന്നു. പിണറായി വിജയന്‍ അടക്കമുള്ളവര്‍ക്കെതിരെ കൃത്യമായ മൊഴികളുണ്ടെന്നും ഇഡി റിപ്പോർട്ടിലുണ്ട്. 'വീണയുടെ പക്കല്‍ നിന്ന് പിടിച്ചെടുത്ത ഡയറിയിലെ കണക്കുകള്‍ നിര്‍ണായകമാണ്. മുഹമ്മദ് റിയാസിന്റെ ഇടപെടലില്‍ കൈക്കൂലി പണം വിദേശത്തേക്ക് കടത്തിയതും പ്രധാനമാണ്. വരുമാനത്തിനപ്പുറം വീണ 20 കോടിയിലധികം രൂപ കൈകാര്യം ചെയ്തു. അഴിമതി നിരോധന നിയമപ്രകാരം കേസെടുക്കണ'മെന്നും ഇ ഡി ആവശ്യപ്പെടുന്നു. കേസ് എടുക്കണം എന്ന് ആവശ്യപ്പെട്ട് നല്‍കിയ കത്തില്‍ ഇ ഡി ചില മുന്നറിയിപ്പുകളും സര്‍ക്കാരിന് നല്‍കിയതായാണ് വിവരം. നടപടി വൈകിയാല്‍ തെളിവ് നശിപ്പിക്കല്‍ ആയി കണക്കാക്കുമെന്നാണ് ഡിജിപിക്ക് നല്‍കിയ കത്തില്‍ ഇ ഡി പറഞ്ഞത്. എഫ്‌ഐആര്‍ വൈകിയാല്‍ ഡിജിപി ഉത്തരവാദി ആയിരിക്കുമെന്നും കത്തില്‍ പറഞ്ഞിരുന്നു. ഇതുമായി ബന്ധപ്പെട്ട രണ്ട് സുപ്രീംകോടതി വിധികളും കത്തിനൊപ്പം അറ്റാച്ച് ചെയ്തിരുന്നു.
ഇക്കഴിഞ്ഞ ചൊവ്വാഴ്ചയായിരുന്നു സിഎംആര്‍എല്‍-എക്‌സാലോജിക് സാമ്പത്തിക ഇടപാടില്‍ ഡിജിപിക്ക് ഇ ഡി കത്ത് നല്‍കിയത്. കത്തില്‍ പിണറായി വിജയന്‍, വീണ ടി, മുന്‍ മന്ത്രിയും എംഎല്‍എയുമായ പി എ മുഹമ്മദ് റിയാസ് എന്നിവര്‍ക്കെതിരെ ഗുരുതര പരാമര്‍ശമായിരുന്നു ഉണ്ടായിരുന്നത്. വീണ വഴി പിണറായി വിജയന്‍ 3.28 കോടി രൂപ സിഎംആര്‍എല്ലില്‍ നിന്ന് കൈക്കൂലി വാങ്ങിയെന്നാണ് കത്തില്‍ പറഞ്ഞത്. കൈക്കൂലിപ്പണം മുഹമ്മദ് റിയാസ് വീണ വഴിയും സുഹൃത്തുകള്‍ വഴിയും ദുബായിലേക്ക് അയച്ചുവെന്നും കത്തില്‍ പറഞ്ഞിരുന്നു. കൈക്കൂലിപ്പണം കൈപ്പറ്റാനും കടത്താനും വീണ പിതാവ് പിണറായി വിജയനെയും ഭര്‍ത്താവ് കൂടിയായ റിയാസിനെയും സഹായിച്ചുവെന്നും കത്തിലുണ്ടായിരുന്നു. ഇടപാടുകള്‍ക്കായി എക്സാലോജിക് സൊല്യൂഷന്‍സ് വാഹനം ഉപയോഗിച്ചു, സിഎംആര്‍എല്‍ എം ഡി കൈക്കൂലി പണം നല്‍കി, സിഎംആര്‍എല്‍ മുന്‍ ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസര്‍ പി സുരേഷ് കുമാര്‍ കൈക്കൂലി ഇടപാടുകള്‍ നടത്തുന്നതിന് സഹായിച്ചു തുടങ്ങിയ കാര്യങ്ങളും കത്തില്‍ പരാമര്‍ശിച്ചിരുന്നു. കൈക്കൂലി പണം കൈപ്പറ്റുന്നതിനും കൈമാറുന്നതിനും വീണയെയും റിയാസിനെയും ഷൈജല്‍, പി നിഖില്‍, ഹസ്സന്‍ വാരിഷ്, ഫൈസാജ് വി പി, നന്ദുലാല്‍ എം എന്നിവര്‍ സഹായിച്ചതായും കത്തില്‍ പറഞ്ഞിരുന്നു.
ഡിജിപിക്ക് ഇ ഡി നല്‍കിയ റിപ്പോര്‍ട്ടിന്മേല്‍ ആഭ്യന്തര സെക്രട്ടറി മിന്‍ഹാജ് ആലം നിയമോപദേശം തേടിയിട്ടുണ്ട്. നിയമോപദേശം ലഭിക്കുന്ന പക്ഷം റിപ്പോര്‍ട്ട് ആഭ്യന്തരമന്ത്രിക്ക് കൈമാറും. റിപ്പോര്‍ട്ട് പരിശോധിച്ച ശേഷമായിരിക്കും തുടര്‍ നടപടികളെന്ന് കഴിഞ്ഞ ദിവസം ആഭ്യന്തര മന്ത്രി പറഞ്ഞിരുന്നു.
ഇ ഡി നീക്കത്തെ രാഷ്ട്രീയമായും നിമപരമായും നേരിടാനാണ് സിപിഐഎമ്മിന്റെ തീരുമാനം. ഇ ഡിക്ക് രാഷ്ട്രീയ ലക്ഷ്യമാണെന്നും പ്രതിരോധിച്ച് മുന്നോട്ടുപോകുമെന്നുമായിരുന്നു സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ പറഞ്ഞത്. ഒരു കത്തിനൊന്നും വലിയ വിലയില്ലെന്നും യുഡിഎഫ് സര്‍ക്കാര്‍ എന്ത് നിലപാടാണ് സ്വീകരിക്കുമെന്നാണ് അറിയേണ്ടതെന്നും എം വി ഗോവിന്ദന്‍ പറഞ്ഞിരുന്നു. തനിക്കെതിരെ വേട്ടയാടല്‍ തുടങ്ങിയിട്ട് ഏറെക്കാലമായെന്നും തന്നെ തകര്‍ക്കാന്‍ ആഗ്രഹിക്കുന്ന ശക്തികള്‍ ആ തരത്തില്‍ ഉയര്‍ന്നിട്ടില്ലെന്നും പിണറായി വിജയനും പറഞ്ഞിരുന്നു. രാഷ്ട്രീയമായതിനെ രാഷ്ട്രീയമായും നിയമപരമായതിനെ നിയമപരമായും നേരിടുമെന്നും പിണറായി വിജയന്‍ പറഞ്ഞിരുന്നു. ഇ ഡി നീക്കത്തില്‍ പിണറായി വിജയനെ പിന്തുണച്ച് പൊളിറ്റ് ബ്യൂറോയും രംഗത്തുവന്നിരുന്നു. ഇ ഡി രാഷ്ട്രീയ വേട്ട തുരുമ്പിച്ച ആയുധമാണെന്ന് ദേശാഭിമാനിയിലെ മുഖപ്രസംഗത്തിലും പറഞ്ഞിരുന്നു.
Content Highlights- Pinarayi Vijayan is expected to approach the court if an FIR is registered in connection with the financial transaction between CMRL and Exalogic.