അടിയന്തര വാഹനങ്ങൾക്ക് വഴിമാറിയില്ലെങ്കിൽ 3,000 ദിർഹം പിഴ; മുന്നറിയിപ്പുമായി അബുദാബി

അടിയന്തര സേവന വാഹനങ്ങൾ റോഡിലൂടെ കടന്നുവരുമ്പോൾ ഡ്രൈവർമാർ ഒട്ടും മടിക്കാതെ സുരക്ഷിതമായി വഴിമാറി കൊടുക്കണമെന്ന് അധികൃതർ അഭ്യർത്ഥിച്ചു

അടിയന്തര വാഹനങ്ങൾക്ക് വഴിമാറിയില്ലെങ്കിൽ 3,000 ദിർഹം പിഴ; മുന്നറിയിപ്പുമായി അബുദാബി
dot image

അബുദാബിയിൽ ആംബുലൻസ്, ഫയർഫോഴ്സ് ഉൾപ്പെടെയുള്ള അടിയന്തര രക്ഷാപ്രവർത്തന വാഹനങ്ങൾക്ക് വഴിയൊരുക്കാത്ത ഡ്രൈവർമാർക്ക് കനത്ത പിഴയും ശിക്ഷാനടപടികളും പ്രഖ്യാപിച്ച് അബുദാബി സിവിൽ ഡിഫൻസ് അതോറിറ്റി. നിയമം ലംഘിക്കുന്ന വാഹന ഉടമകൾക്ക് 3,000 ദിർഹം പിഴയും ആറ് ബ്ലാക്ക് പോയിന്റുകളും ലഭിക്കുന്നതിനൊപ്പം വാഹനം 30 ദിവസത്തേക്ക് കണ്ടുകെട്ടുകയും ചെയ്യുമെന്ന് അധികൃതർ വ്യക്തമാക്കി.

അടിയന്തര സേവന വാഹനങ്ങൾ റോഡിലൂടെ കടന്നുവരുമ്പോൾ ഡ്രൈവർമാർ ഒട്ടും മടിക്കാതെ സുരക്ഷിതമായി വഴിമാറി കൊടുക്കണമെന്ന് അധികൃതർ അഭ്യർത്ഥിച്ചു. ജീവൻ രക്ഷാ പ്രവർത്തനങ്ങൾക്കും അടിയന്തര സാഹചര്യങ്ങൾ കൈകാര്യം ചെയ്യുന്നതിനുമായി രക്ഷാപ്രവർത്തകർക്ക് ലക്ഷ്യസ്ഥാനത്ത് കാലതാമസമില്ലാതെ എത്തിച്ചേരാൻ ഇത് അത്യാവശ്യമാണെന്ന് മുന്നറിയിപ്പിൽ ഓർമ്മിപ്പിച്ചു.

ഡ്രൈവർമാരിൽ അടിയന്തര ഘട്ടങ്ങളിലെ കൃത്യമായ പ്രതികരണ ശീലം വളർത്തിയെടുക്കുന്നതിനായി അബുദാബി പൊലീസും സിവിൽ ഡിഫൻസ് അതോറിറ്റിയും ചേർന്ന് ഡിപ്പാർട്ട്‌മെന്റ് ഓഫ് ഹെൽത്ത്, അബുദാബി മൊബിലിറ്റി എന്നിവയുടെ സഹകരണത്തോടെ "മടിക്കരുത്… ഉടൻ വഴിമാറൂ" എന്ന പേരിൽ പ്രത്യേക ബോധവത്ക്കരണ കാമ്പയിനും ആരംഭിച്ചിട്ടുണ്ട്.

റോഡപകടങ്ങൾ, തീപിടിത്തങ്ങൾ, അടിയന്തര വൈദ്യസഹായം ആവശ്യമുള്ള സാഹചര്യങ്ങൾ എന്നിവയിൽ ഓരോ സെക്കൻഡും നിർണായകമാണ്. എമർജൻസി സൈറണുകളുടെ ശബ്ദം ഒരു ശല്യമായി കാണാതെ, ആർക്കോ ജീവൻ രക്ഷിക്കാൻ അടിയന്തര സഹായം ആവശ്യമുണ്ട് എന്നതിന്റെ സൂചനയായി ഡ്രൈവർമാർ കാണണമെന്നും അധികൃതർ ചൂണ്ടിക്കാട്ടി.

അടിയന്തര വാഹനങ്ങളുടെ സഞ്ചാരം തടസ്സപ്പെടുത്തുന്നത് ഗുരുതരമായ സാഹചര്യങ്ങൾ കൂടുതൽ വഷളാക്കുമെന്നും വഴിമാറിക്കൊടുക്കുന്നത് അപകടത്തിൽപ്പെട്ടവരെ സഹായിക്കാൻ മാത്രമല്ല, അപകടകരമായ സാഹചര്യങ്ങളിൽ സേവനമനുഷ്ഠിക്കുന്ന രക്ഷാപ്രവർത്തകരുടെ സുരക്ഷയ്ക്ക് കൂടിയാണെന്നും സിവിൽ ഡിഫൻസ് അതോറിറ്റി ഓർമ്മിപ്പിച്ചു.

Content Highlights: Abu Dhabi, emergency vehicles, Dh3,000 fine, traffic fine, UAE traffic rules, give way to emergency vehicles, road safety, Abu Dhabi police

dot image
To advertise here,contact us
dot image