

ഹോർമുസ് കടലിടുക്കിൽ എണ്ണക്കപ്പലുകൾക്ക് നേരെയുണ്ടാകുന്ന തുടർച്ചയായ ആക്രമണങ്ങളെ രൂക്ഷമായ ഭാഷയിൽ അപലപിച്ച് യുഎഇ. ഇത്തരത്തിലുള്ള ആക്രമണങ്ങൾ രാജ്യത്തിന്റെ പുരോഗതിയെ പിന്നോട്ടടിക്കില്ലെന്ന് യുഎഇ പ്രസിഡന്റിന്റെ നയതന്ത്ര ഉപദേഷ്ടാവ് ഡോ. അൻവർ ഗർഗാഷ് വ്യക്തമാക്കി. പ്രതിരോധം, നയതന്ത്രം, അന്താരാഷ്ട്ര നിയമങ്ങളോടുള്ള പ്രതിബദ്ധത എന്നിവയിലൂന്നിയുള്ള നിയന്ത്രിതവും ശക്തവുമായ നിലപാടാണ് യുഎഇ പിന്തുടരുന്നതെന്നും ഹോർമുസ് കടലിടുക്കിലൂടെയുള്ള സ്വതന്ത്ര സഞ്ചാരത്തിനുള്ള അവകാശം രാജ്യം സംരക്ഷിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കടലിടുക്കിനെ സാമ്പത്തിക സമ്മർദ്ദങ്ങൾക്കോ ബ്ലാക്ക്‌മെയിലിനോ ഉള്ള ആയുധമാക്കുന്നത് അംഗീകരിക്കാനാകില്ലെന്ന് വ്യക്തമാക്കിയ അൻവർ ഗർഗാഷ്, പ്രാദേശിക സുരക്ഷയും ഗൾഫ് രാജ്യങ്ങളുടെ പൊതുതാൽപ്പര്യങ്ങളും സംരക്ഷിക്കുന്നതിനായി ഏകീകൃത ഗൾഫ് നിലപാട് കൂടുതൽ ശക്തിപ്പെടുത്തുമെന്നും പറഞ്ഞു. അഡ്നോക് (ADNOC) ടാങ്കറുകൾക്ക് നേരെ ഉണ്ടാകുന്ന ആക്രമണങ്ങൾ യുഎഇയുടെ മുന്നോട്ടുള്ള പ്രയാണത്തെ തടയില്ലെന്ന് അദ്ദേഹം ഉറപ്പിച്ചു പറഞ്ഞു.
അതേസമയം, മേഖലയിലെ ആക്രമണങ്ങൾ ഉടനടി അവസാനിപ്പിക്കണമെന്നും ഹോർമുസ് കടലിടുക്ക് പൂർണ്ണമായും തുറന്നു നൽകണമെന്നും യുഎഇ വിദേശകാര്യ മന്ത്രാലയവും ആവശ്യപ്പെട്ടു. പ്രാദേശിക സുരക്ഷയ്ക്കും ആഗോള സമ്പദ്‌വ്യവസ്ഥയ്ക്കും അന്താരാഷ്ട്ര വ്യാപാരത്തിനും കടലിടുക്കിലൂടെയുള്ള സുരക്ഷിതമായ കപ്പൽ ഗതാഗതം ഏറെ നിർണായകമാണെന്ന് മന്ത്രാലയം ചൂണ്ടിക്കാട്ടി.
കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ മാത്രം അഡ്നോക് ടാങ്കറുകൾക്ക് നേരെ മൂന്ന് ആക്രമണങ്ങളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്. ഫെബ്രുവരി 28-ന് മേഖലയിൽ സംഘർഷം ആരംഭിച്ചതിനു ശേഷം ഇതുവരെ 18 അഡ്നോക് കപ്പലുകൾ ആക്രമിക്കപ്പെട്ടിട്ടുണ്ടെന്നാണ് ലഭ്യമാകുന്ന വിവരങ്ങൾ.
Content Highlights: UAE diplomatic adviser Dr Anwar Gargash has issued a warning amid tensions surrounding the Strait of Hormuz, reiterating the UAE's firm position as regional concerns continue to grow.