

ഷാർജയിലെ റിയൽ എസ്റ്റേറ്റ് മേഖലയിൽ സ്വദേശി യുവാക്കളുടെ നിക്ഷേപത്തില്‍ വന്‍ വർധനവ്. സ്വദേശി യുവാക്കളുടെ നിക്ഷേപം ഏകദേശം 430 കോടി ദിർഹം (4.3 ബില്യൺ ദിർഹം) കടന്നുവെന്നാണ് ഷാർജ റിയൽ എസ്റ്റേറ്റ് രജിസ്ട്രേഷൻ വകുപ്പില്‍ നിന്നുള്ള കണക്കുകള്‍ വ്യക്തമാക്കുന്നത്. 18 മുതൽ 35 വയസ്സ് വരെയുള്ള 5,314 എമിറാത്തി യുവാക്കൾ ചേർന്ന് ഇതുവരെ 7,052 പ്രോപ്പർട്ടികളിലാണ് നിക്ഷേപം നടത്തിയിട്ടുള്ളത്. രാജ്യാന്തര യുവജന ദിനത്തോടനുബന്ധിച്ചാണ് ഈ കണക്കുകൾ പുറത്തുവിട്ടത്.
എമിറേറ്റിലെ പ്രോപ്പർട്ടി വിപണിയിലെ തന്ത്രപ്രധാന ഇടപാടുകാരായി സ്വദേശി യുവാക്കൾ മാറുന്നുവെന്നും ഷാർജയുടെ സാമ്പത്തിക, നിയമ വ്യവസ്ഥകളിലുള്ള അവരുടെ ഉറച്ച വിശ്വാസമാണ് ഈ നേട്ടത്തിന് പിന്നിലെന്നും അധികൃതർ വ്യക്തമാക്കുന്നു. സുസ്ഥിര ആസ്തികൾ കെട്ടിപ്പടുക്കുന്നതിൽ യുവതലമുറ കാണിക്കുന്ന ഉയർന്ന നിക്ഷേപ അവബോധമാണ് ഇതിലൂടെ പ്രകടമാകുന്നതെന്നും അവർ കൂട്ടിച്ചേർത്തു.
നിക്ഷേപകരുടെ കണക്കുകളിൽ സ്ത്രീ-പുരുഷ പങ്കാളിത്തം ശ്രദ്ധേയമായ സന്തുലിതാവസ്ഥയും പുലർത്തുന്നുണ്ട്. ആകെ നടന്ന ഇടപാടുകളിൽ 61.3 ശതമാനം (4,325 പ്രോപ്പർട്ടികൾ) പുരുഷന്മാരും 38.7 ശതമാനം (2,727 പ്രോപ്പർട്ടികൾ) സ്ത്രീകളുമാണ് സ്വന്തമാക്കിയത്. നിക്ഷേപകരുടെ എണ്ണത്തിൽ 59.5 ശതമാനം (3,162 പേർ) പുരുഷന്മാരും 40.5 ശതമാനം (2,152 പേർ) സ്ത്രീകളുമാണ്. നിക്ഷേപ മൂല്യത്തിന്റെ കാര്യത്തിൽ പുരുഷന്മാർ 280 കോടി ദിർഹവും (64.6%) വനിതകൾ 150 കോടി ദിർഹവും (35.4%) വിനിയോഗിച്ചു.
എമിറാത്തി യുവാക്കളുടെ ഈ നിക്ഷേപം വെറുമൊരു റിയൽ എസ്റ്റേറ്റ് ഇടപാടായി മാത്രമല്ല കാണേണ്ടതെന്നും, ആസ്തികൾ നിർമിക്കുന്നതിലൂടെ യുവതലമുറയിൽ വളർന്നുവരുന്ന നിക്ഷേപ സംസ്കാരത്തിന്റെ തെളിവാണിതെന്നും ഷാർജ റിയൽ എസ്റ്റേറ്റ് രജിസ്ട്രേഷൻ ഡിപ്പാർട്ട്‌മെന്റിലെ യൂത്ത് കൗൺസിൽ ചെയർമാൻ സൗദ് അൽ ഖയാൽ വ്യക്തമാക്കി. എമിറേറ്റിന്റെ സമഗ്ര വികസന നയങ്ങളുടെ വിജയമാണ് ഈ മുന്നേറ്റമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Content Highlights: More than 5,300 Emiratis aged 18 to 35 have invested Dh4.3 billion in Sharjah's real estate sector as of August 2026. Their investments cover 7,052 properties, reflecting growing interest among young Emiratis in building long-term assets and participating in Sharjah's property market.