അബുദാബിയിൽ ഭവന വായ്പാ വിനിയോഗത്തിന് കൂടുതൽ സാവകാശം; സുപ്രധാന തീരുമാനവുമായി അധികൃതർ

നിർമ്മാണ മേഖലയിലെ വിപണി മാറ്റങ്ങളും ചെലവുകളിലെ വ്യതിയാനങ്ങളും കണക്കിലെടുത്താണ് കാലാവധി നീട്ടിയിരിക്കുന്നത്

അബുദാബിയിൽ ഭവന വായ്പാ വിനിയോഗത്തിന് കൂടുതൽ സാവകാശം; സുപ്രധാന തീരുമാനവുമായി അധികൃതർ
dot image

അബുദാബിയിൽ ഭവന നിർമ്മാണം, പുനർനിർമ്മാണം, അറ്റകുറ്റപ്പണികൾ എന്നിവയ്ക്കുള്ള വായ്പകൾ വിനിയോഗിക്കുന്നതിനുള്ള കാലാവധി (ആക്റ്റിവേഷൻ പീരിയഡ്) രണ്ട് വർഷം കൂടി നീട്ടി നൽകി അബുദാബി ഹൗസിംഗ് അതോറിറ്റി. കുടുംബക്ഷേമം മുൻനിർത്തിയുള്ള 'ഇയർ ഓഫ് ഫാമിലി' സംരംഭത്തിന്റെ ഭാഗമായാണ് പൗരന്മാർക്ക് ഏറെ പ്രയോജനപ്പെടുന്ന ഈ സുപ്രധാന തീരുമാനം അധികൃതർ പ്രഖ്യാപിച്ചത്.

നിർമ്മാണ പദ്ധതികളുടെ ആസൂത്രണത്തിലും നടത്തിപ്പിലും ഗുണഭോക്താക്കൾ നേരിടുന്ന സമ്മർദ്ദം ലഘൂകരിക്കാനും ആവശ്യത്തിന് സമയം അനുവദിച്ച് ഗുണനിലവാരമുള്ള നിർമ്മാണം ഉറപ്പാക്കാനുമാണ് ഈ ഇളവ് നൽകിയിരിക്കുന്നത്. പൗരന്മാരുടെ ഭവനപരമായ ആവശ്യങ്ങൾ കണ്ടറിഞ്ഞ്, അവരുടെ സാമ്പത്തിക ഭാരം കുറയ്ക്കുന്നതിനായി അതോറിറ്റി നടത്തുന്ന നിരന്തര അവലോകനങ്ങളുടെ ഫലമായാണ് പുതിയ നടപടി.

നിർമ്മാണ മേഖലയിലെ വിപണി മാറ്റങ്ങളും ചെലവുകളിലെ വ്യതിയാനങ്ങളും കണക്കിലെടുത്താണ് കാലാവധി നീട്ടിയിരിക്കുന്നത്. നിർമ്മാണ ജോലികൾ മുൻകൂട്ടി പ്ലാൻ ചെയ്യാനും അംഗീകൃത നിലവാരവും കാര്യക്ഷമതയുമുള്ള കോൺട്രാക്ടർമാരെയും കൺസൾട്ടന്റുമാരെയും അനുയോജ്യമായ നിരക്കിൽ തിരഞ്ഞെടുക്കാനും ഇത് ഗുണഭോക്താക്കൾക്ക് കൂടുതൽ സാവകാശം നൽകും.

എമിറാത്തി കുടുംബങ്ങളുടെ സുസ്ഥിരതയും ജീവിതനിലവാരവും ഉയർത്തുന്നതിനൊപ്പം കുടുംബങ്ങളുടെ ആവശ്യങ്ങൾക്ക് മുൻഗണന നൽകുന്ന ഭവന നയങ്ങളാണ് അതോറിറ്റി നടപ്പിലാക്കുന്നത്. ഉപഭോക്താക്കളുടെ ആവശ്യങ്ങളും വിപണിയിലെ സാഹചര്യങ്ങളും വിലയിരുത്തി ഏറ്റവും അനുയോജ്യമായ ഭവന പരിഹാരങ്ങൾ ഒരുക്കാനുള്ള അതോറിറ്റിയുടെ പ്രതിബദ്ധതയാണ് ഈ പുതിയ തീരുമാനത്തിലൂടെ വ്യക്തമാകുന്നത്.

Content Highlights: The Abu Dhabi Housing Authority has announced a significant decision to provide greater flexibility in the use of housing loans, offering beneficiaries more options to meet their housing requirements.

dot image
To advertise here,contact us
dot image