

ട്രെയിനുകള്‍ എപ്പോഴും സൗകര്യപ്രദമായ യാത്രാ മാര്‍ഗങ്ങളാണ്. യാത്രക്കാരുടെ ആവശ്യങ്ങള്‍ക്കും സൗകര്യത്തിനും അനുയോജ്യമായ വ്യത്യസ്ത ക്ലാസുകളില്‍ യാത്ര ചെയ്യാന്‍ സാധിക്കും എന്നതാണ് ഏറ്റവും വലിയ പ്രത്യേകത. ഓരോ യാത്രക്കാരനും അവരവരുടെ ആവശ്യങ്ങളും ബജറ്റും അടിസ്ഥാനമാക്കി ടിക്കറ്റ് ബുക്ക് ചെയ്യാന്‍ കഴിയും. ബജറ്റ് കുറവാണെങ്കില്‍ ജനറല്‍ അല്ലെങ്കില്‍ സ്ലീപ്പര്‍ ക്ലാസുകളില്‍ ടിക്കറ്റ് ബുക്ക് ചെയ്യാം. അതല്ല എസി ക്ലാസുകളില്‍ യാത്ര ചെയ്യാന്‍ ഇഷ്ടപ്പെടുന്നവരാണെങ്കില്‍ 1AC, 2AC, അല്ലെങ്കില്‍ 3AC എന്നിവയില്‍ ടിക്കറ്റ് ബുക്ക് ചെയ്യാവുന്നതാണ്.
എസി ക്ലാസ് നിരക്കുകള്‍ ജനറല്‍-സ്ലീപ്പര്‍ ക്ലാസുകളേക്കാള്‍ കൂടുതലാണെങ്കിലും സൗകര്യങ്ങള്‍ അവയേക്കാള്‍ മികച്ചതാണ്. എസി ക്ലാസില്‍ യാത്ര ചെയ്യാന്‍ ടിക്കറ്റെടുത്ത ഒരു യാത്രക്കാരന് എസി സൗകര്യം ലഭിച്ചില്ലെങ്കില്‍, അതായത് എസി കേടാണെങ്കില്‍ അത്തരമൊരു സാഹചര്യത്തില്‍ റെയില്‍വേയില്‍ നിന്ന് റീഫണ്ട് ആവശ്യപ്പെടാന്‍ കഴിയുന്ന സൗകര്യമുണ്ട്.

ട്രെയിനില്‍ എസി പ്രവര്‍ത്തിക്കുന്നില്ലെങ്കില്‍ ആദ്യം ട്രെയിനിലെ ജീവനക്കാരെയോ ടിടിഇയെയോ അറിയിക്കുക. കൂടാതെ യാത്രയില്‍ എത്ര സമയം എസി ലഭ്യമായിരുന്നില്ല എന്ന് വ്യക്തമാക്കുന്ന ഒരു രേഖ ടിടിഇയില്‍ നിന്ന് നേടുക. 'RailMadad' app (റെയില്‍മഡാഡ് ആപ്പ്)ലും പരാതി നല്‍കാം.
മുഴുവന്‍ ടിക്കറ്റിനും റീഫണ്ട് ലഭിക്കില്ല. മറിച്ച് എസി, നോണ്‍-എസി നിരക്കുകള്‍ തമ്മിലുള്ള വ്യത്യാസത്തിനാണ് റീഫണ്ട് ലഭിക്കുക എന്നത് ശ്രദ്ധിക്കേണ്ടതാണ്. അതായത് നിങ്ങള്‍ യാത്ര ചെയ്തിരുന്ന എസി ക്ലാസ് ഏതാണ്, എസി സര്‍വീസ് നിര്‍ത്തിയിരുന്ന ദൂരം എന്നിവയെ ആശ്രയിച്ചിരിക്കും റീഫണ്ട്.

Content Highlights : If a passenger who has booked a ticket for AC class does not receive the AC facility—for instance, if the AC is malfunctioning—there is a provision to claim a refund from the Railways.