സ്പാനിഷ് വിപ്ലവം! ക്രിക്കറ്റില്‍ തുടര്‍ച്ചയായ 21 മത്സരങ്ങളില്‍ ജയിച്ച് സ്‌പെയിന്‍

ഓസ്ട്രേലിയയുടെ എക്കാലത്തെയും വലിയ റെക്കോര്‍ഡ് തകര്‍ത്ത് സ്‌പെയിന്‍

സ്പാനിഷ് വിപ്ലവം! ക്രിക്കറ്റില്‍ തുടര്‍ച്ചയായ 21 മത്സരങ്ങളില്‍ ജയിച്ച് സ്‌പെയിന്‍
dot image

ഫുട്‌ബോള്‍ ലോകകപ്പിലെ കിരീടനേട്ടം മാത്രമല്ല, ഇനി ക്രിക്കറ്റിലും പെരുമ നേടുകയാണ് സ്‌പെയിന്‍. ക്രിക്കറ്റില്‍ ഇപ്പോഴിതാ പുതിയ റെക്കോഡ് നേട്ടമിട്ടാണ് സ്‌പെയിന്‍ തിളങ്ങിനില്‍ക്കുന്നത്. കഴിഞ്ഞദിവസം ഫിന്‍ലന്‍ഡിനെ 8 വിക്കറ്റിന് തകര്‍ത്ത് സ്‌പെയിന്‍ തുടര്‍ച്ചയായ 21-ാം അന്താരാഷ്ട്ര വിജയം സ്വന്തമാക്കുകയും 2028-ലെ ട്വന്റി20 ലോകകപ്പ് യോഗ്യതാ പ്രതീക്ഷകള്‍ സജീവമാക്കുകയും ചെയ്തു. ഇതിലൂടെ അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഓസ്ട്രേലിയ സ്ഥാപിച്ച ഒരു ലോക റെക്കോര്‍ഡ് തകര്‍ക്കാനും സ്‌പെയിന് സാധിച്ചു.


യൂറോപ്പ് സബ്-റീജിയണല്‍ ക്വാളിഫയര്‍ സി മത്സരത്തില്‍ ഫിന്‍ലന്‍ഡിനെ നേരിട്ട സ്‌പെയിന്‍ 132 റണ്‍സിന്റെ കൂറ്റന്‍ വിജയമാണ് നേടിയത്. ഐ.സി.സി ട്വന്റി20 റാങ്കിംഗില്‍ 28-ാം സ്ഥാനത്തുള്ള സ്‌പെയിന്‍, കഴിഞ്ഞ മൂന്ന് വര്‍ഷമായി അന്താരാഷ്ട്ര ട്വന്റി20യില്‍ ഒരു മത്സരത്തില്‍ പോലും തോറ്റിട്ടില്ല. ഐല്‍ ഓഫ് മാനെതിരായ വിജയത്തോടെയാണ് അവരുടെ വിജയക്കുതിപ്പ് ആരംഭിച്ചത്. ഈ കാലയളവില്‍ ജേഴ്സി, ക്രൊയേഷ്യ, ചെക്ക് റിപ്പബ്ലിക്, ഗ്രീസ്, ഫിന്‍ലന്‍ഡ് എന്നീ ടീമുകളെ സ്‌പെയിന്‍ കീഴടക്കി. 21-ാം വിജയത്തോടെ, റിക്കി പോണ്ടിംഗിന്റെ നേതൃത്വത്തിലുള്ള ഓസ്ട്രേലിയന്‍ ടീം സ്ഥാപിച്ച റെക്കോര്‍ഡാണ് ഇപ്പോള്‍ സ്‌പെയിന്‍ മറികടന്നത്. പോണ്ടിംഗിന് കീഴില്‍, 2003-ലെ ഏകദിന ലോകകപ്പ് ഫൈനലില്‍ ഇന്ത്യക്കെതിരായ വിജയം അടക്കം തുടര്‍ച്ചയായ 17 ഏകദിനങ്ങളില്‍ ഓസ്ട്രേലിയ തോല്‍വിയറിയാതെ മുന്നേറിയിരുന്നു. തുടര്‍ന്ന് വെസ്റ്റ് ഇന്‍ഡീസിനെതിരായ മൂന്ന് ടെസ്റ്റ് മത്സരങ്ങളും ജയിച്ചതോടെ അന്താരാഷ്ട്ര ക്രിക്കറ്റില്‍ തുടര്‍ച്ചയായി 20 വിജയങ്ങള്‍ എന്ന റെക്കോര്‍ഡ് ഓസീസ് സ്വന്തമാക്കി.

  • അന്താരാഷ്ട്ര ക്രിക്കറ്റിലെ ഏറ്റവും കൂടുതല്‍ തുടര്‍ച്ചയായ വിജയങ്ങള്‍
  • 21- സ്‌പെയിന്‍ (2023 - 2026)
    20- ഓസ്ട്രേലിയ (2003)
    17- ഉഗാണ്ട (2024 - 2025)
    16- ഓസ്ട്രേലിയ (2000 - 2001)
    16- ഓസ്ട്രേലിയ (2006 - 2007)
    14- പാകിസ്ഥാന്‍ (1990)
    14- പാകിസ്ഥാന്‍ (2011 - 2012)
    14- ജപ്പാന്‍ (2024 - 2025)

2024-ല്‍ തുടര്‍ച്ചയായ 14 വിജയങ്ങള്‍ നേടി ട്വന്റി20 അന്താരാഷ്ട്ര ക്രിക്കറ്റിലെ ഏറ്റവും കൂടുതല്‍ തുടര്‍ച്ചയായ വിജയങ്ങളുടെ റെക്കോര്‍ഡ് സ്‌പെയിന്‍ സ്വന്തമാക്കിയിരുന്നു. 2025 അവസാനത്തോടെ 6 വിജയങ്ങള്‍ കൂടി സ്വന്തമാക്കിയ അവര്‍, അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ തുടര്‍ച്ചയായ വിജയങ്ങള്‍ നേടിയ ഓസ്ട്രേലിയയുടെ റെക്കോര്‍ഡിനൊപ്പമെത്തി (20 വിജയങ്ങള്‍). തുടര്‍ന്ന് 2026-ലെ തങ്ങളുടെ ആദ്യ മത്സരത്തില്‍ ഫിന്‍ലന്‍ഡിനെ തോല്‍പ്പിച്ചതോടെ സ്‌പെയിന്‍ ഓസ്ട്രേലിയയുടെ എക്കാലത്തെയും മികച്ച റെക്കോര്‍ഡ് പഴങ്കഥയാക്കി. 2019 ജനുവരി മുതല്‍ ഇതുവരെ സ്‌പെയിന്‍ 50 അന്താരാഷ്ട്ര ട്വന്റി20 മത്സരങ്ങളില്‍ കളിച്ചിട്ടുണ്ടെന്നതും ശ്രദ്ധേയമാണ്. ഇതില്‍ 41 മത്സരങ്ങളില്‍ ജയം നേടിയപ്പോള്‍ 8 മത്സരങ്ങളില്‍ മാത്രമാണ് തോല്‍വി വഴങ്ങിയത്.

content highlights: Spanish Revolution! Spain Wins 21 Consecutive Cricket Matches to Set World Record

dot image
To advertise here,contact us
dot image