ബംഗ്ലാദേശിന് ചരിത്രജയം; ഓസീസിനെ കീഴടക്കി

ഓസ്‌ട്രേലിയന്‍ മണ്ണില്‍ ബംഗ്ലാദേശിന്റെ ആദ്യജയം, ഓസ്‌ട്രേലിയയെ തോല്‍പ്പിച്ചത് ഒമ്പത് വിക്കറ്റിന്

ബംഗ്ലാദേശിന് ചരിത്രജയം; ഓസീസിനെ കീഴടക്കി
dot image

ഓസ്‌ട്രേലിയക്കെതിരായ ടെസ്റ്റ് ക്രിക്കറ്റില്‍ ബംഗ്ലാദേശിന് ചരിത്രജയം. ഓസ്‌ട്രേലിയന്‍ മണ്ണില്‍ ബംഗ്ലാദേശ് ആദ്യജയം കുറിച്ചു. ഒമ്പത് വിക്കറ്റിനാണ് ബംഗ്ലാദേശ് ഓസ്‌ട്രേലിയയെ കീഴടക്കിയത്. ഓസ്ട്രേലിയന്‍ മണ്ണില്‍ ടെസ്റ്റ് വിജയം നേടുന്ന, ഇന്ത്യയ്ക്കും പാകിസ്താനും ശേഷമുള്ള മൂന്നാമത്തെ മാത്രം ഏഷ്യന്‍ ടീമായി ഇതോടെ ബംഗ്ലാദേശ് മാറി. മത്സരത്തിന്റെ നാലാം ദിനത്തിലെ രണ്ടാം സെഷനില്‍, ജയിക്കാന്‍ 57 റണ്‍സ് മാത്രം വേണമെന്നിരിക്കെ ബംഗ്ലാദേശ് എളുപ്പത്തില്‍ ലക്ഷ്യം കണ്ടു. മോമിനുല്‍ ഹഖ് 30 റണ്‍സോടെയും ഷദ്മാന്‍ ഇസ്ലാം 25 റണ്‍സോടെയും പുറത്താകാതെ നിന്നു. മെഹ്ദി ഹസന്‍ മിറാസിന്റെ അഞ്ചുവിക്കറ്റ് നേട്ടവും ഹസന്‍ മഹ്‌മൂദിന്റെ മൂന്നുവിക്കറ്റ് നേട്ടവുമാണ് രണ്ടാം ഇന്നിങ്‌സില്‍ ബംഗ്ലാദേശിന് കരുത്തായത്. ടസ്‌കിന്‍ അഹമ്മദും താജുല്‍ ഇസ്ലാമും ഓരോ വിക്കറ്റ് വീഴ്ത്തി. രണ്ടാമിന്നിങ്‌സില്‍ സെഞ്ചുറി നേടിയ കാമറൂണ്‍ ഗ്രീനാണ് (104) ഓസീസിനെ നാണക്കേടില്‍നിന്ന് രക്ഷിച്ചത്. സ്റ്റീവന്‍ സ്മിത്തും 44 റണ്‍സുമായി പൊരിതിനോക്കിയെങ്കിലും ബംഗ്ലാദേശ് ബൗളര്‍മാര്‍ക്ക് മുന്നില്‍ പതറി. മാര്‍നസ് ലെബുഷെയ്ന്‍ (31), അലക്‌സ് കാരി (30) എന്നിവരും പൊരുതാന്‍ ശ്രമിച്ചെങ്കിലും ഫലം കണ്ടില്ല.

ഓസ്ട്രേലിയയെ രണ്ടാം ഇന്നിങ്‌സില്‍ 284 റണ്‍സിന് പുറത്താക്കാന്‍ ബംഗ്ലാദേശ് ബൗളര്‍മാര്‍ക്കായി. ഓഫ് സ്പിന്നര്‍ മെഹിദി ഹസന്‍ മിറാസാണ് ഓസ്ട്രേലിയന്‍ ബാറ്റിങ് നിരയെ തകര്‍ത്തത്. അഞ്ച് വിക്കറ്റ് വീഴ്ത്തിയ മെഹിദി തന്റെ ടെസ്റ്റ് കരിയറിലെ 15-ാം അഞ്ച് വിക്കറ്റ് നേട്ടമാണ് സ്വന്തമാക്കിയത്. ഇതിന് പുറമെ ബാറ്റിംഗില്‍ സുപ്രധാന 65 റണ്‍സും അദ്ദേഹം സംഭാവന ചെയ്തു. അലക്‌സ് കേരി, ബോ വെബ്സ്റ്റര്‍, നഥാന്‍ ലിയോണ്‍ എന്നിവരുള്‍പ്പെടെ അഞ്ച് പേരെയാണ് മെഹിദി മടക്കി അയച്ചത്. ബംഗ്ലാദേശ് പേസര്‍ ഹസന്‍ മഹ്‌മൂദും അവിസ്മരണീയ പ്രകടനമാണ് കാഴ്ചവെച്ചത്. മത്സരത്തിലാകെ 111 റണ്‍സ് വഴങ്ങി ഒന്‍പത് വിക്കറ്റുകള്‍ അദ്ദേഹം വീഴ്ത്തി. ഇന്ത്യയുടെ ജസ്പ്രീത് ബുമ്രയെ ഒഴിച്ചുനിര്‍ത്തിയാല്‍, കഴിഞ്ഞ 15 വര്‍ഷത്തിനിടെ ഓസ്ട്രേലിയയില്‍ ഒരു സന്ദര്‍ശക ബൗളറുടെ ഏറ്റവും മികച്ച ബൗളിങ് പ്രകടനമാണിത്.

തന്റെ കരിയറിലെ ആദ്യ ഹോം ടെസ്റ്റ് സെഞ്ചുറി നേടിയ കാമറൂണ്‍ ഗ്രീന്‍ (104) മാത്രമാണ് ഓസ്ട്രേലിയയ്ക്ക് പ്രതീക്ഷ നല്‍കിയത്. അഞ്ച് മണിക്കൂറോളം ചെറുത്തുനിന്ന ഗ്രീനിനെ ഒടുവില്‍ ഹസന്‍ മഹ്‌മൂദ് പുറത്താക്കുകയായിരുന്നു. തുടര്‍ന്ന് നഥാന്‍ ലിയോണിന്റെ വിക്കറ്റ് മെഹിദി കൂടി വീഴ്ത്തിയതോടെ ഓസ്ട്രേലിയന്‍ ഇന്നിങ്‌സ് അവസാനിച്ചു.

ഏഷ്യയ്ക്ക് പുറത്ത് ടെസ്റ്റ് മത്സരങ്ങളില്‍ തളരാറുള്ള ബംഗ്ലാദേശിന് ഈ വിജയം കരിയറിലെ വന്‍ വഴിത്തിരിവാണ്. കഴിഞ്ഞ 23 ടെസ്റ്റുകളില്‍ 18 എണ്ണത്തിലും വിജയിക്കുകയും അവസാന രണ്ട് ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലുകളില്‍ കളിക്കുകയും ചെയ്ത ഓസ്ട്രേലിയയെയാണ് ബംഗ്ലാദേശ് തറപറ്റിച്ചത്. നജ്മുല്‍ ഹൊസൈന്‍ ശാന്തോയുടെ നേതൃത്വത്തിലിറങ്ങിയ ബംഗ്ലാദേശിന് ഇതോടെ രണ്ട് മത്സരങ്ങളടങ്ങിയ പരമ്പരയില്‍ 1-0 ത്തിന്റെ ലീഡായി.

content highlights: Historic Victory for Bangladesh; Defeats Australia

dot image
To advertise here,contact us
dot image