

കടുത്ത ദുരിതം അനുഭവിക്കുന്ന ഗാസയിലെ ജനങ്ങൾക്ക് ആവശ്യമായ അടിയന്തര മരുന്നുകളും മെഡിക്കൽ സാമഗ്രികളും എത്തിക്കുന്നതിനായി ദുബായിൽ നിന്ന് പുതിയ എയർ ബ്രിഡ്ജ് (Air Bridge) ദൗത്യത്തിന് തുടക്കമായി. ദുബായ് ഹ്യൂമാനിറ്റേറിയന്റെ നേതൃത്വത്തിൽ ആരംഭിച്ച ഈ സഹായ പദ്ധതിയുടെ ആദ്യഘട്ടം ഈജിപ്തിലെത്തിച്ചു. ലോകാരോഗ്യ സംഘടനയുടെ (WHO) നേതൃത്വത്തിൽ ഗാസയിൽ നടക്കുന്ന ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് ശക്തമായ പിന്തുണ നൽകുകയാണ് ഈ ദൗത്യത്തിലൂടെ യുഎഇ ലക്ഷ്യമിടുന്നത്.
നാല് പ്രത്യേക വിമാനങ്ങളിലായി മരുന്നുകൾ, താൽക്കാലിക ടെന്റുകൾ, കുട്ടികൾക്കും മറ്റുമുള്ള പോഷകാഹാര ബിസ്കറ്റുകൾ എന്നിവയാണ് ആദ്യഘട്ടത്തിൽ ഈജിപ്തിലെ അൽ അരിഷ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിച്ചത്. ഇവ ഇവിടെ നിന്ന് കരമാർഗ്ഗം ഗാസയിലേക്ക് കൊണ്ടുപോകും. ഏകദേശം 13 ലക്ഷത്തിലധികം ഡോളർ (10 കോടിയിലധികം രൂപ) മൂല്യമുള്ള ജീവൻരക്ഷാ മരുന്നുകളും സാമഗ്രികളുമാണ് ഇതിലുള്ളത്. നാല് ലക്ഷത്തോളം ആളുകൾക്ക് ഇതിന്റെ പ്രയോജനം ലഭിക്കുമെന്നാണ് വിലയിരുത്തൽ.
വരും ആഴ്ചകളിൽ എയർ ബ്രിഡ്ജ് സർവീസുകളുടെ എണ്ണം വർദ്ധിപ്പിച്ച് ഏകദേശം 150 ടൺ ആരോഗ്യ സാമഗ്രികൾ കൂടി ഗാസയിൽ എത്തിക്കാനാണ് പദ്ധതി. ദുബായ് ഹ്യൂമാനിറ്റേറിയനിലെ ലോകാരോഗ്യ സംഘടനയുടെ ഗ്ലോബൽ ലോജിസ്റ്റിക്സ് കേന്ദ്രത്തിൽ ശേഖരിച്ചിരുന്ന സഹായവസ്തുക്കളാണ് അയക്കുന്നത്. ഗാസയിലെ തകർന്നടിഞ്ഞ ആരോഗ്യ മേഖലയ്ക്ക് വലിയൊരു ആശ്വാസമാകും ദുബായിൽ നിന്നുള്ള ഈ ഇടപെടൽ.
യുദ്ധക്കെടുതി അനുഭവിക്കുന്ന ഗാസയിലെ സാധാരണക്കാർക്ക് നിരന്തരം സഹായങ്ങൾ എത്തിക്കുന്നതിൽ മുൻപന്തിയിലുള്ള രാജ്യമാണ് യുഎഇ. പരിക്കേറ്റവർക്ക് അടിയന്തര ചികിത്സ ലഭ്യമാക്കുന്നതിനായി യുഎഇയുടെ പ്രത്യേക ഫ്ലോട്ടിംഗ് ആശുപത്രിയും (Floating Hospital) നിലവിൽ ഗാസ തീരത്തോട് ചേർന്ന് സജീവമായി പ്രവർത്തിക്കുന്നുണ്ട്.
Content Highlights: Dubai has launched a new air bridge to deliver humanitarian assistance to Gaza, with the first phase of the relief mission successfully completed. The initiative aims to support people affected by the ongoing humanitarian crisis.