പ്രകൃതിക്കും ജീവജാലങ്ങൾക്കും സുരക്ഷ ഉറപ്പാക്കാൻ അബുദാബി; ജൈവവൈവിധ്യ സംരക്ഷണത്തിനായി നിയമം

പ്രകൃതിദത്ത സംരക്ഷിത മേഖലകൾക്ക് പുറത്ത് സ്ഥിതി ചെയ്യുന്ന പ്രധാനപ്പെട്ട കര-കടൽ ഭാഗങ്ങൾക്കും ഈ സംരക്ഷണം ലഭിക്കും

പ്രകൃതിക്കും ജീവജാലങ്ങൾക്കും സുരക്ഷ ഉറപ്പാക്കാൻ അബുദാബി; ജൈവവൈവിധ്യ സംരക്ഷണത്തിനായി നിയമം
dot image

അബുദാബിയിലെ ജീവിവർഗ്ഗങ്ങളെയും അവയുടെ പ്രകൃതിദത്ത വാസസ്ഥലങ്ങളെയും സംരക്ഷിക്കുന്നതിനും ജൈവവൈവിധ്യം ഉറപ്പുവരുത്തുന്നതിനുമായി പുതിയ ഉത്തരവുമായി അധികൃതർ. പരിസ്ഥിതി സംരക്ഷണവും സുസ്ഥിര വികസനവും തമ്മിൽ കൃത്യമായ സന്തുലിതാവസ്ഥ കൈവരിക്കുന്ന തരത്തിലാണ് പുതിയ നിർദ്ദേശങ്ങൾ തയ്യാറാക്കിയിരിക്കുന്നത്. ഭാവി തലമുറയ്ക്കായി പ്രകൃതിദത്ത ആവാസവ്യവസ്ഥയെ സംരക്ഷിച്ചു നിർത്തുക എന്ന വലിയ ലക്ഷ്യത്തോടെയാണ് ഈ സുപ്രധാന നീക്കം.

അൽ ദഫ്ര മേഖലയിലെ ഭരണാധികാരിയുടെ പ്രതിനിധിയും അബുദാബി എൻവയോൺമെന്റ് ഏജൻസി (EAD) ചെയർമാനുമായ ഷെയ്ഖ് ഹംദാൻ ബിൻ സായിദ് അൽ നഹ്യാനാണ് ഉത്തരവ് പുറപ്പെടുവിച്ചത്. കരയിലെയും കടലിലെയും ജീവിവർഗ്ഗങ്ങളെയും അവയുടെ സ്വാഭാവിക വാസസ്ഥലങ്ങളെയും സംരക്ഷിക്കുന്നതിനായി സംയോജിതവും സമഗ്രവുമായ ഒരു ചട്ടക്കൂടാണ് ഇതിലൂടെ ഒരുക്കിയിരിക്കുന്നത്. നശിച്ചുപോയ ആവാസവ്യവസ്ഥകളുടെ പുനരുദ്ധാരണവും ഇതിന്റെ ഭാഗമായി നടപ്പിലാക്കും.

അബുദാബി എൻവയോൺമെന്റ് ഏജൻസി അംഗീകരിച്ച പട്ടികയിൽ ഉൾപ്പെടുന്ന എല്ലാ പ്രാദേശിക ജീവികൾക്കും ദേശാടന ജീവികൾക്കും ഈ നിയമം ബാധകമായിരിക്കും. പ്രകൃതിദത്ത സംരക്ഷിത മേഖലകൾക്ക് പുറത്ത് സ്ഥിതി ചെയ്യുന്ന പ്രധാനപ്പെട്ട കര-കടൽ ഭാഗങ്ങൾക്കും ഈ സംരക്ഷണം ലഭിക്കും. എന്നാൽ പ്രാദേശികമല്ലാത്തതും വിദേശ സസ്യ-മൃഗ വർഗ്ഗങ്ങളിൽപ്പെട്ടതുമായ ജീവികളെ ഇതിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

പരിസ്ഥിതിക്ക് ആഘാതമുണ്ടാക്കുന്ന പ്രവർത്തനങ്ങളെ നിയന്ത്രിക്കുന്നതിനും ജൈവവൈവിധ്യം നേരിടുന്ന ഭീഷണികൾ കുറയ്ക്കുന്നതിനുമുള്ള വ്യക്തമായ മാർഗ്ഗനിർദ്ദേശങ്ങൾ ഉത്തരവിൽ ഉൾപ്പെടുന്നു. അബുദാബിയിലെ പ്രകൃതി സംരക്ഷണവും ആവാസവ്യവസ്ഥയുടെ വീണ്ടെടുപ്പും ലക്ഷ്യമിട്ട് ഇ.എ.ഡി തയ്യാറാക്കുന്ന നിയമനിർമ്മാണങ്ങളുടെ ഭാഗമാണിത്. ഉത്തരവിലെ നിർദ്ദേശങ്ങൾ കൃത്യമായി പാലിക്കാനും പ്രകൃതി സംരക്ഷണത്തിനായി ഒരുമിച്ച് നിൽക്കാനും പൊതുജനങ്ങളോടും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങളോടും അധികൃതർ അഭ്യർത്ഥിച്ചു.

Content Highlights: Abu Dhabi has introduced a new law focused on protecting biodiversity, natural habitats and wildlife. The legislation aims to strengthen environmental conservation and safeguard ecosystems for future generations.

dot image
To advertise here,contact us
dot image