

യുദ്ധവിമാനം തകർന്നുവീണതിനെ തുടർന്ന് ഇറാനിയൻ പൈലറ്റുമാരെ ഖത്തർ രഹസ്യ തടങ്കലിൽ പാർപ്പിച്ചിരിക്കുകയാണെന്ന ടെഹ്‌റാന്റെ ആരോപണങ്ങൾ തള്ളി ഖത്തർ വിദേശകാര്യ മന്ത്രാലയം. പൈലറ്റുമാരാരും ജീവനോടെ തങ്ങളുടെ കസ്റ്റഡിയിലില്ലെന്ന് ഖത്തർ വ്യക്തമാക്കി. പശ്ചിമേഷ്യയിലെ സംഘർഷങ്ങൾ ലഘൂകരിക്കുന്നതിനായുള്ള ശക്തമായ നയതന്ത്ര ശ്രമങ്ങൾ തുടരുന്നതിനിടെ പുറത്തുവന്ന ഇത്തരം തെറ്റിദ്ധാരണാജനകമായ പ്രസ്താവനകളിൽ ഖത്തർ വിദേശകാര്യ മന്ത്രാലയ വക്താവ് മാജിദ് അൽ അൻസാരി അതൃപ്തി പ്രകടിപ്പിച്ചു.
മാർച്ചിൽ സുഖോയ് യുദ്ധവിമാനങ്ങൾ തകർന്നതിനെ തുടർന്ന് ഖത്തർ മൂന്ന് പൈലറ്റുമാരെ ജീവനോടെ പിടികൂടിയിരുന്നുവെന്നാണ് ഇറാന്റെ ആരോപമം. ഇവർ കഴിഞ്ഞ ആറുമാസമായി കുടുംബാംഗങ്ങളെയോ നയതന്ത്ര പ്രതിനിധികളെയോ ബന്ധപ്പെടാൻ കഴിയാതെ അജ്ഞാത തടങ്കലിലാണെന്നും വിഷയത്തിൽ അന്താരാഷ്ട്ര റെഡ് ക്രോസ് കമ്മിറ്റി ഇടപെടണമെന്നും ഇറാൻ ആവശ്യപ്പെട്ടിരുന്നു. ഒരു പൈലറ്റ് കൊല്ലപ്പെട്ടതായും മറ്റുള്ളവരെ കാണാതായതായും ഇറാൻ നേരത്തെ വ്യക്തമാക്കിയിരുന്നെങ്കിലും ഇവരെ തടവിലാക്കിയെന്ന ആരോപണം ആദ്യമായാണ് പരസ്യപ്പെടുത്തുന്നത്.
മാർച്ചിൽ ഇറാൻ യുദ്ധവിമാനങ്ങൾ ഖത്തറിന്റെ വ്യോമാതിർത്തി അനധികൃതമായി ലംഘിച്ചിരുന്നു. തുടർന്ന് വിമാനങ്ങളുമായി ആശയവിനിമയം നടത്താൻ ശ്രമിച്ചെങ്കിലും യാതൊരു പ്രതികരണവും ലഭിച്ചില്ലെന്ന് ദോഹ അറിയിച്ചു. തുടർന്നാണ് വ്യോമ പ്രതിരോധ സേന വിമാനങ്ങളെ വെടിവെച്ചിട്ടത്. പിന്നാലെ നടത്തിയ തിരച്ചിലിൽ ഒരു പൈലറ്റിന്റെ മൃതദേഹം കണ്ടെത്തുകയും അന്താരാഷ്ട്ര മാനുഷിക നിയമങ്ങൾ പാലിച്ച് അത് കൈമാറാൻ ഇറാനുമായി ഏകോപനം നടത്തുകയും ചെയ്തിരുന്നു. രക്ഷാപ്രവർത്തനങ്ങളുടെ വിശദാംശങ്ങൾ നേരിട്ട് വിലയിരുത്താൻ ഏപ്രിലിൽ ഇറാൻ പ്രതിനിധി സംഘത്തെ ക്ഷണിച്ചെങ്കിലും ഇതുവരെ മറുപടി ലഭിച്ചിട്ടില്ലെന്നും ഖത്തർ ചൂണ്ടിക്കാട്ടി.
ഒരു ഗൾഫ് രാജ്യം ഇറാൻ യുദ്ധവിമാനങ്ങൾ വെടിവെച്ചിടുന്നത് ഇതാദ്യമായിരുന്നു. ഏപ്രിലിൽ പാകിസ്താന്റെ മധ്യസ്ഥതയിൽ നിലവിൽ വന്ന വെടിനിർത്തലും തുടർചർച്ചകളും ജൂണിൽ പരാജയപ്പെട്ടതോടെ ഹോർമുസ് കടലിടുക്കിൽ കപ്പൽ ഗതാഗതത്തിന് മേലുള്ള നിയന്ത്രണങ്ങളും സംഘർഷങ്ങളും വീണ്ടും രൂക്ഷമായി.
തർക്കങ്ങൾ നിലനിൽക്കുമ്പോഴും യുഎസിനും ഇറാനും ഇടയിൽ സമാധാന പരിഹാരമുണ്ടാക്കാൻ ഖത്തർ സജീവ മധ്യസ്ഥത തുടരുകയാണ്. അതിനിടെ, ഇറാൻ കനത്ത പരാജയം നേരിടുകയാണെന്നും ഹോർമുസ് കടലിടുക്ക് ഉടൻ യുഎസ് പ്രദേശമായി പ്രഖ്യാപിക്കുമെന്നും യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രസ്താവിച്ചു. എന്നാൽ, ഒരു ട്വീറ്റുകൊണ്ടോ വിമാനവാഹിനിക്കപ്പലുകൾ കൊണ്ടോ തന്ത്രപ്രധാനമായ ഈ ജലപാത പിടിച്ചെടുക്കാനാകില്ലെന്നും പരാജയം അംഗീകരിക്കുന്നതുവരെ ഉപരോധം തുടരുമെന്നും ഇറാന്റെ വിദേശകാര്യ മന്ത്രാലയവും പ്രതികരിച്ചു.
Content Highlights: Qatar has rejected allegations from Tehran that Iranian pilots were being held in secret detention, dismissing the claims as false.