യുഎഇയിൽ കനത്ത മഴയും ഇടിമിന്നലും തുടരുന്നു; അഞ്ച് ദിവസത്തേക്ക് ജാഗ്രതാ നിർദ്ദേശം

യുഎഇക്ക് പുറമേ സൗദി അറേബ്യ, ഒമാൻ തുടങ്ങിയ മറ്റ് ഗൾഫ് രാജ്യങ്ങളിലും ഇടിമിന്നലോടു കൂടിയ മഴ തുടരുമെന്നാണ് മുന്നറിയിപ്പ്.

യുഎഇയിൽ കനത്ത മഴയും ഇടിമിന്നലും തുടരുന്നു; അഞ്ച് ദിവസത്തേക്ക് ജാഗ്രതാ നിർദ്ദേശം
dot image

യുഎഇയുടെ വിവിധ ഭാഗങ്ങളിൽ ഇന്നും ശക്തമായ മഴയും ആലിപ്പഴ വീഴ്ചയും അനുഭവപ്പെട്ടു. വരും ദിവസങ്ങളിലും കാലാവസ്ഥ വ്യതിയാനം തുടരുമെന്നും അഞ്ച് ദിവസത്തേക്ക് മഴയ്ക്ക് സാധ്യതയുണ്ടെന്നും ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഷാർജയിലെ അൽ ദൈദ് റോഡ്, മലീഹ, ഖോർഫക്കാൻ പ്രദേശങ്ങളിൽ വൻതോതിൽ ആലിപ്പഴം പതിക്കുന്നതിന്റെ ദൃശ്യങ്ങൾ കാലാവസ്ഥാ ട്രാക്കിംഗ് ചാനലുകൾ പുറത്തുവിട്ടിട്ടുണ്ട്.

യുഎഇക്ക് പുറമേ സൗദി അറേബ്യ, ഒമാൻ തുടങ്ങിയ മറ്റ് ഗൾഫ് രാജ്യങ്ങളിലും ഇടിമിന്നലോടു കൂടിയ മഴ തുടരുമെന്നാണ് മുന്നറിയിപ്പ്. അസീർ, ജാസാൻ, അൽ ബഹ, മക്ക, നജ്‌റാൻ തുടങ്ങിയ മേഖലകളിൽ ആഴ്ചാവസാനം വരെ മഴ തുടരുമെന്ന് സൗദി അറേബ്യയും ഹജർ പർവ്വതനിരകൾ കേന്ദ്രീകരിച്ച് ശക്തമായ ഇടിമിന്നലുണ്ടാകുമെന്ന് ഒമാൻ ഭരണകൂടവും അറിയിച്ചു.

മഴ കനക്കുന്ന പശ്ചാത്തലത്തിൽ പൊതുജനങ്ങൾക്കായി യുഎഇ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം സുരക്ഷാ നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചിട്ടുണ്ട്. ഔദ്യോഗിക വിവരങ്ങൾ മാത്രം വിശ്വസിക്കുക, വ്യാജ വാർത്തകൾ പ്രചരിപ്പിക്കരുത്, വാഹനം ഓടിക്കുമ്പോൾ അതീവ ജാഗ്രത പാലിക്കുക, വെള്ളക്കെട്ടുള്ള പ്രദേശങ്ങളിൽ നിന്നും മലവെള്ളപ്പാച്ചിൽ സാധ്യതയുള്ള ഇടങ്ങളിൽ നിന്നും അകന്നുനിൽക്കുക, ഇടിമിന്നലുള്ള സമയങ്ങളിൽ തുറസ്സായ സ്ഥലങ്ങളിലോ ഉയർന്ന പ്രദേശങ്ങളിലോ നിൽക്കുന്നത് ഒഴിവാക്കുക, ശക്തമായ കാറ്റിൽ വസ്തുക്കൾ പറന്നുപോകാനും കാഴ്ചമങ്ങാനും സാധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കുക തുടങ്ങിയവയാണ് അധികൃതരുടെ മുന്നറിയിപ്പുകൾ.

അതിനിടെ മഴ പെയ്യുന്നുണ്ടെങ്കിലും യുഎഇയിൽ ചൂടിൽ വലിയ കുറവുണ്ടാകില്ല. ഉൾനാടൻ പ്രദേശങ്ങളിൽ ഉയർന്ന താപനില 45 ഡിഗ്രി മുതൽ 50 ഡിഗ്രി സെൽഷ്യസ് വരെ രേഖപ്പെടുത്താൻ സാധ്യതയുണ്ട്. തീരദേശങ്ങളിൽ 42 മുതൽ 47 ഡിഗ്രി വരെയും പർവ്വത മേഖലകളിൽ 33 മുതൽ 39 ഡിഗ്രി വരെയുമായിരിക്കും താപനില. ദുബായിലും അബുദാബിയിലും വരും ദിവസങ്ങളിൽ താപനില 45-46 ഡിഗ്രി സെൽഷ്യസ് വരെ ഉയർന്നേക്കുമെന്നും കാലാവസ്ഥാ കേന്ദ്രം മുന്നറയിപ്പ് നൽകുന്നു.

Content Highlights: Heavy rainfall and thunderstorms continue across the UAE, prompting authorities to issue a five-day weather advisory. Residents have been urged to remain cautious and follow safety instructions during the unstable weather conditions.

dot image
To advertise here,contact us
dot image