

അബുദാബിയിലെ കെട്ടിടങ്ങളിലെ കുടിവെള്ള ടാങ്കുകൾ കൃത്യമായ ഇടവേളകളിൽ വൃത്തിയാക്കണമെന്ന് മുന്നറിയിപ്പുമായി അധികൃതർ. കുറഞ്ഞത് ആറുമാസത്തിലൊരിക്കലെങ്കിലും ടാങ്കുകൾ വൃത്തിയാക്കിയിരിക്കണം. ഇക്കാര്യത്തിൽ വീഴ്ച വരുത്തുന്നത് പൊതുജനാരോഗ്യത്തിന് വലിയ ഭീഷണിയാണെന്നും അധികൃതർ മുന്നറിയിപ്പ് നൽകുന്നു.
ടാങ്കുകൾ വൃത്തിയാക്കാനുള്ള പ്രധാന ഉത്തരവാദിത്തം കെട്ടിട ഉടമകൾക്കോ അല്ലെങ്കിൽ പ്രോപ്പർട്ടി മാനേജ്‌മെന്റുകൾക്കോ ആണ്. വാടകക്കാർക്ക് ഇതിൽ നേരിട്ട് ബാധ്യതയില്ല. കുടിവെള്ള വിതരണത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഘടകമാണ് വാട്ടർ ടാങ്കുകൾ. കൃത്യമായ പരിപാലനം നടപ്പിലാക്കിയില്ലെങ്കിൽ ടാങ്കിനുള്ളിൽ ചെളിയും അഴുക്കും അടിയുകയും ഇത് താമസക്കാർക്ക് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ സൃഷ്ടിക്കുകയും ചെയ്യും.
വില്ലകളിലും ഒറ്റപ്പെട്ട വീടുകളിലും താമസിക്കുന്നവർക്കും ഈ നിയമം നേരിട്ട് ബാധകമാണ്. വില്ലകളിൽ സാധാരണയായി നിലത്തോ മേൽക്കൂരയിലോ ഉള്ള ടാങ്കുകളെയാണ് ജലസംഭരണത്തിനായി ആശ്രയിക്കുന്നത്. ഇത്തരം കെട്ടിടങ്ങളിൽ അറ്റകുറ്റപ്പണികളുടെയും വൃത്തിയാക്കലിന്റെയും പൂർണ്ണ ഉത്തരവാദിത്തം വീട്ടുടമസ്ഥർക്കാണ്. മറ്റ് വലിയ പാർപ്പിട സമുച്ചയങ്ങളെപ്പോലെ തന്നെ വില്ലകളിലും ആറുമാസത്തിലൊരിക്കൽ മുനിസിപ്പാലിറ്റിയുടെ അംഗീകാരമുള്ള കമ്പനികളെക്കൊണ്ട് ടാങ്ക് വൃത്തിയാക്കിക്കേണ്ടതുണ്ട്.
കുടിവെള്ളത്തിലെ മലിനീകരണം രണ്ട് രീതിയിലാണ് പ്രകടമാകുന്നത്. വെള്ളത്തിന്റെ നിറം, മണം, അല്ലെങ്കിൽ രുചി എന്നിവയിലുണ്ടാകുന്ന മാറ്റമാണ് ആദ്യത്തേത്. എന്നാൽ രണ്ടാമത്തേത് ഏറ്റവും അപകടകരവും കണ്ണുകൾക്ക് ദൃശ്യമാകാത്തതുമാണ്. ചിലതരം ബാക്ടീരിയകൾ മണമോ കാഴ്ചയിൽ വ്യത്യാസമോ ഉണ്ടാക്കാതെ ടാങ്കിനുള്ളിൽ പെരുകുന്നു. വെള്ളം കാഴ്ചയിൽ തെളിഞ്ഞതാണെങ്കിലും വ്യക്തിഗത ആവശ്യങ്ങൾക്കും കുളിക്കാനും ഉപയോഗിക്കുമ്പോൾ ഇത് രോഗങ്ങൾക്ക് കാരണമാകാം.
ടാങ്ക് പൂർണ്ണമായി വെള്ളം വറ്റിച്ച്, ഉള്ളിലെ അഴുക്ക് ഉരച്ചുമാറ്റി കഴുകിയ ശേഷമാണ് ശാസ്ത്രീയമായ ശുചീകരണം ആരംഭിക്കുന്നത്. തുടർന്ന് സുരക്ഷിതമായ അണുനാശിനി ഉള്ളിലെ പ്രതലങ്ങളിൽ പുരട്ടി കുറഞ്ഞത് 30 മിനിറ്റെങ്കിലും വയ്ക്കണം. പിന്നീട് കെട്ടിടത്തിലെ ടാപ്പുകളിലൂടെ അണുനാശിനി പൂർണ്ണമായി ഒഴുക്കിക്കളഞ്ഞ്, ടാങ്ക് വീണ്ടും കഴുകിയ ശേഷമേ കുടിവെള്ളം നിറയ്ക്കാൻ പാടുള്ളൂ.
സാധാരണ ക്ലീനിംഗ് കമ്പനികൾക്ക് ഈ ജോലി ചെയ്യാൻ അനുമതിയില്ല. ഡിപ്പാർട്ട്‌മെന്റ് ഓഫ് മുനിസിപ്പാലിറ്റീസ് ആൻഡ് ട്രാൻസ്പോർട്ട് ഔദ്യോഗികമായി ലൈസൻസ് നൽകിയ കമ്പനികൾക്ക് മാത്രമേ അറ്റകുറ്റപ്പണി നടത്താൻ അധികാരമുള്ളൂ. അംഗീകൃത കമ്പനികളുടെ പട്ടിക അബുദാബി സർക്കാരിന്റെ 'താം' (TAMM) പ്ലാറ്റ്‌ഫോമിൽ ലഭ്യമാണ്.
നിയമം നടപ്പിലാക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ മുനിസിപ്പാലിറ്റി പ്രത്യേക പരിശോധനകൾ നടത്തുന്നുണ്ട്. ഇൻസ്‌പെക്ഷൻ ഓഫീസർമാർ കെട്ടിടങ്ങളിൽ നേരിട്ടെത്തിയോ അല്ലെങ്കിൽ പരാതികൾ ലഭിക്കുന്നതിന്റെ അടിസ്ഥാനത്തിലോ പരിശോധനകൾ നടത്തും. ടാങ്ക് വൃത്തിയാക്കിയതിന്റെ രേഖകളും ലാബ് പരിശോധനാ ഫലങ്ങളും കെട്ടിട ഉടമയുടെ പക്കലുണ്ടോ എന്ന് ഉദ്യോഗസ്ഥർ പരിശോധിച്ച് രേഖപ്പെടുത്തും. കൃത്യമായ മാനദണ്ഡങ്ങൾ പാലിച്ചിട്ടില്ലെങ്കിൽ ഉടമയ്ക്ക് ഔദ്യോഗിക മുന്നറിയിപ്പ് നൽകും. ജലമലിനീകരണം കാരണം കെട്ടിടത്തിനുള്ളിൽ വിഷബാധയോ രോഗങ്ങളോ ഉണ്ടായാൽ, ടാങ്കുകളുടെ പ്രവർത്തനം ഉടൻ നിർത്തിവെക്കുകയും ഉടമയുടെ ചെലവിൽ വെള്ളം അടിയന്തര ലാബ് പരിശോധനയ്ക്ക് അയക്കുകയും ചെയ്യും.
Content Highlights: Authorities in Abu Dhabi have advised residents to regularly clean drinking water tanks to ensure safe and hygienic water supply. The warning highlights the importance of proper maintenance of water storage systems.