യുഎഇയിൽ ഇനി സർട്ടിഫിക്കറ്റുകൾ രണ്ട് മണിക്കൂറിൽ അറ്റസ്റ്റ് ചെയ്യാം; നടപടികൾ എളുപ്പമാക്കി അധികൃതർ

വിദ്യാർത്ഥികൾക്കും ബിരുദധാരികൾക്കും തുടർപഠനത്തിനും ജോലി ആവശ്യങ്ങൾക്കും രേഖകൾ വേഗത്തിൽ ലഭ്യമാക്കുന്നതിന്റെ ഭാഗമായാണ് ഈ വിപ്ലവകരമായ മാറ്റം

യുഎഇയിൽ ഇനി സർട്ടിഫിക്കറ്റുകൾ രണ്ട് മണിക്കൂറിൽ അറ്റസ്റ്റ് ചെയ്യാം; നടപടികൾ എളുപ്പമാക്കി അധികൃതർ
dot image

വിദ്യാഭ്യാസ സർട്ടിഫിക്കറ്റുകളുടെയും അനുബന്ധ രേഖകളുടെയും സാക്ഷ്യപ്പെടുത്തൽ (Attestation) പൂർണ്ണമായും ഡിജിറ്റലാക്കി യുഎഇ വിദേശകാര്യ മന്ത്രാലയം. ഔദ്യോഗിക പ്രവൃത്തി സമയങ്ങളിൽ സമർപ്പിക്കുന്ന അപേക്ഷകൾ വെറും രണ്ട് മണിക്കൂറിനുള്ളിൽ നടപടിക്രമം പൂർത്തിയാകുന്ന രീതിയിലാണ് ഈ സംവിധാനം ക്രമീകരിച്ചിരിക്കുന്നത്.

വിദ്യാർത്ഥികൾക്കും ബിരുദധാരികൾക്കും തുടർപഠനത്തിനും ജോലി ആവശ്യങ്ങൾക്കും രേഖകൾ വേഗത്തിൽ ലഭ്യമാക്കുന്നതിന്റെ ഭാഗമായാണ് ഈ വിപ്ലവകരമായ മാറ്റം. മന്ത്രാലയത്തിന്റെ ഔദ്യോഗിക വെബ്‌സൈറ്റ്, സ്മാർട്ട് ആപ്ലിക്കേഷൻ എന്നിവ വഴി സേവനങ്ങൾ എളുപ്പത്തിൽ പ്രയോജനപ്പെടുത്താം. 2025–2026 അക്കാദമിക് വർഷത്തിലെ ബിരുദധാരികൾക്ക് ഈ ഡിജിറ്റൽ സേവനം വഴി അപേക്ഷകൾ ഓൺലൈനായി നൽകാം.

യുഎഇ വിദ്യാഭ്യാസ മന്ത്രാലയത്തിന് കീഴിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾ, അംഗീകൃത അന്താരാഷ്ട്ര സ്‌കൂളുകൾ, മറ്റ് ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിവ നൽകുന്ന വിവിധ തരം സർട്ടിഫിക്കറ്റുകൾ ഈ സേവനത്തിൽ ഉൾപ്പെടുന്നു. കൂടാതെ അബുദാബി സർക്കാറിന്റെ 'താം' (TAMM) പോർട്ടൽ, ഷാർജ പ്രൈവറ്റ് എഡ്യുക്കേഷൻ അതോറിറ്റി എന്നിവ വഴിയുള്ള സർട്ടിഫിക്കറ്റുകളും വിദേശകാര്യ മന്ത്രാലയത്തിന്റെ ഡിജിറ്റൽ പ്ലാറ്റ്‌ഫോമിലൂടെ നേരിട്ട് അറ്റസ്റ്റ് ചെയ്യാം.

യുഎഇയിൽ നിന്ന് ഇലക്ട്രോണിക് രീതിയിൽ നൽകിയിട്ടുള്ള ഡിജിറ്റൽ രേഖകൾ രണ്ട് മണിക്കൂറിനുള്ളിൽ സാക്ഷ്യപ്പെടുത്തി ലഭിക്കും. എന്നാൽ കൊറിയർ സർവീസ് വഴി അപേക്ഷിക്കുന്ന രേഖകൾക്ക്, ഡെലിവറി കമ്പനിയും സ്ഥലവും അനുസരിച്ച് ഒന്നു മുതൽ മൂന്ന് പ്രവൃത്തി ദിവസങ്ങൾ വരെ സമയമെടുക്കും.

ക്യുആർ കോഡ് (QR Code), ബാർകോഡ്, അല്ലെങ്കിൽ റഫറൻസ് നമ്പർ തുടങ്ങിയ ഡിജിറ്റൽ വെരിഫിക്കേഷൻ സൗകര്യങ്ങളുള്ള യുഎഇ ഇലക്ട്രോണിക് രേഖകൾക്ക് മാത്രമാണ് ഈ ദ്രുത ഡിജിറ്റൽ അറ്റസ്റ്റേഷൻ ലഭ്യമാകുക. വിദ്യാഭ്യാസ സർട്ടിഫിക്കറ്റുകൾക്ക് പുറമെ ജനന-മരണ സർട്ടിഫിക്കറ്റുകൾ, സ്വഭാവ സർട്ടിഫിക്കറ്റ് / പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റുകൾ എന്നിവയും ഇത്തരത്തിൽ അറ്റസ്റ്റ് ചെയ്യാം.

അതേസമയം, അപൂർണ്ണമായ വിവരങ്ങൾ ഉള്ള അപേക്ഷകൾ, മാറ്റങ്ങൾ വരുത്തിയതോ ഒറിജിനൽ അല്ലാത്തതോ ആയ സർട്ടിഫിക്കറ്റുകൾ എന്നിവ നിരസിക്കപ്പെടുമെന്ന് മന്ത്രാലയം വ്യക്തമാക്കി. ഡിജിറ്റൽ അറ്റസ്റ്റേഷൻ പൂർത്തിയായ ശേഷം മന്ത്രാലയത്തിന്റെ വെബ്‌സൈറ്റിലെ "മൈ ആപ്ലിക്കേഷൻസ്" (My Applications) വിഭാഗത്തിൽ നിന്ന് സർട്ടിഫിക്കറ്റുകൾ ഡൗൺലോഡ് ചെയ്തെടുക്കാം.

Content Highlights: The UAE has streamlined the certificate attestation process, reducing the time required for document verification. Under the updated system, certificates can now be attested within two hours, making procedures more convenient for residents and expatriates.

dot image
To advertise here,contact us
dot image