

ദുബായിലെ വാഹന ഉടമകൾക്ക് ആശ്വാസമായി ദുബായ് പൊലീസിന്റെ പുതിയ തീരുമാനം. റോഡുകളിലുണ്ടാകുന്ന ട്രാഫിക് നിയമലംഘനങ്ങൾ മൂലമുള്ള വലിയ പിഴകൾ പലിശ രഹിതമായും പ്രതിമാസ തവണകളായും അടയ്ക്കാനുള്ള സൗകര്യമാണ് പൊലീസ് ഒരുക്കിയിരിക്കുന്നത്. പ്രവാസികൾക്കും സ്വദേശികൾക്കും ഒരുപോലെ ഉപകാരപ്പെടുന്നതാണ് ഈ പദ്ധതി.
കുടിശ്ശികയുള്ള ട്രാഫിക് പിഴകൾ 3, 6 അല്ലെങ്കിൽ 12 മാസത്തെ ഗഡുക്കളായി വീതിച്ച് അടയ്ക്കാൻ ഇതിലൂടെ അവസരമുണ്ട്. എന്നാൽ ഈ ആനുകൂല്യം ലഭിക്കുന്നതിന് ചില നിബന്ധനകൾ പാലിക്കേണ്ടതുണ്ട്. മൊത്തം പിഴത്തുക കുറഞ്ഞത് 3,000 ദിർഹമെങ്കിലും ഉണ്ടായിരിക്കണം. കൂടാതെ, ദുബായ് പൊലീസ് ചുമത്തിയ പിഴകൾക്ക് മാത്രമേ ഈ ആനുകൂല്യം ലഭിക്കൂ. മറ്റ് എമിറേറ്റുകളിൽ നിന്നുള്ള പിഴകൾ ഇതിൽ ഉൾപ്പെടില്ല.
എമിറേറ്റ്സ് എൻബിഡി (Emirates NBD), ഫസ്റ്റ് അബുദാബി ബാങ്ക് (FAB), അബുദാബി കൊമേഴ്‌സ്യൽ ബാങ്ക് (ADCB) തുടങ്ങി യുഎഇയിലെ പ്രമുഖ ബാങ്കുകളുടെ ക്രെഡിറ്റ് കാർഡ് അല്ലെങ്കിൽ ഡയറക്ട് ഡെബിറ്റ് സംവിധാനം വഴിയാണ് ഈ സേവനം ലഭ്യമാകുന്നത്. ബാങ്കുകൾ വഴി യാതൊരുവിധ പലിശയും ഈടാക്കാതെയാണ് ഇൻസ്‌റ്റാൾമെന്റുകൾ ക്രമീകരിക്കുന്നത്. എന്നാൽ എല്ലാ തിരിച്ചടവുകളും പരമാവധി ഒരു വർഷത്തിനുള്ളിൽ തന്നെ പൂർത്തിയാക്കേണ്ടതുണ്ട്.
ഈ ആനുകൂല്യത്തിനായി ദുബായ് പൊലീസിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് (www.dubaipolice.gov.ae) വഴി വാഹന ഉടമകൾക്ക് അനായാസം അപേക്ഷിക്കാം. വെബ്‌സൈറ്റിലെ ഫൈൻ പേയ്‌മെന്റ് വിഭാഗത്തിൽ പ്ലേറ്റ് നമ്പറോ ലൈസൻസ് നമ്പറോ നൽകി കുടിശ്ശിക പരിശോധിച്ച ശേഷം "ഡയറക്ട് ഡെബിറ്റ്/ഇൻസ്റ്റാൾമെന്റ്" ഓപ്ഷൻ തിരഞ്ഞെടുക്കാം. തുടർന്ന് വാഹന ഉടമയുടെ എമിറേറ്റ്സ് ഐഡിയും ബാങ്ക് വിവരങ്ങളും നൽകി അപേക്ഷ സമർപ്പിക്കാം.
ബന്ധപ്പെട്ട ബാങ്ക് അപേക്ഷ പരിശോധിച്ച് അനുമതി നൽകുന്നതോടെ പ്രതിമാസ തിരിച്ചടവ് ആരംഭിക്കും. പെട്ടെന്നുണ്ടാകുന്ന സാമ്പത്തിക ഞെരുക്കം ഒഴിവാക്കാനും വാഹന രജിസ്ട്രേഷൻ പുതുക്കൽ ഉൾപ്പെടെയുള്ള സേവനങ്ങൾ തടസ്സമില്ലാതെ പൂർത്തിയാക്കാനും ഈ പുതിയ സംവിധാനം ഡ്രൈവർമാരെ ഏറെ സഹായിക്കുമെന്നാണ് അധികൃതരുടെ വിലയിരുത്തൽ.
Content Highlights: Dubai Police has announced that vehicle owners can now pay traffic fines in interest-free installments. The initiative aims to ease the financial burden on motorists and make fine payments more convenient.