വെറും രണ്ട് മാസം; ദുബായ് മെട്രോയിലെ ബ്ലൂ ലൈന്‍ ടണല്‍ നിര്‍മ്മാണത്തിന്റെ ആദ്യഘട്ടം പൂര്‍ത്തിയായി

ദുബായിയുടെ ഭാവി വികസന പദ്ധതികളിൽ പ്രധാന പങ്ക് വഹിക്കുന്നതാണ് മെട്രോ ബ്ലൂ ലൈൻ

വെറും രണ്ട് മാസം; ദുബായ് മെട്രോയിലെ ബ്ലൂ ലൈന്‍ ടണല്‍ നിര്‍മ്മാണത്തിന്റെ ആദ്യഘട്ടം പൂര്‍ത്തിയായി
dot image

ദുബായ് മെട്രോയിലെ ബ്ലൂ ലൈൻ നിർമ്മാണ പ്രവർത്തനങ്ങൾ അതിവേഗം പുരോഗമിക്കുന്നു. ടണൽ നിർമ്മാണത്തിൻ്റെ ആദ്യഘട്ടം പൂർത്തിയായി. നിർമ്മാണം ആരംഭിച്ച് വെറും രണ്ട് മാസത്തിനകമാണ് ആദ്യഘട്ടം പൂർത്തിയായിരിക്കുന്നത്. ദുബായിയുടെ ഭാവി വികസന പദ്ധതികളിൽ പ്രധാന പങ്ക് വഹിക്കുന്നതാണ് മെട്രോ ബ്ലൂ ലൈൻ. നഗരത്തിലെ താമസ ഇടങ്ങൾ, വ്യവസായ കേന്ദ്രങ്ങൾ, പ്രധാന വിനോദ-വാണിജ്യ കേന്ദ്രങ്ങൾ എന്നിവയെ ബന്ധിപ്പിക്കുന്നതാണ് പദ്ധതി. കൂടുതൽ ആളുകൾക്ക് പൊതുഗതാഗത സൗകര്യം ലഭ്യമാക്കുക, നഗരത്തിലെ ഗതാഗതക്കുരുക്ക് കുറയ്ക്കുക എന്നിവയാണ് ബ്ലൂ ലൈൻ പദ്ധതിയുടെ പ്രധാന ഉദ്ദേശ്യം. കൂടാതെ, ദുബായ് 2040 അർബൻ മാസ്റ്റർ പ്ലാൻ്റെ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിനും ഈ പുതിയ മെട്രോ പാത സഹായിക്കുമെന്നാണ് കരുതുന്നത്.

2007ലായിരുന്നു ദുബായ് മെട്രോയുടെ ടണൽ നിർമ്മാണം നടന്നത്. അന്ന് ഉപയോഗിച്ചിരുന്ന ടണൽ ബോറിംഗ് മെഷീനുകൾ (TBM) വലിയ എൻജിനീയറിംഗ് നേട്ടമായിരുന്നു. അന്ന് ശരാശരി പ്രതിദിനം 12 മീറ്റർ മാത്രമായിരുന്നു ഖനനം നടന്നിരുന്നത്. ആദ്യ മെട്രോ ടണലുകളുടെ നിർമ്മാണം പൂർത്തിയാക്കാൻ ഏകദേശം ഏഴ് മാസം എടുത്തിരുന്നു. എന്നാൽ ഇന്ന് അൽ വുഗൈഷ (Al Wugeisha) എന്ന അത്യാധുനിക ടണൽ ബോറിംഗ് മെഷീൻ ഉപയോഗിച്ചാണ് ബ്ലൂ ലൈൻ ടണലുകൾ നിർമ്മിക്കുന്നത്. ഡിജിറ്റൽ ഗൈഡൻസ്, നിരീക്ഷണ സംവിധാനങ്ങൾ എന്നിവ ഉൾപ്പെടുത്തിയ ഈ യന്ത്രത്തിന് പ്രതിദിനം ഏകദേശം 30 മീറ്റർ വരെ ഖനനം നടത്താൻ കഴിയും. ഏകദേശം 163 മീറ്റർ നീളവും 2000 ടൺ ഭാരവും വരുന്നതാണ് അൽ വുഗൈഷ. ഇത് സാധാരണ ബോറിംഗ് മെഷീൻ മാത്രമല്ലെന്നും മറിച്ച് ഭൂഗർഭ നിർമ്മാണത്തിനുള്ള സമഗ്ര സംവിധാനമാണെന്നുമാണ് റോഡ്സ് ആൻഡ് ട്രാൻഡ്പോർട്ട് അതോറിറ്റി പറയുന്നത്. ഖനനം നടത്തുന്നതിന് പുറമേ പുറത്തെടുക്കുന്ന മണ്ണ് നീക്കം ചെയ്യാനും ടണൽ ഭിത്തികൾക്കുള്ള കോൺക്രീറ്റ് സെഗ്മെന്റുകൾ സ്ഥാപിക്കാനും ഈ ബോറിംഗ് മെഷീന് സാധിക്കുമെന്നും ആർടിഎ പറയുന്നു.

ബ്ലൂ ലൈൻ പദ്ധതിയിൽ പ്രധാനമായും രണ്ട് സ്റ്റേഷനുകളാണ് വരുന്നത്. ദുബായ് ഇന്റർനാഷണൽ സിറ്റി 1 സ്റ്റേഷൻ ആണ് ഒന്ന്. ഇത് ബ്ലൂ ലൈൻ ശൃംഖലയിലെ ഏറ്റവും പ്രധാനപ്പെട്ട കേന്ദ്രങ്ങളിലൊന്നായിരിക്കും. 44,000 ചതുരശ്ര മീറ്ററിലധികം വിസ്തൃതിയുള്ള ഈ ഭൂഗർഭ ഇന്റർചേഞ്ച് സ്റ്റേഷൻ ദുബായ് മെട്രോ ശൃംഖലയിലെ ഏറ്റവും വലിയ ഭൂഗർഭ സ്റ്റേഷനായി മാറും. പ്രതിദിനം ഏകദേശം 3.5 ലക്ഷം യാത്രക്കാരെ കൈകാര്യം ചെയ്യാൻ കഴിയുന്ന രീതിയിലാണ് ഇത് രൂപകൽപ്പന ചെയ്തിരിക്കുന്നത്. ബ്ലൂ ലൈനിന്റെ രണ്ട് ശാഖകളെയും ബന്ധിപ്പിക്കുന്ന പ്രധാന കണ്ണിയായിരിക്കും ഈ സ്റ്റേഷൻ. കിഴക്കൻ, വടക്കൻ ദുബായിലെ വിവിധ മേഖലകളിലേക്കുള്ള യാത്ര കൂടുതൽ എളുപ്പമാക്കാൻ ഇത് സഹായിക്കും.

എമാർ പ്രോപ്പർട്ടീസ് സ്റ്റേഷൻ ആണ് രണ്ടാമത്തേത്. ലോകത്തിലെ ഏറ്റവും ഉയരം കൂടിയ മെട്രോ സ്റ്റേഷനായാണ് ഇതിനെ വിലയിരുത്തുന്നത്. 74 മീറ്ററാണ് ഇതിൻ്റെ ഉയരം. സ്കിഡ്മോർ ഓവിംഗ്സ് ആൻഡ് മെറിൽ എന്ന ആർക്കിടെക്ചർ സ്ഥാപനമാണ് ഈ സ്റ്റേഷൻ രൂപകൽപ്പന ചെയ്തിരിക്കുന്നത്. ബുർജ് ഖലീഫയുടെ രൂപകൽപ്പനയ്ക്ക് പിന്നിലും ഈ സ്ഥാപനമായിരുന്നു. ഏകദേശം 11000 ചതുരശ്ര മീറ്ററാണ് ഇതിൻ്റെ വിസ്തൃതി. 2040ഓടെ ഇവിടെ പ്രതിദിന യാത്രക്കാരുടെ എണ്ണം 70000 കടക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഭാവിയിൽ 1.6 ലക്ഷം യാത്രക്കാരെ വരെ ഉൾക്കൊള്ളാനുള്ള സംവിധാനവും രുക്കുന്നുണ്ട്.

ബ്ലൂ ലൈനിൽ ആകെ 30 കിലോമീറ്റർ ദൂരപരിധിയാണ് ഉള്ളത്. ഇതിൽ രണ്ട് റൂട്ടുകളാണുള്ളത്. 21 കിലോമീറ്റർ ദൈർഘ്യമുള്ള ഒന്നാമത്തെ റൂട്ടിൽ 10 സ്റ്റേഷനുകളാണുള്ളത്. അൽ ജദ്ദാഫിലെ ഗ്രീൻ ലൈനിലെ ക്രീക്ക് ഇന്റർചേഞ്ച് സ്റ്റേഷനിൽ നിന്നാണ് ഇത് ആരംഭിക്കുന്നത്. തുടർന്ന് ദുബായ് ഫെസ്റ്റിവൽ സിറ്റി, ദുബായ് ക്രീക്ക് ഹാർബർ, റാസ് അൽ ഖോർ ഇൻഡസ്ട്രിയൽ ഏരിയ, ഇന്റർനാഷണൽ സിറ്റി 1, ഇന്റർനാഷണൽ സിറ്റി 2, 3, ദുബായ് സിലിക്കൺ ഒയാസിസ്, ദുബായ് അക്കാദമിക് സിറ്റി എന്നിവിടങ്ങളിലൂടെ കടന്നുപോകും. ഒൻപത് കിലോമീറ്റർ ദൈർഘ്യമുള്ള രണ്ടാം റൂട്ട് ആരംഭിക്കുന്നത് അൽ റാഷിദിയയിലെ റെഡ് ലൈനിലെ സെന്റർപോയിന്റ് ഇന്റർചേഞ്ച് സ്റ്റേഷനിൽ നിന്നാണ്. മിർദിഫ്, അൽ വാർഖാ എന്നിവിടങ്ങളിലൂടെയാണ് ഈ റൂട്ട് കടന്നുപോകുന്നത്. തുടർന്ന് ഇത് ഇന്റർനാഷണൽ സിറ്റി 1 ഇന്റർചേഞ്ച് സ്റ്റേഷനുമായി ചേരും. ഈ ഭാഗത്ത് നാല് സ്റ്റേഷനുകൾ ഉണ്ടായിരിക്കും.

Content Highlight: Dubai Metro Blue Line construction is progressing steadily, marking a major step towards expanding the city's public transport network

dot image
To advertise here,contact us
dot image