

ഫിഫ ലോകകപ്പ് 2026 ഫൈനലില്‍ അര്‍ജന്റീനയും സ്‌പെയിനും ഏറ്റുമുട്ടാനിരിക്കെ യുഎഇയിലെ ആയിരക്കണക്കിന് തൊഴിലാളികളും മത്സരം കാണാനുള്ള പ്രത്യേക ഒരുക്കങ്ങളിലാണ്. സ്റ്റേഡിയങ്ങളിലോ വലിയ ഫാന്‍ സോണുകളിലോ എത്താന്‍ കഴിയാത്തതിനാല്‍ തൊഴിലാളി താമസകേന്ദ്രങ്ങള്‍, കഫേകള്‍, റെസ്റ്റോറന്റുകള്‍, ജോലിസ്ഥലങ്ങളിലെ വിശ്രമമുറികള്‍ എന്നിവിടങ്ങളിലാണ് മത്സരം ഒരുമിച്ച് കാണാനുള്ള ക്രമീകരണങ്ങള്‍ ഒരുക്കുന്നത്.
ദുബായിലെ ജബല്‍ അലിയില്‍ ലേബര്‍ അക്കോമഡേഷനുകളില്‍ പ്രൊജക്ടര്‍ സ്‌ക്രീനുകള്‍ സ്ഥാപിച്ച് തൊഴിലാളികള്‍ക്കായി കൂട്ടായ പ്രദര്‍ശനങ്ങള്‍ സംഘടിപ്പിക്കുന്നു. ഗര്‍ഹൂദിലെ 'ടാക്‌സി കഫേ' ഉള്‍പ്പെടെയുള്ള നിരവധി കഫേകള്‍ ടാക്‌സി ഡ്രൈവര്‍മാര്‍, ഡെലിവറി റൈഡര്‍മാര്‍, മറ്റ് തൊഴിലാളികള്‍ എന്നിവരുടെ അഭ്യര്‍ഥനയെ തുടര്‍ന്ന് വലിയ സ്‌ക്രീനുകളില്‍ ഫൈനല്‍ സംപ്രേഷണം ചെയ്യാന്‍ തീരുമാനിച്ചു. സാധാരണ മൊബൈല്‍ ഫോണുകളില്‍ മത്സരം കാണുന്നവര്‍ക്ക് ഒരുമിച്ച് ആവേശം പങ്കിടാനുള്ള അവസരമാണിതെന്ന് കഫേ ഉടമകള്‍ പറയുന്നു.
രാത്രി ഷിഫ്റ്റുകളില്‍ ജോലി ചെയ്യുന്ന പലര്‍ക്കും മുഴുവന്‍ 90 മിനിറ്റും ഒരിടത്ത് ഇരുന്ന് മത്സരം കാണാന്‍ സാധിക്കില്ല. യാത്രക്കിടയില്‍ കഫേകളില്‍ 15 മുതല്‍ 20 മിനിറ്റ് വരെ മത്സരം കണ്ടശേഷം യാത്രക്കാരെ എത്തിച്ച് വീണ്ടും മറ്റൊരു സ്ഥലത്ത് നിന്ന് ബാക്കി മത്സരം കാണുന്ന രീതിയാണ് പല ടാക്‌സി ഡ്രൈവര്‍മാരും പിന്തുടരുന്നത്. ഡെലിവറി ജീവനക്കാരും ഓര്‍ഡറുകള്‍ക്കിടയിലെ ഇടവേളകളില്‍ മൊബൈല്‍ ഫോണിലൂടെ മത്സരത്തിന്റെ തത്സമയ സംപ്രേഷണം പിന്തുടരാനാണ് പദ്ധതിയിടുന്നത്.
ഫൈനലിന്റെ ആവേശം ദുബായിലെ കായിക ബാറുകളിലും റെസ്റ്റോറന്റുകളിലും വന്‍ തിരക്കാണ് സൃഷ്ടിച്ചിരിക്കുന്നത്. നിരവധി വേദികളിലെ സീറ്റുകള്‍ ദിവസങ്ങള്‍ക്കുമുമ്പേ ബുക്ക് ചെയ്യപ്പെട്ടതോടെ അവസാന നിമിഷം മത്സരം കാണാന്‍ ഇടം കണ്ടെത്താന്‍ ആരാധകര്‍ ബുദ്ധിമുട്ടുകയാണ്. പലരും സുഹൃത്തുക്കളുമായി ചേര്‍ന്ന് ലഭ്യമായ സ്ഥലങ്ങള്‍ അന്വേഷിക്കുന്നതിനൊപ്പം ചിലര്‍ നേരത്തെ എത്തി പ്രവേശനം ഉറപ്പാക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. ഫൈനലിന്റെ പശ്ചാത്തലത്തില്‍ അര്‍ജന്റീനയുടെയും സ്‌പെയിനിന്റെയും ജഴ്സികള്‍, പതാകകള്‍, ടീ-ഷര്‍ട്ടുകള്‍, സ്‌കാര്‍ഫുകള്‍, മറ്റ് ആരാധക ഉല്‍പ്പന്നങ്ങള്‍ എന്നിവയ്ക്കും യുഎഇയില്‍ വന്‍ ആവശ്യമാണ് അനുഭവപ്പെടുന്നത്. ഫുട്‌ബോള്‍ ആവേശം രാജ്യത്തുടനീളം വലിയ ആഘോഷാന്തരീക്ഷം സൃഷ്ടിച്ചിരിക്കുകയാണെന്ന് വ്യാപാരികളും കഫേ ഉടമകളും പറയുന്നു.
Content Highlight: Workers in Dubai are enjoying FIFA World Cup matches in alternative settings rather than at stadiums or official fan zones