ഗൾഫ് രാജ്യങ്ങളിൽ ജനസംഖ്യ കുതിച്ചുയരുന്നു; 2050-ഓടെ വൻ വർദ്ധനവ് ഉണ്ടാകുമെന്ന് റിപ്പോർട്ട്

ജനസംഖ്യയിൽ യുവജനങ്ങളാണ് കൂടുതലുള്ളത്

ഗൾഫ് രാജ്യങ്ങളിൽ ജനസംഖ്യ കുതിച്ചുയരുന്നു; 2050-ഓടെ വൻ വർദ്ധനവ് ഉണ്ടാകുമെന്ന് റിപ്പോർട്ട്
dot image

ഗൾഫ് സഹകരണ കൗൺസിൽ (ജിസസി) രാജ്യങ്ങളിലെ ജനസംഖ്യയിൽ വലിയ വർദ്ധനവ് രേഖപ്പെടുത്തുന്നതായി റിപ്പോർട്ട്. ജിസിസി സ്റ്റാറ്റിസ്റ്റിക്കൽ സെന്റർ പുറത്തുവിട്ട ഏറ്റവും പുതിയ കണക്കുകൾ പ്രകാരം, 2022-ൽ 5.66 കോടിയായിരുന്ന ഗൾഫ് ജനസംഖ്യ 2024-ൽ 6.15 കോടിയായും 2025-ൽ ഏകദേശം 6.28 കോടിയായും ഉയർന്നു. 2022 മുതൽ 2025 വരെയുള്ള ചുരുങ്ങിയ കാലയളവിൽ മാത്രം 62 ലക്ഷം പേരുടെ വർദ്ധനവാണ് ഉണ്ടായത്. പ്രതിവർഷം ശരാശരി 3.5 ശതമാനം എന്ന നിരക്കിലാണ് ഗൾഫ് ജനസംഖ്യ വളരുന്നത്. ലോക ജനസംഖ്യയുടെ 0.8 ശതമാനത്തോളം ആളുകളാണ് നിലവിൽ ഗൾഫ് മേഖലയിലുള്ളത്.

ആഗോളതലത്തിൽ ജൂലൈ 11-ന് ആചരിച്ച ലോക ജനസംഖ്യാ ദിനത്തിന്റെ ഭാഗമായാണ് ജിസിസി സ്റ്റാറ്റിസ്റ്റിക്കൽ സെന്റർ ഈ പ്രത്യേക ബുള്ളറ്റിൻ പുറത്തിറക്കിയത്. ഭാവിയിൽ ഗൾഫ് മേഖലയിലെ ജനസംഖ്യ ഇനിയും വലിയ രീതിയിൽ വർദ്ധിക്കുമെന്നാണ് പ്രവചനം. 2050 ആകുമ്പോഴേക്കും ജിസിസിയിലെ ആകെ ജനസംഖ്യ 8.36 കോടിയിലെത്തുമെന്നാണ് കണക്കാക്കുന്നത്. അതായത് 2025-നെ അപേക്ഷിച്ച് ജനസംഖ്യയിൽ ഏകദേശം 33.6 ശതമാനത്തിലധികം വർദ്ധനവ് വരും വർഷങ്ങളിൽ ഉണ്ടാകും.

ഗൾഫ് മേഖലയുടെ ജനസംഖ്യാ ഘടനയിൽ യുവതലമുറയ്ക്കാണ് വലിയ മുൻതൂക്കമുള്ളത്. 2024-ലെ കണക്കുകൾ പരിശോധിച്ചാൽ, ആകെ ജനസംഖ്യയായ 6.15 കോടിയിൽ 2.35 കോടിയും 15-നും 34-നും ഇടയിൽ പ്രായമുള്ള യുവാക്കളാണ്. അതായത് മൊത്തം ജനസംഖ്യയുടെ 38.2 ശതമാനവും യുവജനങ്ങളാണ്. 15 മുതൽ 64 വയസ്സ് വരെയുള്ള ജോലി ചെയ്യാൻ ശേഷിയുള്ള പ്രായക്കാരുടെ എണ്ണം 76.7 ശതമാനമാണ്. അതേസമയം 15 വയസ്സിന് താഴെയുള്ള കുട്ടികൾ 20.6 ശതമാനവും 65 വയസ്സിന് മുകളിലുള്ള മുതിർന്ന പൗരന്മാർ കേവലം 2.6 ശതമാനവും മാത്രമാണ്.

ലിംഗാനുപാതത്തിന്റെ കാര്യത്തിൽ പുരുഷന്മാരുടെ എണ്ണത്തിൽ വലിയ വർദ്ധനവാണ് ഗൾഫിലുള്ളത്. 2024-ലെ കണക്കനുസരിച്ച് ഓരോ 100 സ്ത്രീകൾക്കും 168 പുരുഷന്മാർ എന്ന നിരക്കിലാണ് ലിംഗാനുപാതം. ജനസംഖ്യയുടെ മുക്കാൽ ഭാഗത്തിലധികം പേരും ജോലി ചെയ്യാൻ പ്രായമുള്ളവരാണെന്നത് ഗൾഫ് രാജ്യങ്ങളുടെ സാമ്പത്തിക വളർച്ചയ്ക്കും ഉത്പ്പാദനക്ഷമത വർദ്ധിപ്പിക്കുന്നതിനും വലിയ അടിത്തറയാകും.

Content Highlights: A recent report projects that the population of Gulf countries will increase substantially by 2050. The growth is expected to be fueled by continued economic expansion, urbanisation, improved living standards, and sustained migration to the region.

dot image
To advertise here,contact us
dot image