

തിരുവനന്തപുരം: പ്ലീഡര്‍ നിയമനത്തിലെ മുഖ്യമന്ത്രി-കെഎസ്‌യു തര്‍ക്കത്തില്‍ മഞ്ഞുരുക്കം. കെഎസ്‌യു സംസ്ഥാന അധ്യക്ഷന്‍ അലോഷ്യസ് സേവ്യറിന് മുഖ്യമന്ത്രി വി ഡി സതീശന്‍ കൂടിക്കാഴ്ചയ്ക്ക് അനുമതി നല്‍കി. നാളെയോ മറ്റന്നാളോ അലോഷ്യസ് സേവ്യര്‍ മുഖ്യമന്ത്രിയെ കാണും. കൂടിക്കാഴ്ചയ്ക്ക് അനുമതി ആവശ്യപ്പെട്ട് അലോഷ്യസ് സേവ്യര്‍ മുഖ്യമന്ത്രിക്ക് കത്ത് നല്‍കിയിരുന്നെങ്കിലും അനുമതി നല്‍കിയിരുന്നില്ല.
തര്‍ക്കം പരിഹരിക്കാന്‍ കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫ് ഇടപെട്ടതിന് പിന്നാലെയാണ് കൂടിക്കാഴ്ചയ്ക്ക് വഴി തുറന്നത്. മുതിര്‍ന്ന നേതാക്കളുടെ നിര്‍ദേശത്തെ തുടര്‍ന്നായിരുന്നു സണ്ണി ജോസഫിന്റെ ഇടപെടല്‍. പ്ലീഡറായി എസ്എഫ്‌ഐ നേതാവിനെ നിയമിച്ച തീരുമാനം പിന്‍വലിക്കണമെന്നാണ് കെഎസ്‌യുവിന്റെ ആവശ്യം. ഇതിനോട് മുഖ്യമന്ത്രി മുഖംതിരിക്കുകയായിരുന്നു. ഒടുക്കം തിരുവനന്തപുരത്തെ കെഎസ്‌യുവാണോ ഗവ. പ്ലീഡറെ നിയമിക്കുന്നത് എന്ന മുഖ്യമന്ത്രിയുടെ പരാമര്‍ശം കെഎസ്‌യുവിനെ ചൊടിപ്പിച്ചു. കെഎസ്‌യുവിന് ഗവ. പ്ലീഡര്‍ നിയമനത്തില്‍ എന്ത് കാര്യമെന്ന് ചോദിച്ച സതീശന്‍, ഒരു കാര്യവുമില്ലെന്നും അഭിപ്രായപ്പെട്ടതോടെ പാടെ തള്ളുന്ന സ്ഥിതിയായി.
അതിനിടെ മുഖാമുഖം കണ്ട സന്ദര്‍ഭത്തിലും അലോഷ്യസിനെ മുഖ്യമന്ത്രി പൂര്‍ണ്ണമായും അവഗണിക്കുകയായിരുന്നു. തേവര എസ് എച്ച് കോളേജില്‍ നടന്ന ഹെല്‍ത്ത് സമ്മിറ്റിനിടെയാണ് മുഖ്യമന്ത്രി അലോഷ്യസ് സേവ്യറിനെ അവഗണിച്ച് മടങ്ങിയത്. ഇതും വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു. പിന്നാലെയാണ് സണ്ണി ജോസഫുമായി അലോഷ്യസ് കൂടിക്കാഴ്ച നടത്തിയത്.
പ്ലീഡര്‍ നിയമന വിവാദത്തില്‍ കെഎസ്‌യുവിലും ഭിന്നാഭിപ്രായമുണ്ട്. അലോഷ്യസ് സേവ്യനെതിരെ ആഞ്ഞടിച്ച് കെഎസ്‌യുവിലെ ഒരു വിഭാഗം സംസ്ഥാന ജില്ലാ ഭാരവാഹികള്‍ രംഗത്തെത്തുകയായിരുന്നു. അലോഷ്യസിന് മോഹഭംഗങ്ങളില്‍ നിന്ന് ഉടലെടുക്കുന്ന വൈരാഗ്യമെന്നും പിന്നില്‍ കൃത്യമായ അജണ്ടയെന്നും കെഎസ്‌യു സംസ്ഥാന ജനറല്‍ സെക്രട്ടറി മുബാസ് ഓടക്കാലി പ്രതികരിക്കുകയുണ്ടായി. എന്നാല്‍വ്യത്യസ്ത അഭിപ്രായങ്ങള്‍ പറയുമെന്നും ഉന്നയിച്ച് ആശങ്കകള്‍ നിലനില്‍ക്കുന്നുവെന്നുമായിരുന്നു അലോഷ്യസ് സേവ്യറിന്‍റെ പ്രതികരണം. നിലപാടില്‍ ഗ്രൂപ്പില്ലെന്നും അലോഷ്യസ് സേവ്യർ പറഞ്ഞിരുന്നു.
Content Highlights: cm grants meeting to aloshious xavier pleader appointment row