ഡ്രൈവറില്ലാ വാഹനങ്ങൾക്ക് പ്രത്യേക നമ്പർ പ്ലേറ്റുകൾ; റോഡ് സുരക്ഷ ലക്ഷ്യമിട്ട് അബുദാബി

ഡ്രൈവറില്ലാ വാഹനങ്ങളുടെ തത്സമയ നിരീക്ഷണം, റൂട്ടുകളുടെയും വേഗതയുടെയും പരിശോധന, ഡാറ്റ വിശകലനം എന്നിവയെല്ലാം ഈ കൺട്രോൾ റൂം വഴിയാണ് നിയന്ത്രിക്കുന്നത്

ഡ്രൈവറില്ലാ വാഹനങ്ങൾക്ക് പ്രത്യേക നമ്പർ പ്ലേറ്റുകൾ; റോഡ് സുരക്ഷ ലക്ഷ്യമിട്ട് അബുദാബി
dot image

ഡ്രൈവറില്ലാ വാഹനങ്ങൾക്കായി പ്രത്യേക ലൈസൻസ് പ്ലേറ്റുകൾ അവതരിപ്പിച്ച് അബുദാബി. പരീക്ഷണാടിസ്ഥാനത്തിൽ ഓടുന്നവയ്ക്കും വാണിജ്യ അടിസ്ഥാനത്തിൽ സർവീസ് നടത്തുന്നതുമായ ഡ്രൈവറില്ലാ വാഹനങ്ങൾക്കാണ് അബുദാബി മൊബിലിറ്റി പുതിയ പ്ലേറ്റുകൾ പുറത്തിറക്കിയത്. റോഡ് സുരക്ഷ ഉറപ്പാക്കാനും ഈ വാഹനങ്ങളുടെ പ്രവർത്തനം കൃത്യമായി നിരീക്ഷിക്കാനും പുതിയ സംവിധാനം സഹായിക്കും.

ഏകീകൃത നീല നിറത്തിലുള്ള ആകർഷകമായ രൂപകൽപ്പനയിലാണ് ഈ പുതിയ ലൈസൻസ് പ്ലേറ്റുകൾ തയ്യാറാക്കിയിരിക്കുന്നത്. വാണിജ്യ അടിസ്ഥാനത്തിൽ സ്വയംഭരണ സർവീസ് നടത്തുന്ന വാഹനങ്ങളുടെ പ്ലേറ്റുകളിൽ 'ഓട്ടോ ഡ്രൈവ്'എന്നും, പരീക്ഷണ ഓട്ടത്തിലുള്ള വാഹനങ്ങളിൽ 'ടെസ്റ്റ്' എന്നും വ്യക്തമായി രേഖപ്പെടുത്തിയിട്ടുണ്ടാകും. ഓപ്പറേറ്റിംഗ് കമ്പനികൾ നിശ്ചിത സാങ്കേതിക-പ്രവർത്തന മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ ഇത് അധികൃതർക്ക് സഹായകരമാകും.

അബുദാബിയിൽ സ്മാർട്ട് ഗതാഗത സാങ്കേതികവിദ്യകൾ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി കഴിഞ്ഞ ദിവസം അബുദാബി മൊബിലിറ്റി ഒരു പ്രത്യേക കേന്ദ്ര കൺട്രോൾ റൂമും ഉദ്ഘാടനം ചെയ്തിരുന്നു. ഡ്രൈവറില്ലാ വാഹനങ്ങളുടെ തത്സമയ നിരീക്ഷണം, റൂട്ടുകളുടെയും വേഗതയുടെയും പരിശോധന, ഡാറ്റ വിശകലനം എന്നിവയെല്ലാം ഈ കൺട്രോൾ റൂം വഴിയാണ് നിയന്ത്രിക്കുന്നത്. അടിയന്തര സാഹചര്യങ്ങളിൽ കൃത്യമായ ഏകോപനം നടത്താനും ഈ സംവിധാനത്തിലൂടെ സാധിക്കും.

റോഡ് ഗതാഗതത്തിന് പുറമെ കടൽ മാർഗ്ഗമുള്ള സ്മാർട്ട് ഗതാഗത സംവിധാനങ്ങൾക്കും അബുദാബി കൃത്യമായ നിയമ ചട്ടക്കൂടുകൾ ഒരുക്കുന്നുണ്ട്. വിദൂര നിയന്ത്രിതമായി പ്രവർത്തിക്കുന്ന ചെറിയ സമുദ്ര കപ്പലുകളുടെയും ബോട്ടുകളുടെയും പരീക്ഷണം നിയന്ത്രിക്കുന്നതിനുള്ള പുതിയ മാർഗ്ഗനിർദ്ദേശങ്ങളും എമിറേറ്റ് അടുത്തിടെ പുറപ്പെടുവിച്ചിരുന്നു. സമുദ്ര സുരക്ഷ ഉറപ്പാക്കാനും പരിസ്ഥിതി സംരക്ഷിക്കാനും നിർബന്ധിത പെർമിറ്റ് സംവിധാനമാണ് ഇതിനായി ഏർപ്പെടുത്തിയിരിക്കുന്നത്.

Content Highlights: Abu Dhabi has announced plans for special number plates for driverless vehicles. The move aims to improve road safety and support the regulation of autonomous vehicle technology.

dot image
To advertise here,contact us
dot image