

യുഎഇയിലെ പ്രമുഖ വിനോദസഞ്ചാര കേന്ദ്രമായ അബുദാബി യാസ് ഐലൻഡിലെ പ്രധാന ഇടങ്ങളിൽ ടിക്കറ്റില്ലാ സ്മാർട്ട് പാർക്കിങ് സംവിധാനം നിലവിൽ വന്നു. യാസ് ഐലൻഡിലെ തിരക്കേറിയ കേന്ദ്രങ്ങളായ വെസ്റ്റ് യാസ് പ്ലാസ, യാസ് ബേ, യാസ് മരീന എന്നിവിടങ്ങളിലാണ് ഗേറ്റുകളോ ബാരിയറുകളോ ഇല്ലാത്ത ഈ അത്യാധുനിക പാർക്കിങ് സംവിധാനം ഏർപ്പെടുത്തിയത്. പ്രമുഖ സ്മാർട്ട് പാർക്കിങ് കമ്പനിയായ 'പാർക്കോണിക്'-മായി സഹകരിച്ചാണ് ഈ പുതിയ പദ്ധതി നടപ്പിലാക്കുന്നത്.
ഈ പുതിയ സംവിധാനത്തിൽ വാഹനങ്ങൾ പാർക്കിങ് ഏരിയയിലേക്ക് പ്രവേശിക്കുമ്പോൾ തന്നെ ക്യാമറകൾ വഴി നമ്പർ പ്ലേറ്റ് സ്വയം റീഡ് ചെയ്യപ്പെടും. തുടർന്ന് വാഹന ഉടമയുടെ സാലിക് അക്കൗണ്ട് വഴിയാണ് പാർക്കിങ് ഫീസ് ഈടാക്കുക. പുതിയ സ്മാർട്ട് സംവിധാനം നിലവിൽ വന്നതോടെ പാർക്കിങ് ഏരിയകളിലെ ഗേറ്റുകളിൽ കാത്തുനിൽക്കാതെ വാഹനങ്ങൾക്ക് സുഗമമായി കടന്നുപോകാൻ സാധിക്കും.
വിവിധ കേന്ദ്രങ്ങളിൽ വ്യത്യസ്തമായ നിരക്കുകളാണ് നിശ്ചയിച്ചിട്ടുള്ളത്. വെസ്റ്റ് യാസ് പ്ലാസയിൽ പാർക്ക് ചെയ്യുന്ന വാഹനങ്ങൾക്ക് ആദ്യത്തെ ഒരു മണിക്കൂർ പാർക്കിങ് പൂർണ്ണമായും സൗജന്യമായിരിക്കും. അതിനുശേഷമുള്ള ഓരോ മണിക്കൂറിനും 10 ദിർഹം വീതമാണ് നിരക്ക് ഈടാക്കുക. എന്നാൽ യാസ് ബേ, യാസ് മരീന എന്നിവിടങ്ങളിൽ ആദ്യ മണിക്കൂറിന് തന്നെ 20 ദിർഹം നൽകണം. അതേസമയം, ഈ കേന്ദ്രങ്ങളിലെ ഹോട്ടലുകളോ റെസ്റ്റോറന്റുകളോ സന്ദർശിക്കുന്നവർക്ക് അവിടുത്തെ പ്രത്യേക വാലിഡേഷൻ വഴി പാർക്കിംഗ് നിരക്കുകളിൽ ഇളവുകളോ സൗജന്യമോ ലഭിക്കുന്നതായിരിക്കും.
വാഹന ഉടമകൾ തങ്ങളുടെ സാലിക് അക്കൗണ്ടിൽ ആവശ്യത്തിന് ബാലൻസ് ഉണ്ടെന്ന് ഉറപ്പുവരുത്തേണ്ടതുണ്ട്. സാലിക് അക്കൗണ്ടിൽ പണമില്ലാത്തവർക്കായി മറ്റ് ഡിജിറ്റൽ മാർഗ്ഗങ്ങളിലൂടെ പണമടയ്ക്കാനുള്ള സൗകര്യവും ലഭ്യമാണ്. എന്നാൽ നിശ്ചിത സമയത്തിനകം ഫീസ് അടച്ചുതീർക്കാത്തവർക്ക് കടുത്ത പിഴയും മറ്റ് നിയമനടപടികളും നേരിടേണ്ടിവരുമെന്ന് അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.
Content Highlights: Visitors to Yas Island can now benefit from a new ticketless parking system at key attractions. The smart parking solution is designed to improve convenience, reduce waiting times, and enhance the overall visitor experience.