

യുഎഇയിൽ കുട്ടികളുടെ സോഷ്യൽ മീഡിയ ഉപയോഗത്തിന് കർശന നിയന്ത്രണമേർപ്പെടുത്തിയതിന് പിന്നാലെ, മാതാപിതാക്കളുടെ അക്കൗണ്ടുകൾ കുട്ടികൾക്ക് ഉപയോഗിക്കാൻ നൽകുന്നതിലും കടുത്ത മുന്നറിയിപ്പുമായി അധികൃതർ. കുട്ടികൾക്കായി സ്വന്തം പേരിൽ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ നിർമ്മിച്ച് നൽകുകയോ, മാതാപിതാക്കളുടെ വ്യക്തിഗത അക്കൗണ്ടുകൾ ലോഗിൻ ചെയ്ത് കുട്ടികൾക്ക് കൈമാറുകയോ ചെയ്യരുതെന്ന് അധികൃതർ വ്യക്തമാക്കി. ഇത്തരം പ്രവർത്തികൾ രാജ്യത്തെ പുതിയ നിയമത്തെ അട്ടിമറിക്കാനുള്ള ശ്രമമായി കണക്കാക്കുമെന്നും യുഎഇ ടെലികമ്മ്യൂണിക്കേഷൻസ് ആൻഡ് ഡിജിറ്റൽ ഗവൺമെന്റ് റെഗുലേറ്ററി അതോറിറ്റി ഡയറക്ടർ എഞ്ചിനീയർ അബ്ദുൾറഹ്മാൻ അൽ മർസൂഖി വ്യക്തമാക്കി.
15 വയസ്സിൽ താഴെയുള്ള കുട്ടികൾ സ്വന്തം പേരിൽ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ ഉണ്ടാക്കുന്നതും ഉപയോഗിക്കുന്നതും വിലക്കിക്കൊണ്ട് യുഎഇ കാബിനറ്റ് അടുത്തിടെയാണ് പുതിയ പ്രമേയം പാസ്സാക്കിയത്. ഇതിന് പിന്നാലെയാണ് രക്ഷിതാക്കൾ കുട്ടികൾക്ക് നിയമം മറികടക്കാനുള്ള പഴുതാകരുതെന്ന കർശന നിർദ്ദേശം അധികൃതർ നൽകുന്നത്. നിയമപരമായ ഏറ്റവും വലിയ ഉത്തരവാദിത്തം ടെക് പ്ലാറ്റ്‌ഫോമുകൾക്കാണ്. എങ്കിലും കുട്ടികൾ മുതിർന്നവരുടെ അക്കൗണ്ടുകൾ ദുരുപയോഗം ചെയ്യുന്നില്ല എന്ന് ഉറപ്പാക്കേണ്ട പ്രധാന ചുമതല മാതാപിതാക്കൾക്കാണെന്ന് അധികൃതർ ഓർമ്മിപ്പിച്ചു.
പുതിയ നിയമപ്രകാരം വെറുതെ ജനനത്തീയതി രേഖപ്പെടുത്തുന്ന പഴയ രീതിക്ക് പകരം, ഉപയോക്താക്കളുടെ കൃത്യമായ പ്രായം തെളിയിക്കുന്ന സാങ്കേതിക സംവിധാനങ്ങൾ സോഷ്യൽ മീഡിയ കമ്പനികൾ ഒരുക്കേണ്ടതുണ്ട്. ഇതിനായി സർക്കാർ ഡിജിറ്റൽ ഐഡന്റിറ്റി പോർട്ടലുകൾ, ബയോമെട്രിക് ഫേഷ്യൽ റെക്കഗ്നിഷൻ അല്ലെങ്കിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് എന്നിവ പ്ലാറ്റ്‌ഫോമുകൾ ഉപയോഗിക്കും. നിലവിൽ 15 വയസ്സിൽ താഴെയുള്ള കുട്ടികൾ ഉപയോഗിക്കുന്ന അക്കൗണ്ടുകൾ കണ്ടെത്തി അവ സ്ഥിരമായി ഇല്ലാതാക്കാൻ കമ്പനികൾക്ക് 12 മാസത്തെ സാവകാശം നൽകിയിട്ടുണ്ട്.
അതേസമയം, 15-ഉം 16-ഉം വയസ്സുള്ള കുട്ടികൾക്ക് സോഷ്യൽ മീഡിയ ഉപയോഗിക്കാൻ അനുമതിയുണ്ടെങ്കിലും മുതിർന്നവരെപ്പോലെ പൂർണ്ണ സ്വാതന്ത്ര്യം ഉണ്ടായിരിക്കില്ല. ഇവർക്കായി നിർബന്ധിത 'പേരന്റൽ കൺട്രോൾ' സംവിധാനങ്ങൾ കമ്പനികൾ ഒരുക്കണം. കുട്ടികൾ എത്ര സമയം ആപ്പ് ഉപയോഗിക്കണം, ഏതുതരം ഉള്ളടക്കങ്ങൾ കാണണം, പ്രൈവസി സെറ്റിംഗ്സ് എങ്ങനെ ആയിരിക്കണം എന്നിവ നിയന്ത്രിക്കാൻ രക്ഷിതാക്കൾ ഈ ടൂളുകൾ കൃത്യമായി ഉപയോഗിക്കണം.
'ചൈൽഡ് ഇൻഫ്ലുവൻസർമാർക്ക്' ഇളവ്
പുതിയ സോഷ്യൽ മീഡിയ നിയമത്തിൽ നിന്ന് ചൈൽഡ് ഇൻഫ്ലുവൻസർമാർക്ക് ഇളവുണ്ട്. ഒരു മുതിർന്ന വ്യക്തി ഉപയോഗിക്കുന്ന അക്കൗണ്ട് വഴി കുട്ടികൾക്ക് നല്ല ഉള്ളടക്കങ്ങൾ നിർമ്മിക്കുന്നതിൽ പങ്കാളികളാകാം. മാതാപിതാക്കൾ സ്വന്തം ഫോണിൽ ലോഗിൻ ചെയ്യുകയും അക്കൗണ്ട് നേരിട്ട് നിയന്ത്രിക്കുകയും ചെയ്യുമ്പോൾ, കുട്ടി ഉള്ളടക്കം നിർമ്മിക്കുക മാത്രമാണ് ചെയ്യുന്നത്. കുട്ടി നേരിട്ട് അക്കൗണ്ടിലേക്ക് ലോഗിൻ ചെയ്യുകയോ ഫോൺ കൈവശം വെക്കുകയോ ചെയ്യരുത്. ഇത് വഴി അനുചിതമായ ഉള്ളടക്കങ്ങൾ കാണുന്നതിൽ നിന്നും അപരിചിതരുമായി ഇടപഴകുന്നതിൽ നിന്നും കുട്ടികളെ പൂർണ്ണമായി സംരക്ഷിക്കാൻ സാധിക്കും. പുതിയ നിയമങ്ങളെക്കുറിച്ച് പൊതുജനങ്ങളിൽ അവബോധം വളർത്തുന്നതിനായി ടിഡിആർഎ ഉടൻ തന്നെ വിപുലമായ പ്രചാരണ പരിപാടികൾ ആരംഭിക്കും.
Content Highlights: The UAE has reinforced its child online safety regulations by clarifying that children should not access or use their parents' social media accounts. The move is aimed at protecting minors, promoting responsible digital behavior, and ensuring compliance with age-related platform policies.