

ഫിഫ ലോകകപ്പിൽ ഈജിപ്തിന്റെ ചരിത്ര വിജയം ആഘോഷമാക്കി യുഎഇയിലെ ഈജിപ്ഷ്യൻ പ്രവാസികൾ. വിജയത്തിന് പിന്നാലെ ദുബായിലെ ബുർജ് ഖലീഫ ഈജിപ്ഷ്യൻ പതാകയുടെ വർണ്ണങ്ങളാൽ പ്രകാശിപ്പിച്ചു. വീടുകളിലും തീയേറ്ററുകളിലും കഫേകളിലുമെല്ലാം പ്രവാസികൾ ഈ വിജയം ആനന്ദക്കണ്ണീരോടെയും ആർപ്പുവിളികളോടെയുമാണ് വരവേറ്റത്.
ഈജിപ്ഷ്യൻ ടീമിന്റെ പോരാട്ടവീര്യത്തെയും കളിമികവിനെയും യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം അഭിനന്ദിച്ചു. "ഇന്ന് അറബ് ലോകത്തെ സന്തോഷം ഈജിപ്തിന്റെ വിജയമാണ്," എന്ന് അദ്ദേഹം സോഷ്യൽ മീഡിയയിൽ കുറിച്ചു.
ചരിത്രത്തിലാദ്യമായാണ് ഈജിപ്ത് ഫിഫ ലോകകപ്പ് പ്രീക്വാർട്ടറിന് യോഗ്യത നേടുന്നത്. വെള്ളിയാഴ്ച നടന്ന ആവേശകരമായ മത്സരത്തിൽ ഓസ്ട്രേലിയയെ പെനാൽറ്റി ഷൂട്ടൗട്ടിൽ 4-2 ന് തകർത്താണ് ഈജിപ്ത് ചരിത്ര വിജയം സ്വന്തമാക്കിയത്. ഡാളസ് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ നിശ്ചിത സമയത്തും അധിക സമയത്തും ഇരു ടീമുകളും 1-1 സമനില പാലിച്ചതിനെ തുടർന്നാണ് കളി ഷൂട്ടൗട്ടിലേക്ക് നീണ്ടത്. ലോകകപ്പിന്റെ നോക്കൗട്ട് ഘട്ടത്തിൽ ഈജിപ്ത് നേടുന്ന ആദ്യ വിജയമാണിതെന്നതും പ്രത്യേകതയാണ്.
മത്സരത്തിന്റെ 13-ാം മിനിറ്റിൽ ഇമാം ആശൂറിന്റെ ഹെഡറിലൂടെ ഈജിപ്താണ് ആദ്യം മുന്നിലെത്തിയത്. എന്നാൽ രണ്ടാം പകുതിയുടെ തുടക്കത്തിൽ മുഹമ്മദ് ഹാനിയുടെ വകയായി പിറന്ന സെൽഫ് ഗോൾ ഓസ്ട്രേലിയയ്ക്ക് സമനില സമ്മാനിക്കുകയായിരുന്നു.
വിജയത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിച്ച ഈജിപ്ത് കോച്ച് ഹൊസാം ഹസ്സൻ, മികച്ച പ്രകടനം പുറത്തെടുത്ത കളിക്കാർക്ക് നന്ദി പറയുന്നതിനൊപ്പം പലസ്തീൻ ജനതയ്ക്ക് ഈ വിജയം സമർപ്പിച്ചു. "പലസ്തീൻ ജനത എന്റെ ഹൃദയത്തിലും ആത്മാവിലുമുണ്ട്. അവർ ഞങ്ങളുടെ വിജയത്തിൽ അത്രമേൽ സന്തോഷിക്കുന്നു," എന്ന് പറഞ്ഞ അദ്ദേഹം, കളിക്കളത്തിൽ പലസ്തീൻ പതാക ഉയർത്തുകയും ചെയ്തു. പലസ്തീൻ്റെ പരമ്പരാഗത വസ്ത്രമായ 'കെഫിയ്യ' ധരിച്ചെത്തിയ ആരാധകരും 'ഫ്രീ പലസ്തീൻ' മുദ്രാവാക്യങ്ങളുമായി ഈ വലിയ വിജയത്തിൽ പങ്കുചേർന്നു.
Content Highlights: Dubai's iconic Burj Khalifa displayed the Egyptian flag in celebration of Egypt's historic qualification for the FIFA World Cup Round of 16, sparking celebrations across the Arab world.