ഇത്തിഹാദ് റെയിൽ നിരക്കുകൾ 55 ദിർഹം മുതൽ; കുട്ടികൾക്കും മുതിർന്ന പൗരന്മാർക്കും പ്രത്യേക ഇളവുകൾ

ടിക്കറ്റ് നിരക്കുകൾ, ഇളവുകൾ, ക്യാൻസലേഷൻ നയങ്ങൾ എന്നിവ വ്യക്തമാക്കുന്ന പാസഞ്ചർ ചാർട്ടർ ഇത്തിഹാദ് റെയിൽ തങ്ങളുടെ വെബ്‌സൈറ്റിലൂടെ പുറത്തുവിട്ടിരിക്കുകയാണ്

ഇത്തിഹാദ് റെയിൽ നിരക്കുകൾ 55 ദിർഹം മുതൽ; കുട്ടികൾക്കും മുതിർന്ന പൗരന്മാർക്കും പ്രത്യേക ഇളവുകൾ
dot image

യുഎഇയിലെ ആദ്യത്തെ പാസഞ്ചർ ട്രെയിൻ സർവീസായ 'ഇത്തിഹാദ് റെയിൽ' വലിയ ആവേശത്തോടെ സർവീസ് ആരംഭിച്ചിരിക്കുകയാണ്. തുടക്കം മുതൽ തന്നെ യുഎഇ നിവാസികൾക്കിടയിൽ ഇത്തിഹാദ് റെയിലിൽ യാത്ര ചെയ്യുന്നതിനായി വലിയ താൽപ്പര്യവും പ്രകടമാകുന്നുണ്ട്. സർവീസ് ആരംഭിക്കുന്നതിന് മുൻപ് തന്നെ 10,000-ത്തിലധികം ടിക്കറ്റുകൾ വിറ്റഴിഞ്ഞിരുന്നു. ഈ സാഹചര്യത്തിൽ യാത്രക്കാർക്കായി ടിക്കറ്റ് നിരക്കുകൾ, ഇളവുകൾ, ക്യാൻസലേഷൻ നയങ്ങൾ എന്നിവ വ്യക്തമാക്കുന്ന പാസഞ്ചർ ചാർട്ടർ ഇത്തിഹാദ് റെയിൽ തങ്ങളുടെ വെബ്‌സൈറ്റിലൂടെ പുറത്തുവിട്ടിരിക്കുകയാണ്. കുട്ടികൾക്കും മുതിർന്ന പൗരന്മാർക്കും നിരക്കുകളിൽ പ്രത്യേക ഇളവുകൾ ലഭ്യമാണ്.

18-നും 59-നും ഇടയിൽ പ്രായമുള്ള മുതിർന്നവർക്ക് സാധാരണ ടിക്കറ്റ് നിരക്കായിരിക്കും ഈടാക്കുക. എന്നാൽ നിലവിൽ ട്രെയിനിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ച് 50 ശതമാനം ഡിസ്‌കൗണ്ടിലാണ് ടിക്കറ്റുകൾ വിൽക്കുന്നത്. കംഫർട്ട് ക്ലാസ് ടിക്കറ്റുകൾ 55 ദിർഹം മുതലും പ്രീമിയം ക്ലാസ് ടിക്കറ്റുകൾ 120 ദിർഹം മുതലും ലഭ്യമാണ്. 17 വയസ്സിന് താഴെയുള്ള കുട്ടികൾക്ക് സാധാരണ ടിക്കറ്റ് നിരക്കിന്റെ പകുതി തുക (50 ശതമാനം ഡിസ്‌കൗണ്ട്) നൽകിയാൽ മതിയാകും. എന്നാൽ 14 വയസ്സിന് താഴെയുള്ള കുട്ടികൾ യാത്ര ചെയ്യുമ്പോൾ ഒപ്പം മുതിർന്ന ഒരാൾ ഉണ്ടായിരിക്കണം. രണ്ടു വയസ്സിന് താഴെയുള്ള കുട്ടികൾക്ക് ഒപ്പമുള്ള മുതിർന്ന ആളുടെ മടിയിലിരുന്ന് സൗജന്യമായി യാത്ര ചെയ്യാം. എന്നാൽ ഇവർക്കായി പ്രത്യേക സീറ്റ് വേണമെന്നുണ്ടെങ്കിൽ 'ചൈൽഡ് ടിക്കറ്റ്' എടുക്കേണ്ടതുണ്ട്.

60 വയസ്സിന് മുകളിലുള്ള മുതിർന്ന പൗരന്മാർക്കും ഇത്തിഹാദ് റെയിലിൽ ഇളവുകളുണ്ട്. സാധാരണ ടിക്കറ്റ് നിരക്കിൽ നിന്നും 20 ശതമാനം കുറഞ്ഞ തുക മാത്രം ഇവർ നൽകിയാൽ മതിയാകും. എന്നാൽ പ്രായം തെളിയിക്കുന്നതിനായി യാത്രക്കാർ ഔദ്യോഗിക തിരിച്ചറിയൽ രേഖകൾ കൈവശം കരുതേണ്ടതുണ്ട്. യാത്രക്കാർക്ക് ടിക്കറ്റ് റദ്ദാക്കാനും തീയതികളിൽ മാറ്റം വരുത്താനും ഇത്തിഹാദ് റെയിലിന്റെ മൊബൈൽ ആപ്പ്, ഔദ്യോഗിക വെബ്‌സൈറ്റ്, ടിക്കറ്റ് വെൻഡിങ് മെഷീനുകൾ അല്ലെങ്കിൽ കോൺടാക്ട് സെന്റർ എന്നിവ ഉപയോഗിക്കാവുന്നതാണ്. ടിക്കറ്റിന്റെ ക്ലാസ് അനുസരിച്ചായിരിക്കും ക്യാൻസലേഷൻ, റീഫണ്ട് നയങ്ങൾ ബാധകമാകുക.

സേവർ, വാല്യൂ എന്നീ ക്ലാസുകളിലെ ടിക്കറ്റുകൾ റദ്ദാക്കിയാൽ പണം തിരികെ ലഭിക്കുകയില്ല. എന്നാൽ ഫ്ലെക്സ് ടിക്കറ്റുകൾ യാത്രയ്ക്ക് 24 മണിക്കൂർ മുൻപ് റദ്ദാക്കിയാൽ മുഴുവൻ തുകയും തിരികെ ലഭിക്കും. യാത്രയ്ക്ക് 24 മണിക്കൂറിനുള്ളിലാണ് റദ്ദാക്കുന്നതെങ്കിൽ 30 ശതമാനം ക്യാൻസലേഷൻ ചാർജ് ഈടാക്കുന്നതാണ്. ട്രെയിൻ പുറപ്പെടുന്ന സമയത്ത് എത്തിച്ചേരാത്തവർക്ക് റീഫണ്ട് ലഭിക്കില്ല. ടിക്കറ്റ് മാറ്റങ്ങൾ പരിശോധിച്ചാൽ സേവർ ടിക്കറ്റുകളിൽ യാതൊരു മാറ്റവും അനുവദിക്കില്ല.

വാല്യൂ ടിക്കറ്റുകളിൽ യാത്രയ്ക്ക് 72 മണിക്കൂർ മുൻപ് വരെ തീയതിയും സമയവും സൗജന്യമായി എത്ര തവണ വേണമെങ്കിലും മാറ്റാം (ടിക്കറ്റ് നിരക്കിൽ വ്യത്യാസമുണ്ടെങ്കിൽ അത് നൽകേണ്ടി വരും). അതിനുശേഷം മാറ്റം വരുത്താൻ 20 ദിർഹം ഫീസ് ഈടാക്കും. ഫ്ലെക്സ് ടിക്കറ്റുകളിൽ ട്രെയിൻ പുറപ്പെടുന്നതിന് മുമ്പും പുറപ്പെട്ട് 30 മിനിറ്റ് വരെയുള്ള സമയത്തും മാറ്റങ്ങൾ വരുത്താം. എന്നാൽ ഒരു ടിക്കറ്റിലും യാത്ര തുടങ്ങുന്ന സ്റ്റേഷനോ അവസാനിക്കുന്ന സ്റ്റേഷനോ മാറ്റാൻ സാധിക്കില്ല. ടിക്കറ്റ് മാറ്റം സ്ഥിരീകരിച്ചു കഴിഞ്ഞാൽ പുതിയ ടിക്കറ്റ് അനുവദിക്കുകയും പഴയ ടിക്കറ്റ് അസാധുവാകുകയും ചെയ്യും.

Content Highlights: Etihad Rail's passenger service will offer fares starting at AED 55, along with discounted tickets for children and senior citizens. The fare structure is designed to encourage affordable and convenient rail travel across the UAE.

dot image
To advertise here,contact us
dot image