പശ്ചിമേഷ്യയിൽ നിർണായക മാറ്റങ്ങൾ; ഖമനയിയുടെ സംസ്കാര ചടങ്ങിൽ പങ്കെടുത്ത് സൗദി പ്രതിനിധികൾ

പശ്ചിമേഷ്യൻ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിൽ കടുത്ത അസ്വാരസ്യങ്ങൾ നിലനിൽക്കുന്ന സാഹചര്യത്തിലാണ് ഈ സന്ദർശനം എന്നത് ഏറെ ശ്രദ്ധേയമാണ്.

പശ്ചിമേഷ്യയിൽ നിർണായക മാറ്റങ്ങൾ; ഖമനയിയുടെ സംസ്കാര ചടങ്ങിൽ പങ്കെടുത്ത് സൗദി പ്രതിനിധികൾ
dot image

ഇറാൻ മുൻ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനയിയുടെ സംസ്കാര ചടങ്ങുകളിൽ പങ്കെടുക്കാൻ അപ്രതീക്ഷിതമായി ടെഹ്‌റാനിലെത്തി സൗദി അറേബ്യൻ പ്രതിനിധിസംഘം. സൗദി ഡെപ്യൂട്ടി വിദേശകാര്യമന്ത്രി വലീദ് അൽ ഖെറൈജിയുടെ നേതൃത്വത്തിലുള്ള സംഘമാണ് ചടങ്ങിൽ പങ്കെടുത്തത്. ഒമാൻ, ഖത്തർ തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികൾ ചടങ്ങിൽ പങ്കെടുക്കുമെന്ന് നേരത്തെ ഇറാൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നെങ്കിലും സൗദിയുടെ സാന്നിധ്യം മുൻകൂട്ടി നിശ്ചയിച്ചിരുന്നില്ല. ഈ അപ്രതീക്ഷിത സന്ദർശനം ഇരുരാജ്യങ്ങളും തമ്മിലുള്ള പുതിയ നയതന്ത്ര നീക്കങ്ങളുടെ സൂചനയായാണ് വിലയിരുത്തപ്പെടുന്നത്.

ടെഹ്‌റാനിലെ ഗ്രാൻഡ് മൊസല്ലയിൽ നടന്ന ചടങ്ങുകൾക്ക് ശേഷം ഖമനയിയുടെ ഭൗതികശരീരം വിലാപയാത്രയായി ഷിയാ തീർത്ഥാടന നഗരമായ ഖോമിലേക്ക് കൊണ്ടുപോകും. ചടങ്ങിൽ പങ്കെടുത്തതിന് പിന്നാലെ സൗദി ഡെപ്യൂട്ടി വിദേശകാര്യമന്ത്രി അനുശോചനക്കുറിപ്പും കൈമാറിയിട്ടുണ്ട്. പശ്ചിമേഷ്യൻ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിൽ കടുത്ത അസ്വാരസ്യങ്ങൾ നിലനിൽക്കുന്ന സാഹചര്യത്തിലാണ് ഈ സന്ദർശനം എന്നത് ഏറെ ശ്രദ്ധേയമാണ്.

മേയിൽ പുറത്തുവന്ന റിപ്പോർട്ട് പ്രകാരം, മേഖലയിൽ സമാധാനം പുനസ്ഥാപിക്കുന്നതിനായി ഇറാനെയും മറ്റ് ഗൾഫ് അറബ് രാജ്യങ്ങളെയും ഉൾപ്പെടുത്തി ഒരു 'പ്രാദേശിക അനാക്രമണ കരാർ' രൂപീകരിക്കാൻ സൗദി അറേബ്യ താൽപ്പര്യം പ്രകടിപ്പിച്ചിരുന്നു. ഇറാന്റെ ബാലിസ്റ്റിക് മിസൈൽ, ഡ്രോൺ ശേഷികൾ ഉയർത്തുന്ന സുരക്ഷാ വെല്ലുവിളികൾ പരിഹരിക്കാനും ഭാവിയിൽ ഗൾഫ് മേഖലയിൽ ഉണ്ടായേക്കാവുന്ന വലിയ സൈനിക ഏറ്റുമുട്ടലുകൾ ഒഴിവാക്കാനും ഇത്തരം ഒരു കരാർ അനിവാര്യമാണെന്നാണ് സൗദിയുടെ നിലപാട്.

അതേസമയം, പശ്ചിമേഷ്യയിലെ നിലവിലെ സാഹചര്യങ്ങളെ നേരിടുന്നതിൽ ഗൾഫ് രാജ്യങ്ങൾക്കിടയിൽ ഭിന്നത നിലനിൽക്കുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. സൗദി അറേബ്യ നയതന്ത്ര ചർച്ചകൾക്കും സമാധാന ശ്രമങ്ങൾക്കും മുൻഗണന നൽകുമ്പോൾ, യുഎഇ അമേരിക്കയുമായും ഇസ്രയേലുമായും ചേർന്നുള്ള ശക്തമായ സുരക്ഷാ സഹകരണത്തിനാണ് പ്രാധാന്യം നൽകുന്നത്. ഇതിനിടെ, ഹോർമുസ് കടലിടുക്കിൽ അമേരിക്കയുടെ നേതൃത്വത്തിൽ നടത്താൻ പദ്ധതിയിട്ട സംയുക്ത നാവിക സുരക്ഷാ നീക്കങ്ങൾക്ക് തങ്ങളുടെ സൈനിക താവളങ്ങൾ വിട്ടുനൽകാൻ സൗദി വിസമ്മതിച്ചതായും വാർത്തകളുണ്ട്.

അമേരിക്കയും ഇറാനും തമ്മിലുള്ള ധാരണാപത്രത്തെ സ്വാഗതം ചെയ്തുകൊണ്ട് രണ്ടാഴ്ച മുമ്പ് സൗദി വിദേശകാര്യമന്ത്രി ഫൈസൽ ബിൻ ഫർഹാൻ രാജകുമാരൻ സംസാരിച്ചിരുന്നു. മേഖലയിലെ സംഘർഷങ്ങൾ കുറയ്ക്കാൻ ഇത് സഹായിക്കുമെങ്കിലും ദീർഘകാലാടിസ്ഥാനത്തിലുള്ള കൃത്യമായ പരിശോധന ഉറപ്പാക്കിയാൽ മാത്രമെ കരാർ വിജയകരമാകൂ എന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. കൂടാതെ, ഹോർമുസ് കടലിടുക്കിലെ കപ്പൽ ഗതാഗതത്തിനായി പുതിയ നിയമങ്ങൾ കൊണ്ടുവരുന്നതിനെ സൗദി എതിർത്തു. യുദ്ധത്തിന് മുമ്പ് തന്നെ നിലവിലുണ്ടായിരുന്ന സംവിധാനം കൃത്യമായി പ്രവർത്തിച്ചിരുന്നതിനാൽ പുതിയ മാറ്റങ്ങളുടെ ആവശ്യമില്ലെന്നാണ് സൗദിയുടെ നിലപാട്.

2023-ൽ ചൈനയുടെ മധ്യസ്ഥതയിൽ ഇറാനുമായി പുനസ്ഥാപിച്ച നയതന്ത്ര ബന്ധത്തിൽ, സമീപകാലത്തുണ്ടായ സംഘർഷങ്ങൾ വിള്ളൽ വീഴ്ത്തിയതായി സൗദി വിദേശകാര്യമന്ത്രി സമ്മതിച്ചു. പശ്ചിമേഷ്യൻ യുദ്ധം ആരംഭിച്ച സമയത്ത് ഇറാനെതിരെ സൗദി രഹസ്യമായി തിരിച്ചടികൾ നടത്തിയിരുന്നതായി റിപ്പോർട്ടുകൾ ഉണ്ടായിരുന്നുവെങ്കിലും ഇപ്പോൾ കൂടുതൽ അനുരഞ്ജന പാതയിലാണ് രാജ്യം. ഇറാനുമായുള്ള സാമ്പത്തിക-നയതന്ത്ര ചർച്ചകൾ താൽക്കാലികമായി നിർത്തിവെച്ചിരിക്കുകയാണെങ്കിലും ഇരുപക്ഷത്തെയും നയതന്ത്ര ചർച്ചകളിലേക്ക് നയിക്കാൻ സൗദി അണിയറയിൽ സജീവമായി ശ്രമിക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

Content Highlights: Saudi representatives unexpectedly attended the funeral ceremony of Ayatollah Ali Khamenei, signaling a potentially significant shift in regional diplomacy. The move has drawn attention amid changing geopolitical equations in West Asia.

dot image
To advertise here,contact us
dot image