യുഎഇയിൽ ഇന്ത്യൻ കോൺസുലാർ സേവനങ്ങൾ പ്രതിസന്ധിയിൽ; ദുരിതത്തിലായി ലക്ഷക്കണക്കിന് പ്രവാസികൾ

തിങ്കളാഴ്ച ഡൽഹി ഹൈക്കോടതി ഈ കേസ് വീണ്ടും പരിഗണിക്കുമ്പോൾ അനുകൂലമായ ഒരു തീരുമാനമുണ്ടാകുമെന്ന പ്രതീക്ഷയിലാണ് പ്രവാസി സമൂഹം.

യുഎഇയിൽ ഇന്ത്യൻ കോൺസുലാർ സേവനങ്ങൾ പ്രതിസന്ധിയിൽ; ദുരിതത്തിലായി ലക്ഷക്കണക്കിന് പ്രവാസികൾ
dot image

യുഎഇയിലെ ഇന്ത്യൻ നയതന്ത്ര കാര്യാലയങ്ങളിൽ കോൺസുലാർ സേവനങ്ങൾക്കുള്ള പ്രവൃത്തിസമയം വെട്ടിച്ചുരുക്കിയതോടെ പ്രവാസി സമൂഹം കടുത്ത പ്രതിസന്ധിയിൽ. നിലവിലെ കഠിനമായ ചൂടിനെ അവഗണിച്ചും മണിക്കൂറുകളോളമാണ് സാധാരണക്കാരായ പ്രവാസികൾ എംബസിക്ക് മുന്നിൽ ക്യൂ നിൽക്കുന്നത്. വിസ പുതുക്കൽ, അടിയന്തര യാത്രകൾ എന്നിവ മുടങ്ങിയതോടെ എത്രയും വേഗം ഈ പ്രശ്നത്തിന് ശാശ്വത പരിഹാരം കാണണമെന്നാണ് പ്രവാസികളുടെ ആവശ്യം.

യുഎഇയിൽ കോൺസുലാർ സേവനങ്ങൾ ലഭ്യമാക്കുന്നതിനായി 'അൽഹിന്ദ് ട്രാവൽസിന്' കേന്ദ്ര സർക്കാർ നൽകിയ അനുമതി നിയമക്കുരുക്കിൽ പെട്ടതാണ് ഈ വൻ പ്രതിസന്ധിക്ക് കാരണമായത്. ഇതോടെ ദുബായിലെ ഇന്ത്യൻ കോൺസുലേറ്റിലും അബുദാബിയിലെ ഇന്ത്യൻ എംബസിയിലും നിലവിൽ ലഭ്യമാക്കിയിരുന്ന സേവനങ്ങൾ രാവിലെ വെറും മൂന്നര മണിക്കൂർ മാത്രമായി ചുരുക്കി. ഇതാണ് പ്രവാസികളുടെ ദുരിതം ഇരട്ടിയാക്കിയത്.

ടെൻഡർ നടപടികളുമായി ബന്ധപ്പെട്ട് ഡൽഹി ഹൈക്കോടതിയിലുള്ള കേസും സുപ്രീം കോടതിയുടെ 'സ്റ്റാറ്റസ് ക്വോ' (യഥാസ്ഥിതി തുടരാനുള്ള) ഉത്തരവുമാണ് പുതിയ ഏജൻസിയുടെ പ്രവർത്തനങ്ങളെ അനിശ്ചിതത്വത്തിലാക്കിയത്. വിസ സ്റ്റാമ്പിങ്, അറ്റസ്റ്റേഷൻ തുടങ്ങിയ പ്രധാന സേവനങ്ങൾ മുടങ്ങുന്നത് സാധാരണക്കാരായ തൊഴിലാളികളുടെ ജോലി സുരക്ഷിതത്വത്തെയും നിയമപരമായ നിലനിൽപ്പിനെയും നേരിട്ട് ബാധിക്കുമെന്ന ആശങ്കയും ഇപ്പോൾ ശക്തമാണ്.

വരുന്ന തിങ്കളാഴ്ച ഡൽഹി ഹൈക്കോടതി ഈ കേസ് വീണ്ടും പരിഗണിക്കുമ്പോൾ അനുകൂലമായ ഒരു തീരുമാനമുണ്ടാകുമെന്ന പ്രതീക്ഷയിലാണ് പ്രവാസി സമൂഹം. ലക്ഷക്കണക്കിന് വരുന്ന ജനങ്ങളുടെ ഈ ദുരിതത്തിന് അറുതി വരുത്താൻ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ അടിയന്തരമായി ഇടപെടണമെന്ന് യുഎഇയിലെ പ്രമുഖ സാമൂഹ്യപ്രവർത്തകർ ആവശ്യപ്പെടുന്നുണ്ട്.

അതേസമയം, കോടതി വിധി വരുന്ന മുറയ്ക്ക് യുഎഇയിലുടനീളം സജ്ജമാക്കിയ 16 അത്യാധുനിക കേന്ദ്രങ്ങളിലൂടെ അതിവേഗ സേവനം നൽകാൻ തങ്ങൾ പൂർണ്ണ സജ്ജരാണെന്ന് കരാർ ലഭിച്ച അൽഹിന്ദ് ഗ്രൂപ്പ് വ്യക്തമാക്കി. എന്നാൽ, ഈ താൽക്കാലിക തടസ്സം നീങ്ങുന്നത് വരെ അപേക്ഷകർക്ക് അബുദാബിയിലെ ഇന്ത്യൻ എംബസിയെയോ ദുബായ് കോൺസുലേറ്റിനെയോ തന്നെ ആശ്രയിക്കേണ്ടി വരും. വരും ദിവസങ്ങളിൽ നയതന്ത്ര കാര്യാലയങ്ങളിലെ ബദൽ സംവിധാനങ്ങൾ വിപുലമാക്കിയില്ലെങ്കിൽ പ്രവാസികൾ നേരിടുന്ന പ്രതിസന്ധി ഇനിയും രൂക്ഷമാകാനാണ് സാധ്യത.

Content Highlights: Indian consular services in the UAE are facing a major crisis, causing inconvenience to lakhs of Indian expatriates seeking essential passport, visa, and other consular services.

dot image
To advertise here,contact us
dot image