

പശ്ചിമേഷ്യന്‍ സംഘര്‍ഷത്തിന് ശേഷം ആദ്യമായി എണ്ണവില കുറയ്ക്കാന്‍ യുഎഇ. നാളെ മുതല്‍ യുഎഇയില്‍ എണ്ണ വില കുറയും. പശ്ചിമേഷ്യന്‍ സംഘര്‍ഷത്തെ തുടര്‍ന്ന് നാല് മാസമായുള്ള എണ്ണ വില വര്‍ധനവിനാണ് ഇപ്പോള്‍ ആശ്വാസമാകുന്നത്.
സൂപ്പര്‍ 98 പ്രീമിയം പെട്രോളിന് ഇനി മുതല്‍ ലിറ്ററിന് 3.40 ദിര്‍ഹമാണ് വില. ജൂണിലെ 3.95 ദിര്‍ഹത്തില്‍ നിന്ന് 13.9 ശതമാനത്തിന്റെ കുറവാണ് ഉണ്ടായിരിക്കുന്നത്. സ്‌പെഷ്യല്‍ 95ന് ദിര്‍ഹം 3.29 ആണ് വില. ജൂണില്‍ ഇത് 3.83 ദിര്‍ഹമായിരുന്നു. ഇ പ്ലസ് 91ന് 3.21 ദിര്‍ഹവും ഡീസലിന് 3.60 ദിര്‍ഹവുമായിരിക്കും നാളെ മുതലുള്ള വില.
2015ല്‍ യുഎഇ വിപണി ബന്ധിത ഇന്ധന വിലനിര്‍ണയം കൊണ്ടുവന്നതിന് ശേഷമുള്ള ഏറ്റവും വലിയ വിലക്കുറവാണ് ഇപ്പോൾ പ്രഖ്യാപിച്ചിരിക്കുന്നത്. ആഗോള എണ്ണ വിപണിയിലുള്ള മാറ്റത്തിന് പിന്നാലെയാണ് യുഎഇ ഇപ്പോള്‍ എണ്ണ വില കുറച്ചിരിക്കുന്നത്. ആഗോള എണ്ണ വില ഈ മാസത്തിന്റെ തുടക്കം മുതല്‍ തന്നെ ബാരലിന് 20 ഡോളറിലധികം കുറഞ്ഞിരുന്നു.
അമേരിക്ക-ഇറാന്‍ സമാധാന കരാര്‍ നിലവില്‍ വരികയും ഹോര്‍മൂസ് കടലിടുക്ക് വീണ്ടും തുറക്കുകയും ചെയ്തതോടെയാണ് ഇന്ധന വില കുറഞ്ഞത്. നേരത്തെ യുഎസ്- ഇറാന്‍ യുദ്ധം ആരംഭിച്ച ഫെബ്രുവരി അവസാനം മുതല്‍ യുഎഇയിലെ റീട്ടെയില്‍ ഇന്ധന വില വര്‍ധിച്ചുകൊണ്ടിരിക്കുകയായിരുന്നു. 60 ശതമാനത്തിലധികമാണ് വിലയില്‍ വര്‍ധനയുണ്ടായത്.
Content Highlights: The UAE has announced a reduction in fuel prices effective from tomorrow