

തിരുവന്തപുരം: 1921 മുതൽ 1956വരെയുള്ള കാലയളവിൽ മദ്രാസ് ലെജിസ്ലേറ്റിവ് കൗൺസിലിലും അസംബ്ലിയിലും മലബാറിനെ പ്രതിനിധാനം ചെയ്തിരുന്ന അംഗങ്ങളുടെ നിയമനിർമ്മാണ സഭയിലെ പ്രസംഗങ്ങളും ഇടപെടലുകളും കേരള നിയമസഭയുടെ ഡിജിറ്റൽ രേഖകളുടെ ഭാഗമാക്കണമെന്ന് പൊന്നാനി എംഎൽഎ കെ പി നൗഷാദ് അലി. ഈ ആവശ്യം ഉന്നയിച്ച് മുഖ്യമന്ത്രി വി ഡി സതീശന് കെ പി നൗഷാദ് അലി കത്ത് കൈമാറി. തിരുവിതാംകൂർ, കൊച്ചി, തിരുവിതാംകൂർ-കൊച്ചി നിയമ നിർമ്മാണ സഭകളുടെ തുടക്കം മുതലുള്ള നടപടിക്രമങ്ങൾ ഡിജിറ്റലൈസ് ചെയ്യപ്പെട്ടിട്ടുണ്ട്. ഇവ niyamasabha. org എന്ന വെബ് സൈറ്റിൽ ലഭ്യവുമാണ്. ഇത് വളരെ നമ്മുടെ നിയമസഭ നടത്തിയ വളരെ ശ്ലാഘനീയമായ ഉദ്യമമാണ്. ചരിത്ര ഗവേഷകർക്ക് വിരത്തുമ്പിൽ വിലപ്പെട്ട വിവരങ്ങൾ കിട്ടുന്ന അമൂല്യ നിധിയാണിത്. എന്നാൽ സംഭവബഹുലമായ 1921-1956 കാലഘട്ടത്തിൽ മലബാർ ഭാഗത്തെ പ്രതിനിധീകരിച്ച് മദ്രാസ് ലെജിസ്ലേറ്റിവ് കൗൺസിലിലും അസംബ്ലിയിലും അംഗങ്ങളായിരുന്ന പ്രഗൽഭരായ സാമാജികർ നടത്തിയ പ്രസംഗങ്ങളും സഭയിലെ ഇടപെടലുകളും ഡിജിറ്റൽ രൂപത്തിൽ നമ്മുടെ നിയമസഭ വെബ്‌സൈറ്റിൽ ലഭ്യമല്ല എന്ന കുറവ് പരിഹരിക്കപ്പെടേണ്ടതുണ്ടെന്നാണ് മുഖ്യമന്ത്രിക്ക് നൽകിയ കത്തിൽ കെ പി നൗഷാദ് അലി ചൂണ്ടിക്കാണിച്ചിരിക്കുന്നത്.
മലബാർ കലാപം, ജൻമി-കുടിയാൻ ബന്ധ പരിഷ്കരണം സംബന്ധിച്ച നിയമ നിർമ്മാണങ്ങൾ, രണ്ടാം ലോകമഹായുദ്ധവും കോൺഗ്രസ്സ് മന്ത്രിസഭകളുടെ രാജിയും, വിവിധ ബ്രിട്ടീഷ് ഭരണപരിഷ്‌കാരങ്ങളോടുള്ള ഇന്ത്യൻ ദേശീയതയുടെ നിലപാടുകൾ, ഇന്ത്യൻ സ്വാതന്ത്ര്യം, ഭാഷാടിസ്ഥാനത്തിലുള്ള സംസ്ഥാനങ്ങളുടെ രൂപീകരണം എന്നിങ്ങനെ എണ്ണമറ്റ ചരിത്ര മുഹൂർത്തങ്ങളടങ്ങിയ കാലഘട്ടമാണിതെന്നും കത്തിൽ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. ഈ കാലയളവിലെ ജനകീയ പ്രശ്നങ്ങൾ ഉന്നയിച്ചു കൊണ്ട് അന്നത്തെ മലബാർ പ്രദേശത്തെ പ്രതിനിധാനം ചെയ്തിരുന്ന സാമാജികരുടെ പ്രസംഗങ്ങളും ഇടപെടലുകളും നമ്മുടെ നിയമസഭാ വെബ് സൈറ്റിൽ വരേണ്ടത് അനിവാര്യമാണെന്നും കത്ത് വ്യക്തമാക്കുന്നു.
1921 മുതൽ 1956 വരെയുള്ള കാലയളവിൽ അന്നത്തെ മലബാർ പ്രദേശത്തുനിന്നും മദിരാശി അസംബ്ലിയിൽ അംഗമായവരിൽ മുഹമ്മദ് അബ്ദുറഹ്‌മാൻ, ഇഎംഎസ്, എവി കുട്ടിമാളു അമ്മ, എംപി ഗോവിന്ദമേനോൻ, അഡ്വ ബി പോക്കർ, വിആർ കൃഷ്‌ണയ്യർ തുടങ്ങി നിരവധി മഹാരഥൻമാരുണ്ടായിരുന്നു എന്ന് മുഖ്യമന്ത്രിക്ക് നൽകിയ കത്തിൽ നൗഷാദ് അലി ചൂണ്ടിക്കാണിച്ചിട്ടുണ്ട്. ഇവരിൽ ചിലർ പൊതുരംഗത്തത്തോ നേതൃനിരയിൽ വരാതെ പോയവരാണ്. ഇവരുടെയെല്ലാം പ്രസംഗങ്ങളും മറ്റ് ഇടപെടലുകളും ഡിജറ്റലൈസ് ചെയ്ത് നമ്മുടെ നിയമസഭയുടെ വെബ് സൈറ്റിൽ ഉൾപ്പെടുത്തുന്നതിനാവശമായ നടപടികൾ സത്വരമായി കൈക്കൊള്ളണമെന്നും കത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്.
നിയമസഭാ വെബ്സൈറ്റിലെ നിലവിലെ വിജ്ഞാന നിധി പൂർണ്ണമാകണമെങ്കിൽ ഇത് കൂടിയേ തീരൂ എന്ന കാര്യത്തിൽ ആർക്കും മറിച്ചൊരഭിപ്രായം ഉണ്ടാകാനിടയില്ലെന്നും നൗഷാദ് അലി ചൂണ്ടിക്കാണിച്ചിട്ടുണ്ട്. തമിഴ്നാട് നിയമസഭ ഇത്തരം ഉദ്യമങ്ങൾ നടപ്പിൽ വരുത്താനുള്ള ശ്രമത്തിലാണെന്ന് പത്രവാർത്തകൾ ഉണ്ട്. തമിഴ്നാട് നിയമസഭാ സ്പീക്കറുമായും സർക്കാരുമായും ബന്ധപ്പെട്ട് 1921-1956 കാലത്ത് മലബാറിനെ പ്രതിനിധീകരിച്ച അംഗങ്ങളുടെ പ്രസംഗങ്ങളും മറ്റ് ഇടപെടലുകളും ഡിജിറ്റൽ രൂപത്തിലാക്കി നമ്മുടെ നിയമസഭയുടെ വെബ്സൈറ്റിൽ ഉൾപ്പെടുത്താനുള്ള നടപടികൾ ഉണ്ടാകണമെന്നും കെ പി നൗഷാദ് അലി മുഖ്യമന്ത്രിയോട് അഭ്യർത്ഥിച്ചിട്ടുണ്ട്.
Content Highlights: KP Noushad Ali MLA has called for legislative interventions made by representatives from Malabar between 1921 and 1956 to be included in the Kerala Legislative Assembly's digital archives, preserving the region's political and legislative history.